വേണം നമുക്കൊരു കായിക സംസ്‌ക്കാരം

By Anuraj G RFirst Published Aug 22, 2016, 5:20 PM IST
Highlights

ഇത്തവണ മെഡല്‍നേട്ടം ഇരട്ടയക്കമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒരു മഹാരാജ്യം റിയോയിലേക്ക് വിമാനം കയറിയത്. 120 കോടിയോളം വരുന്ന ജനതയെ പ്രതിനിധീകരിച്ച് നൂറ്റിയിരുപതോളം കായികതാരങ്ങള്‍. ഇന്ത്യയുടെ എക്കാലത്തെയും വലിയ ഒളിംപിക്‌സ് സംഘം. പതിവില്‍നിന്ന് വ്യത്യസ്‌തമായി വലിയ തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും. അതുകൊണ്ടുതന്നെ ലണ്ടനിലെ ആറു മെഡല്‍ നേട്ടം ഇത്തവണ പത്തു പിന്നിടുമെന്ന ഉറച്ച പ്രതീക്ഷയില്‍ കായികഭരണകൂടവും കളിപ്രേമികളും. എന്നാല്‍ സംഭവിച്ചതോ? 120 കോടി ജനങ്ങളുടെ മാനം കാക്കാന്‍ ഒരു സിന്ധുവും സാക്ഷിയും ദിപയും മാത്രമായി... നമ്മളേക്കാള്‍ പത്തിലൊന്ന് ജനസംഖ്യ പോലുമില്ലാത്ത രാജ്യങ്ങള്‍ മെഡലുകള്‍ വാരിക്കൂട്ടുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. എവിടെയാണ് നമുക്ക് പിഴച്ചത്? എന്തുകൊണ്ടാണ് റിയോയിലെ പോഡിയത്തില്‍ നമ്മുടെ ദേശീയഗാനം ഒരിക്കല്‍പ്പോലും മുഴങ്ങാതിരുന്നത്? ഇന്ത്യന്‍ കായികരംഗം നേരിടുന്ന പ്രശ്‌നങ്ങളും അവയ്‌ക്കുള്ള പരിഹാരനിര്‍ദ്ദേശങ്ങളും - ജി ആര്‍ അനുരാജ് എഴുതുന്നു...

ക്രിക്കറ്റാണോ കുഴപ്പക്കാരന്‍?

ക്രിക്കറ്റിന്റെ അതിപ്രസരം കാരണമാണ് ഇന്ത്യ മറ്റു കായികയിനങ്ങളില്‍ തിളങ്ങാത്തതെന്ന ഒരു വാദം നിലവിലുണ്ട്. ഒരുപരിധിവരെ കായികവിദഗ്ദ്ധര്‍ ഈ വാദം ശരിവെയ്‌ക്കുന്നുണ്ട്. എന്നാല്‍ ക്രിക്കറ്റിന് നല്ല ജനപ്രീതിയുള്ള ഓസ്‌ട്രേലിയയിലും ബ്രിട്ടനിലുമൊക്കെ എന്തുകൊണ്ടാണ് മറ്റു കായികയിനങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നത്? ഹോക്കിയില്‍ ഒരുകാലത്ത് ഒന്നുമല്ലാതിരുന്ന ബ്രിട്ടനും അര്‍ജന്റീനയും ബെല്‍ജിയവും ഇന്ന് പുത്തന്‍ശക്തികളായിരിക്കുന്നു. അതുപോലെ ക്രിക്കറ്റിനെ മനസാവരിക്കുമ്പോഴും കരീബിയന്‍ നാടുകളുടെ അത്‌ലറ്റിക്‌സ് പെരുമ കാണാതിരിക്കുന്നത് എങ്ങനെ? അപ്പോള്‍ ക്രിക്കറ്റിന്റെ ജനപ്രീതി മാത്രമല്ല പ്രശ്നം? മറ്റു കായികയിനങ്ങള്‍ക്ക് നമ്മുടെ രാജ്യം എത്രത്തോളം പ്രാധാന്യം കല്‍പ്പിക്കുന്നു എന്നതും ഒരു പ്രശ്‌നമാണ്. രാജ്യത്തെ പലഭാഗങ്ങളിലും മറ്റു കായികയിനങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ഉദാഹരണത്തിന് മണിപ്പൂര്‍, മേഖാലയ, സിക്കിം എന്നിവിടങ്ങളില്‍ അമ്പെയ്‌ത്ത്, ബോക്‌സിംഗ് എന്നിവയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ബാഡ്‌മിന്റണിലുമൊക്കെ മികച്ച പ്രതിഭകളുണ്ട്. അതുപോലെ ഷൂട്ടിംഗിലും മികച്ച താരങ്ങള്‍ കടന്നുവരുന്നുണ്ട്. ഹരിയാനയിലും ദില്ലിയിലും നല്ല ഗുസ്‌തിക്കാരുമുണ്ട്. നല്ല അത്‌ലറ്റുകള്‍ കേരളത്തിലുമുണ്ട്. ഈ പ്രതിഭാസ്‌പര്‍ശങ്ങളെല്ലാം മെഡലിലേക്ക് മാറ്റിയെടുക്കാന്‍ വേണ്ട പ്രോല്‍സാഹനങ്ങളും ഒരുക്കിക്കൊടുക്കേണ്ട അധികൃതര്‍ അതു വൃത്തിയായി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണം? ചൈന, അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വരാന്‍പോകുന്ന ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുന്നത്, ഒരു ഒളിംപിക്‌സ് കഴിഞ്ഞയുടനെയാണ്. അല്ലാതെ ഇന്ത്യയെപ്പോലെ ഒരു വര്‍ഷമോ മാസങ്ങള്‍ക്കോ ശേഷമല്ല.

