ബ്ലൂവെയിലിന് ശേഷം ജീവനെടുക്കാന്‍ പുതിയ ഗെയിമോ? ദുരൂഹതകളില്‍ മുങ്ങി വയനാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണം...

By Web TeamFirst Published Nov 3, 2018, 6:04 PM IST
Highlights

ആദ്യം മരണത്തിലേക്ക് സ്വയം നടന്നുകയറിയത് കമ്പളക്കാട് സ്വദേശിയായ പതിനേഴുകാരനായിരുന്നു. ഒരു മാസം മുമ്പാണ് സംഭവം. മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ആത്മഹത്യ

വയനാട്: സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അവര്‍ പങ്കുവച്ചുകൊണ്ടിരുന്നത് മരണത്തോടുള്ള 'പ്രണയ'മായിരുന്നു. ഇരുവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഒരേ നാട്ടില്‍ സുഹൃത്തുക്കളായി ജിവിച്ചവര്‍. 

ആദ്യം മരണത്തിലേക്ക് സ്വയം നടന്നുകയറിയത് കമ്പളക്കാട് സ്വദേശിയായ പതിനേഴുകാരനായിരുന്നു. ഒരു മാസം മുമ്പാണ് സംഭവം. മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ആത്മഹത്യ. വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് കൗമാരക്കാരനെ കണ്ടെത്തിയത്. പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നിട്ടും മകന്‍ എന്തിനിത് ചെയ്തുവെന്ന് മാതാപിതാക്കള്‍ പോലും ചിന്തിച്ചു. എന്നാല്‍ ഈ മരണം കൂടുതല്‍ അന്വേഷണങ്ങളിലേക്കൊന്നും അന്ന് വഴി തുറന്നില്ല.

ഒരു മാസത്തിനിപ്പുറം വീണ്ടും കമ്പളക്കാട് ഒരാത്മഹത്യ കൂടി നടന്നിരിക്കുന്നു. അതും നേരത്തെ മരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്ത്. ഇരുവരുടെയും മരണത്തില്‍ സമാനതകളേറെ. വീടിനകത്ത് വച്ച് തന്നെയാണ് ഇയാളും തൂങ്ങിമരിച്ചത്. മരണത്തിന് മുമ്പ് തന്റെ സുഹൃത്തിനെ പോലെ തന്നെ മരണത്തിലേക്ക് നടന്നുനീങ്ങുകയാണെന്ന സൂചനകള്‍ പരസ്യമായും രഹസ്യമായും പ്രിയപ്പെട്ടവരോട് സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചിരുന്നു. 

സമാനരീതിയില്‍ ഒരേ പ്രായക്കാരായ രണ്ട് സുഹൃത്തുക്കളുടെ മരണം നടന്നതോടെയാണ് സംഭവം കൂടുതല്‍ ദുരൂഹതകള്‍ നിറഞ്ഞതാണെന്ന് ബന്ധുക്കളും നാട്ടുകാരും തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ഇരുവരുടെയും മരണത്തില്‍ അന്വേഷണമാരംഭിച്ചിരിക്കുകയാണ് പൊലീസ്. അന്വേഷണം വേണമെന്ന് തന്നെയാണ് ബന്ധുക്കളും ആവശ്യപ്പെടുന്നത്. ഏതെങ്കിലും ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായാണോ ഇവര്‍ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതുവരെയും ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിക്കുന്നുണ്ട്. അതേസമയം മരിച്ച വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെട്ടിരുന്ന ഗ്രൂപ്പുകളും പേജുകളുമെല്ലാം സംശയം ജനിപ്പിക്കുന്നതാണെന്നാണ് ആരോപണം. 

മരണത്തെ കുറിച്ചുള്ള പോസ്റ്റുകള്‍. നിരാശയും വിഷാദവും ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍, സംഗീതം... ഇവയൊക്കെയാണ് ഇരുവരുടെയും മരണത്തെ ദുരൂഹമാക്കുന്നത്. കമ്പളക്കാട് പ്രദേശത്തുള്ള കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അടിയന്തരമായി കൗണ്‍സിലിംഗ് നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബ്ലൂവെയില്‍ ഗെയിമിന് ശേഷം വീണ്ടും ജീവനെടുക്കാന്‍ ഏതെങ്കിലും പുതിയ 'കാലന്‍' ഗെയിമുകള്‍ ഇറങ്ങിയിട്ടുണ്ടോയെന്ന സംശയമാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.
 

click me!