തലസ്ഥാനത്ത് വീണ്ടും ലഹരി വേട്ട; 10 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

By Web TeamFirst Published Nov 7, 2018, 8:36 PM IST
Highlights

തിരുവനന്തപുരത്ത് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. 10 കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികള്‍ പിടിയിലായി. വിദേശത്തേക്ക് കടത്താനെത്തിച്ചതായിരുന്നു ഹാഷിഷ് ഓയില്‍. ഇടുക്കി രാജക്കാട് സ്വദേശികളായ സണ്ണി, സൈബു തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. 10 കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികള്‍ പിടിയിലായി. വിദേശത്തേക്ക് കടത്താനെത്തിച്ചതായിരുന്നു ഹാഷിഷ് ഓയില്‍. ഇടുക്കി രാജക്കാട് സ്വദേശികളായ സണ്ണി, സൈബു തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്.

തിരുവനന്തപുരം വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങിയ വാഹനം കവടിയാറില്‍ വച്ച് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അന്താരാഷ്‌ട്ര വിപണിയില്‍ 20 കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലാണ് കസ്റ്റഡിയിലെടുത്തത്.പ്രതി സണ്ണി കൊലപാതകക്കേസില്‍ പ്രതിയാണ്.ഇടുക്കിയിലാണ് ഹാഷിഷ് ഓയിലുണ്ടാക്കാനുള്ള കഞ്ചാവ് കൃഷി ചെയ്തത്.

തലസ്ഥാനത്ത് സിറ്റി പൊലീസിന്‍റെ നേതൃത്വത്തില്‍ മാത്രം ഈ വര്‍ഷം 30 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്.കേസുകളിലധികവും പിടിയിലായത് ഇടുക്കി സ്വദേശികളും.സെപ്റ്റംബര്‍ രണ്ടിന് ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് ഇടുക്കി സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയും പിടിയിലായി.

ഒക്ടോബര്‍ 26ന് രണ്ട് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് ഇടുക്കി സ്വദേശികളെയും എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു.ഇടുക്കിക്ക് പുറമെ ആന്ധ്രയില്‍ നിന്നും തലസ്ഥാനത്ത് ഹാഷിഷ് ഓയില്‍ എത്തുന്നുണ്ട്.മാലി സ്വദേശികളാണ് ലഹരിയുടെ വിദേശവ്യാപാര കണ്ണികളെന്ന് അന്വേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

click me!