ഇങ്ങനെ മതിയോ കായികഭരണം?


മുകളില്‍ പറഞ്ഞുനിര്‍ത്തിയടത്തുനിന്ന് തുടരാം. തയ്യാറെടുപ്പുകള്‍ മോശമാകുന്നതിനും മതിയായ സാഹചര്യങ്ങള്‍ ഒരുക്കാതിരിക്കുന്നതിനും കാരണക്കാര്‍ തീര്‍ച്ചയായും ഇവിടുത്തെ കായികഭരണാധികാരികള്‍ തന്നെയാണ്. റിയോ ഒളിംപിക്‌സിനിടെ നമ്മുടെ കായികമന്ത്രി ചെയ്‌തുകൂട്ടിയ മണ്ടത്തരങ്ങള്‍ ബ്രസീലില്‍ വലിയ നാണക്കേടുണ്ടാക്കി. അതുപോലെ ഒ പി ജെയ്‌ഷ ഉള്‍പ്പടെയുള്ള താരങ്ങള്‍ ഉന്നയിച്ച പരാതികളും ഏറെ ഗൗരവതരമാണ്. ഇവിടെ ഓരോ കായിക അസോസിയേഷനുകളിലും രാഷ്‌ട്രീയക്കാരെയും ബിസിനസുകാരെയും തിരുകിക്കയറ്റുന്ന പതിവാണുള്ളത്. അവര്‍ക്ക് കീശവീര്‍പ്പിക്കാനുള്ള ഉപാധി മാത്രമാണ് ഇവിടുത്തെ കായികഭരണം. ഇന്ത്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസും കേരളത്തില്‍ നടന്ന ദേശീയഗെയിംസുമൊക്കെ അഴിമതിയുടെ കൂത്തരങ്ങായി മാറിയത് ഇതുകൊണ്ടാണ്.

കായികഭരണം തികച്ചും പ്രൊഫഷണലാക്കുകയെന്നതാണ് ഇതിനുള്ള പ്രതിവിധി. അതാതു കായികഭരണം, ആ മേഖലകളില്‍ കഴിവുതെളിയിച്ച മുന്‍കായികതാരങ്ങളെ ഏല്‍പ്പിക്കണം.

അവര്‍ക്ക് കൃത്യമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കണം. ഭരണം നിയന്ത്രിക്കാന്‍ മുന്‍താരങ്ങള്‍ക്കൊപ്പം ഇപ്പോഴത്തെ കളിക്കാരുടെ പ്രതിനിധികളും വേണം. ടീം സെലക്ഷനും മറ്റു പൂര്‍ണമായും സുതാര്യമാക്കണം. അര്‍ഹതയുള്ളവര്‍ക്ക് മാത്രം സെലക്ഷന്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഓസ്‌ട്രേലിയയിലും മറ്റുമൊക്കെ ഈ പ്രൊഫഷണലിസം ഏറെ വിജയകരമായി നടപ്പാക്കിയതു നമ്മുടെ മുന്നിലുണ്ട്.

പണവും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാതെ എങ്ങനെ ശരിയാകും?


