പനി ചികില്‍സയ്‌ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍കോളേജ്

By Web DeskFirst Published Jun 15, 2017, 1:28 PM IST
Highlights

തിരുവനന്തപുരം: ഡെങ്കി ഉള്‍പ്പടെയുള്ള മാരകമായ പകര്‍ച്ച പനികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മികച്ച ചികില്‍സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ആധുനിക സൗകര്യങ്ങളൊരുക്കി. തെക്കന്‍ കേരളത്തിലെ പനിബാധിതരില്‍ ഗുരുതരാവസ്ഥയിലെത്തുന്നവര്‍ക്ക് മികച്ച ചികില്‍സ നല്‍കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക വാര്‍ഡ് തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. വാര്‍ഡ് 22ല്‍ പ്രത്യേക സജ്ജീകരണമൊരുക്കിയാണ് പനി വാര്‍ഡാക്കി മാറ്റിയത്. ഈ സീസണില്‍ കേരളത്തിലാദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പനി വാര്‍ഡ് തുടങ്ങിയത്. പനിബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം പ്രകാരമാണ് പനി ക്ലിനിക്കും പനിവാര്‍ഡും തുടങ്ങിയത്. വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചു കൂട്ടി അവശ്യം വേണ്ട ശുചീകരണ, ലാബ്, ഫാര്‍മസി ജീവനക്കാരെ വിന്യസിച്ചാണ് പനിക്കായി പ്രത്യേക വാര്‍ഡ് തുറന്നത്.

ഏതാണ്ട് നാല്‍പ്പതോളം പനി ബാധിതരേയാണ് ഇവിടെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. പനിക്കായുള്ള ഈ പ്രത്യേക വാര്‍ഡില്‍ ഒരു രോഗിയേയും തറയില്‍ കിടത്തിയിട്ടില്ല. ഓരോ കിടക്കകളും മരുന്ന് ആലേപനം ചെയ്ത കൊതുകു വലകളുപയോഗിച്ചാണ് സംരക്ഷിക്കുന്നത്. കൊതുകുകളെ തുരത്താനായി ഫോഗിംഗ് ഉള്‍പ്പെടെയുള്ള മറ്റ് മാര്‍ഗങ്ങളും അവലംബിക്കുന്നുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യഥാസമയം ചെയ്ത് വാര്‍ഡും അനുബന്ധ ടോയ്‌ലെറ്റും വൃത്തിയും വെടുപ്പുമുള്ളതാക്കുന്നു. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകര്‍ച്ചപ്പനി പകരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളുമെടുത്തിട്ടുണ്ട്. ഗുരുതരമായി പനി ബാധിച്ചവരെ ചികിത്സിക്കാനായി ഫീവര്‍ ഐ.സി.യു.വും പ്രവര്‍ത്തിക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനവും മഴക്കാല രോഗങ്ങളുടെ മൂര്‍ദ്ധന്യാവസ്ഥയും കാരണം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. രോഗികളുടെ ഈ ബാഹുല്യം കാരണം എല്ലാവരേയും പനി വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കില്ല. ചില പനി ബാധിതരെ സാധാരണ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നു. പനി വാര്‍ഡില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് അവരേയും അവിടേക്ക് മാറ്റുന്നു. പകര്‍ച്ചപ്പനിയെന്ന് സ്ഥിരീകരിച്ചവരെ ഈ പ്രത്യേക വാര്‍ഡില്‍ മാത്രമേ കിടത്താറുള്ളു.

മഴക്കാല രോഗങ്ങളെ മുന്നില്‍ കണ്ട് പരിസര ശുചീകരണത്തിന് പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ കോളേജില്‍ മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുറയ്ക്ക് നടത്തുന്നുണ്ടെങ്കിലും രോഗികളുടേയും കൂട്ടിരുപ്പുകാരുടേയും ബാഹുല്യവും അശ്രദ്ധയും കാരണം പരിസരം ഇടയ്ക്ക് മലിനമാകുന്നു. ആശുപത്രിയിലെ പുറത്തേയ്ക്ക് മലിനജലം പോകുന്ന ഓടയിലും മറ്റും പഴകിയ തുണി, പ്ലാസ്റ്റിക്ക് കുപ്പികള്‍, ബാക്കിവരുന്ന പൊതിച്ചോറ് എന്നിവ വലിച്ചെറിയുന്ന പ്രവണതയും കൂടുതലാണ്. രോഗികളും കൂട്ടിരുപ്പുകാരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തുടക്ക സമയത്ത് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രോഗം പകരുന്നതായി കാണുകയും അത് തടയുന്നതിനാവശ്യമായ മുന്‍കരുതലുകളെടുക്കുകയും ചെയ്തു.

സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പറേഷനുമായി ചേര്‍ന്ന് മൂട്ട, എലി, കൊതുക് എന്നിവയെ നശിപ്പിക്കാനുള്ള, മനുഷ്യന് ദോഷമില്ലാത്ത ജൈവിക മാര്‍ഗങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. മൂന്നാല് ദിവസത്തിനുള്ളില്‍ ആശുപത്രിക്കുള്ളിലെ എലി ശല്യം പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയും. പതിനായിരക്കണക്കിന് പാവങ്ങളുടെ ആശ്രയ കേന്ദ്രമായ മെഡിക്കല്‍ കോളേജിലെ ചില ഭാഗങ്ങള്‍ മാത്രം ചിത്രീകരിച്ച് മോശമായ അവസ്ഥയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തില്‍ നിന്നും ആളുകള്‍ പിന്‍മാറണമെന്ന് സൂപ്രണ്ട് അറിയിച്ചു. അല്‍പം റിസ്‌കുണ്ടെങ്കില്‍ ചികിത്സ നല്‍കാതെ മറ്റുള്ള ആശുപത്രികളില്‍ നിന്നും നേരെ അവരെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഉള്ള സ്റ്റാഫിനെ കൊണ്ട് എല്ലാവര്‍ക്കും പരമാവധി ചികിത്സ നല്‍കുകയാണ് മെഡിക്കല്‍ കോളേജിന്റെ ലക്ഷ്യം. അതിനായി എല്ലാവരുടേയും സഹകരണവും സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചു.

പനി നിയന്ത്രണത്തിനും ശുചീകരണ പ്രവര്‍ത്തനത്തിനുമായി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം

ക്രമാതീതമായി വര്‍ധിച്ചു വരുന്ന പനി നിയന്ത്രണത്തിനും ശുചീകരണ പ്രവര്‍ത്തനത്തിനുമായി മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഉടന്‍ തുടങ്ങാന്‍ തീരുമാനമായി. പനി നിയന്ത്രണത്തിനും ആശുപത്രിയും പരിസരവും കൂടുതല്‍ വൃത്തിയാക്കാനുമായി സൂപ്രണ്ട് ഓഫീസില്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടന്ന അടിയന്തിര യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഒ പി ബ്ലോക്കില്‍ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഈ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. രാവിലെ ഏഴു മണി മുതല്‍ രാത്രി ഏഴു മണിവരെ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. ബാക്കി സമയം ഫോണ്‍ നമ്പര്‍ വഴി ബന്ധപ്പെടാവുന്നതാണ്. ഇതോടൊപ്പം മാലിന്യ നിര്‍മാര്‍ജനം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി പീഡ് സെല്ലിന്റെ നേതൃത്വത്തില്‍ ഒരു മോണിറ്ററിംഗ് സെല്ലും രൂപീകരിക്കും.

ആശുപത്രിക്ക് ചുറ്റുപാടുമുള്ള ഓടകള്‍ വൃത്തിയാക്കുന്നതിനും തടസങ്ങള്‍ നീക്കം ചെയ്യുന്നതിനുമായി രണ്ട് പുരുഷ ജീവനക്കാരെ ഉടന്‍ നിയമിക്കും. അടിയന്തിരമായി നഴ്‌സിംഗ് അസിസ്റ്റന്റിന്റെ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ സ്വീകരിക്കും. ക്ലിപ് ലാബിലേക്കും ബ്ലഡ് ബാങ്കിലേക്കും കുറവുള്ള ജീവനക്കാരെ എടുക്കാനുള്ള തീരുമാനം ആശുപത്രി വികസന സമിതിക്ക് വിട്ടു. ആശുപത്രി പരിസരത്ത് വിവിധ സംഘടനകള്‍ വിതരണം ചെയ്യുന്ന പൊതിച്ചോറില്‍ നിന്നുണ്ടാകുന്ന ആഹാരാവശിഷ്ടങ്ങള്‍, ഇല, പേപ്പര്‍, രോഗികളും കൂട്ടിരുപ്പുകാരും ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ എന്നിവയാണ് ആശുപത്രിയില്‍ ഇത്രയേറെ മാലിന്യങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ആശുപത്രി പരിസരത്ത് നിന്നും ശേഖരിക്കുന്ന ഇത്തരം മാലിന്യങ്ങള്‍ കവറുകളില്‍ ശേഖരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ പെട്ടി ഓട്ടോയില്‍ കൊണ്ട് പോയി സംസ്‌കരിക്കുകയായിരുന്നു പതിവ്. എന്നാല്‍ ആശുപത്രി മാലിന്യങ്ങള്‍ വര്‍ധിച്ച സാഹചര്യം പരിഗണിച്ച് ഈ മാലിന്യ ശേഖരണം ഒരു മാസത്തേക്ക് ദിവസേനയാക്കും.

എസ്.എ.ടി. ആശുപത്രി പരിസരത്തുള്ള ഇന്‍സിനറേറ്റര്‍ (മാലിന്യ സംസ്‌കരണ യന്ത്രം) വഴിയാണ് ചെറിയ പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെയുള്ള സാധാരണ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നത്. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, റബ്ബര്‍ നിര്‍മ്മിത വസ്തുക്കള്‍ എന്നിവ ഐ.എം.എ.യുടെ കീഴിലുള്ള ഇമേജിന്റെ പാലക്കാട്ടുള്ള പ്ലാന്റില്‍ ദിവസേന കൊണ്ടുപോയാണ് സംസ്‌കരിക്കുന്നത്. അടുത്തിടെ ഇന്‍സിനറേറ്ററിന് ചെറിയ കേടുപാട് സംഭവിച്ചിരുന്നു. ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നതുവരെ പകരം സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായി.

click me!