കച്ചവടക്കാരനോ അതോ രാഷ്ട്രീയക്കാരനോ ? യഥാര്‍ഥത്തില്‍ ആരാണ് ട്രംപ് ?

By Web DeskFirst Published Nov 9, 2016, 10:43 AM IST
Highlights

വാഷിംഗ്ടണ്‍: തീർത്തും അപ്രതീക്ഷിതമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ കോടീശ്വരനാണ് ഡോൺൾഡ് ജെ ട്രംപ്. റിപബ്ലിക്കൻ പാർട്ടി നേതൃത്വത്തെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് ഡോൺൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവുന്നതിന് മുമ്പെ അമേരിക്കയിലെ പ്രശസ്തമായ മുഖങ്ങളിലൊന്നാണ് ട്രംപ്. ഉയര്‍ച്ചകളും താഴ്ചകളും കൊണ്ട് നിറഞ്ഞ ജീവിതം. ഡോണാള്‍ഡ് ട്രംപ് എന്ന കോടീശ്വരന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോയി അവതാരകനായിട്ടുണ്ട്. ബെസ്റ്റ് സെല്ലറായ രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഒന്ന് വിജയകഥ മറ്റൊന്ന് പരാജയത്തിന്റെ കഥ. റിയല്‍ എസ്റ്റേറ്റ് മുതല്‍ കുപ്പിവെള്ളം വരെ വില്‍ക്കുന്ന വ്യവസായ ശൃംഖലയുമുണ്ട് ഡോണാള്‍ഡ് ട്രംപിന്.

ന്യൂയോര്‍ക്കിലെ കമഡോര്‍ ഹോട്ടല്‍ ഏറ്റെടുത്ത് ഗ്രാന്‍ഡ് ഹയാത്ത് ആക്കിയപ്പോള്‍ തുടങ്ങിയതാണ് ട്രംപിന്റെ വിജയഗാഥ. പക്ഷെ മാര്‍ല മേപ്പിള്‍സുമായ ബന്ധത്തെത്തുടര്‍ന്ന് ഭാര്യ ഐവാന വഴിപിരിഞ്ഞപ്പോള്‍ ട്രംപിന്റെ വലിയൊരുഭാഗം സമ്പത്ത് ഐവാന കൊണ്ടുപോയി. മാര്‍ല രണ്ടാം ഭാര്യയായെങ്കിലും  അതും അധികകാലം നീണ്ടില്ല. സാമ്പത്തിക പ്രതിസന്ധിയും ട്രംപിനെ അക്കാലത്ത് അലട്ടി.  പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. റിഫോം പാര്‍ട്ടിയിലൂടെയായിരുന്നു അരങ്ങേറ്റം. പക്ഷെ പിന്നീട് ആ പാര്‍ട്ടി വിട്ടു. റിഫോം പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ ഉയര്‍ത്തിവിട്ടതാണ് ഒബാമയുടെ ജനന വിവാദം.

പ്രസിഡന്റ് ബറാക് ഒബാമ ജനിച്ചത് കെനിയയിലാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ എത്തിയശേഷവും അത് തുടര്‍ന്നു. പിന്നീട് പിന്‍വലിച്ചു. 2015ലാണ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാന്‍ മത്സരരംഗത്തിറങ്ങിയത്. അതിനിടെ മെലനിയെ വിവാഹം കഴിച്ചിരുന്നു. മൂന്ന് വിവാഹങ്ങളിലായി അഞ്ച് കുട്ടികള്‍. 'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെന്‍' എന്ന റോണാള്‍ഡ് റീഗന്റെ വാക്കുകള്‍ കടമെടുത്ത് ട്രംപ് പ്രചാരണ രംഗത്തിറങ്ങി.

വിവാദങ്ങളുടെ പെരുമഴ പെയ്ത്തായിരുന്നു പിന്നീട് അമേരിക്ക കണ്ടത്. മുസ്ലീങ്ങളെ നിരോധിക്കണം, കുടിയേറ്റക്കാരെ പുറത്താക്കണം, മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടണം, ഇങ്ങനെ പോയി ട്രംപിന്റെ പ്രസ്താവനകള്‍. ആഗോളസാമ്പത്തിക പ്രസിന്ധി ചീന്തിയെറിഞ്ഞ അമേരിക്കയിലെ വ്യവസായ നഗരങ്ങളില്‍ പക്ഷെ ട്രംപിന് പിന്തുണയുണ്ടായി. രാഷ്ട്രീയക്കാരെ മടുത്ത തൊഴിലാളികളായ വെളുത്ത വര്‍ഗക്കാര്‍ ട്രംപിനൊപ്പം നിന്നു. അപ്രതീക്ഷിതമായ പിന്തുണയായിരുന്നു അത്.

ഇസ്ലാമിക വിരുദ്ധതയും ഒരുവിഭാഗത്തെ ട്രംപിലേക്ക് ആകര്‍ഷിച്ചു. ഇന്ത്യന്‍ സമൂഹത്തെ കൈയിലെടുക്കാനും ട്രംപ് ശ്രമിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വത്തെപ്പോലും പലപ്പോഴും ട്രംപിന്റെ പ്രസ്താവനകള്‍ ആശങ്കയിലാഴ്ത്തിയിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ വിളിച്ചുവിരുത്തി. സംവാദങ്ങളില്‍ ട്രംപ്, രാഷ്ട്രീയത്തില്‍ പരിചയസമ്പന്നയായ ഹിലരിക്ക് പിന്നിലായി. തെരഞ്ഞെടുപ്പ് ഫലം തനിക്കെതിരായാല്‍ അംഗീകരിക്കില്ലെന്ന പ്രസ്താവന അവസാന സംവാദത്തിനിടെയായിരുന്നു. അമേരിക്കയുടെ ചരിത്രത്തിലാദ്യമായായിരുന്നു ഒരു സ്ഥാനാര്‍ഥി ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത്.

പക്ഷെ തെരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ അഭിപ്രായ സര്‍വെകളില്‍ ഹിലരിയും ട്രംപും തമ്മിലുള്ള വ്യത്യാസം പല സംസ്ഥാനങ്ങളിലും കുറഞ്ഞുവന്നു. ഡമോക്രാറ്റിക് ചായ്‌വ് കാണിച്ചിരുന്ന സംസ്ഥാനങ്ങള്‍ പലതും ട്രംപിന് അനുകൂലമായി ചിന്തിച്ചു. എന്നിട്ടും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുപോലും വലിയ വിജയപ്രതീക്ഷയുണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

ട്രംപിന് വോട്ടു നല്‍കില്ലെന്ന് പല റിപ്പബ്ലിക്കന്‍ നേതാക്കളും പരസ്യമായി പറയുകപോലുമുണ്ടായി. എന്നിട്ടും എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് ഡോണാള്‍ഡ് ട്രംപ് ഇപ്പോള്‍ അമേരിക്കയുടെ അമരത്തേക്ക് എത്തുന്നു. ട്രംപിന്റെ നയങ്ങളറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് മാത്രം.

click me!