വിജയ് മല്യ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതിന് ചര്‍ച്ചകള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്

By Web deskFirst Published Jul 25, 2018, 6:52 AM IST
Highlights
  • എന്‍ഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്

ലണ്ടന്‍: വായ്പയെടുത്തു തിരിച്ചടക്കാതെ വിദേശത്തേക്കു കടന്ന വ്യവസായി വിജയ് മല്യ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതിനുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാരമായി നടത്തിയെന്ന് റിപ്പോര്‍ട്ട്. സ്വയമേ രാജ്യത്തേക്ക് മടങ്ങി വരാനുള്ള സന്നദ്ധതയും ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാമെന്നുമാണ് മല്യ അറിയിച്ചത്. ലണ്ടനില്‍ മല്യയെ ഇന്ത്യക്ക് കെെമാറുന്നത് സംബന്ധിച്ചുള്ള കേസിലെ വിചാരണ അവസാന ഘട്ടത്തിലാണ്.

കിംഗ്ഫിഷര്‍ എയര്‍ലെെന്‍സിന് വേണ്ടി കടമെടുത്ത പതിനായിരം കോടി രൂപ തട്ടിയെന്ന കേസില്‍ ഉടന്‍ വിധി വരുമെന്നാണ് കരുതപ്പെടുന്നത്. വിധി എതിരാണെങ്കില്‍ വിചാരണ തടവുകാരനായി മല്യക്ക്  ഇന്ത്യയിലെ ജയിലില്‍ കഴിയേണ്ടി വരും. ഈ സാഹചര്യം മനസിലാക്കി മല്യ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ ഡയറക്ടറേറ്റ് മല്യക്ക് ഉറപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ലന്നാണ് വിവരം. തിരിച്ചെത്തിയില്ലെങ്കിലും മല്യക്ക് ജയിലില്‍ ഏറെ നാള്‍ കഴിയേണ്ടി വരില്ല. കോടതിയില്‍ അദ്ദേഹത്തിന് കേസുമായി മുന്നോട്ട് പോകാന്‍ സാധിക്കും. രണ്ടോ മൂന്നോ ദിവസത്തിന് ശേഷം ജാമ്യവും ലഭിക്കും. അദ്ദേഹം സ്വയം സന്നദ്ധനായി തിരിച്ചെത്തിയാല്‍ യാത്രാരേഖകള്‍ നല്‍കാന്‍ സാധിക്കുമെന്നും ബ്രിട്ടനിലെ കേസ് അവസാനിക്കുമെന്നും  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ഇന്ത്യയില്‍ എത്തിയാല്‍ മല്യയുടെ അറസ്റ്റ് ഉറപ്പാണ്. അദ്ദേഹത്തിനെതിരെയുള്ള ക്രമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കപ്പെടുകയുമില്ല. തട്ടിപ്പ് കാണിച്ചതാണോ ബിസിനസ് തകര്‍ന്നതാണോയെന്ന് കോടതി വിചാരണയ്ക്ക് ശേഷം തീരുമാനിക്കപ്പെടും. സിബിഐ ആണ് ബ്രിട്ടണില്‍ മല്യയെ തിരിച്ചയ്ക്കണമെന്നുള്ള കേസ് നല്‍കിയിരിക്കുന്നത്.

പക്ഷേ, തിരിച്ചു വരാനുള്ള സന്നദ്ധത മല്യ അറ്യിച്ചിരിക്കുന്നത് എന്‍ഫോഴ്സ്മെന്‍റിനെയാണ്. തനിക്ക് 12,400 കോടിയുടെ ആസ്തികളുണ്ടെന്നും അത് ഉപയോഗിച്ച് ബാങ്ക് വായ്പകള്‍ ഉള്‍പ്പെടെ എല്ലാ ബാധ്യതകളും തീര്‍ക്കാന്‍ കഴിയുമെന്നും വിജയ് മല്യയുടെ അഭിഭാഷകന്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

click me!