നമ്മുടെ ബജറ്റില്‍ പ്രതിരോധമേഖലയ്‌ക്കായി നീക്കിവെയ്‌ക്കുന്നതിന്റെ നൂറില്‍ ഒന്ന് തുക പോലും കായികമേഖലയ്‌ക്കായി ലഭിക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമെ, കായികതാരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകൂ. മറ്റു രാജ്യങ്ങള്‍ അത്യന്താധുനിക പരിശീലനസംവിധാനങ്ങളാണ് കായികതാരങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ഇവിടെയോ? ഇവിടെ സിന്തറ്റിക് ട്രാക്കുകള്‍ വ്യാപകമായിട്ട് കുറച്ചു വര്‍ഷങ്ങള്‍ ആകുന്നതേയുള്ളു. അതുപോലെ ഒരുകാലത്ത് ഹോക്കിയിലെ രാജാക്കന്‍മാരായിരുന്നിട്ടും ഇന്ത്യയില്‍ ഇന്ന് എത്ര ആസ്‌ട്രോ ടര്‍ഫ് മൈതാനങ്ങളുണ്ട്. ഹോക്കിയില്‍ എട്ടു ഒളിംപിക്‌സ്‌ സ്വര്‍ണം നേടിയ ഒരു രാജ്യം എങ്ങനെയാണ് ഇത്രത്തോളം പിന്നാക്കം പോയതെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ ആസ്‌ട്രോ ടര്‍ഫിലുണ്ട്. മറ്റു രാജ്യങ്ങള്‍ കാലത്തിനൊത്ത് മാറിയപ്പോള്‍ ഇന്ത്യ പഴയതുപോലെ തന്നെയായി. ഇന്ത്യ ഹോക്കിയില്‍ പിന്നോട്ടുപോയത് പ്രതിഭാദാരിദ്ര്യം മൂലമല്ല, മറിച്ച് മെച്ചപ്പെട്ട സൗകര്യങ്ങളുടെ അഭാവം കാരണമാണ്. ഇതുപോലെ തന്നെയാണ് മറ്റു കായികയിനങ്ങളുടെ കാര്യവും.

നൂറ്റിയിരുപത് കോടി ജനങ്ങള്‍ക്കിടയില്‍ ഇന്ത്യയ്‌ക്ക് പത്തിലധികം മെഡല്‍ നേടിത്തരാന്‍ ശേഷിയുള്ളവരുണ്ട്. പക്ഷെ അവരെ കണ്ടെത്തി മെഡല്‍നേട്ടത്തിലേക്ക് എത്തിക്കുന്നതിനു കൃത്യമായ പരിശീലനങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടതുണ്ട്.

ഇതിന് പണം വേണം. കൂടുതല്‍ പണം കായികമേഖലയ്‌ക്കായി വകയിരുത്തണം. നിലവാരമുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് മതിയായ പണം ലഭിക്കുന്നില്ലെന്ന് ഇന്ത്യയുടെ ഏക ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പക്ഷേ നല്‍കുന്ന തുച്ഛമായ പണം പോലും, കീശയിലാക്കുന്ന കായികഭരണാധികാരികളാണെങ്കില്‍, എങ്ങനെ നമ്മുടെ താരങ്ങള്‍ ലോകനിലവാരത്തിലേക്ക് വളര്‍ന്നുവരും?

ലോകതാരങ്ങളുമായി മല്‍സരിക്കുന്നതിനുള്ള അവസരം ലഭിക്കണം


ഇന്ത്യയില്‍ വിവിധ കായികയിനങ്ങളിലായി മികച്ച താരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. പക്ഷെ മെഡല്‍ പ്രതീക്ഷയുമായി ഒളിംപിക്‌സ് വേദിയില്‍ എത്തുമ്പോള്‍ അവര്‍ പിന്നാക്കം പോകുന്നു. നമ്മുടെ മാധ്യമങ്ങള്‍ നിര്‍ഭാഗ്യം ചാര്‍ത്തിക്കൊടുക്കുന്ന ഈ പ്രകടനങ്ങള്‍ക്ക് കാരണം ശരിക്കും ഭാഗ്യമില്ലായ്‌മ തന്നെയാണോ? വലിയ വേദികളില്‍ എത്തുമ്പോഴുള്ള സമ്മര്‍ദ്ദമാണ് ഇന്ത്യയെ പിന്നോട്ടടിക്കുന്നത്. ഇത് പരിഹരിക്കണമെങ്കില്‍, ലോകോത്തര താരങ്ങള്‍ക്കൊപ്പം നിരന്തരം മല്‍സരിക്കുന്നതിനുള്ള അവസരം നമ്മുടെ കായികതാരങ്ങള്‍ക്ക് ലഭ്യമാകണം. എങ്കില്‍മാത്രമെ, കായികതാരങ്ങളുടെ നിലവാരം ഉയരുകയുള്ളു. ഷൂട്ടിംഗ്, ബാഡ്‌മിന്റണ്‍ താരങ്ങള്‍ക്ക് കൂടുതല്‍ ലോകോത്തര മല്‍സരങ്ങള്‍ക്കുള്ള അവസരം ലഭിച്ചത്, ആ രംഗത്തെ നിലവാരം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതുപോലെ മറ്റു കായികയിനങ്ങള്‍ക്കും കൂടുതല്‍ ലോകോത്തരവേദികളില്‍ അവസരമൊരുക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം.

മാധ്യമശ്രദ്ധ ക്രിക്കറ്റിന് മാത്രം പോരാ?


ക്രിക്കറ്റിന്റെ ജനപ്രീതി കുത്തനെ ഉയര്‍ന്ന തൊണ്ണൂറുകളിലാണ് ഇവിടെ ബോളിവുഡ്-ടിവി സംപ്രേക്ഷണ ബന്ധം ആ കായികയിനത്തെ പണക്കൊഴുപ്പിന്റെ മേളയാക്കി മാറ്റിയത്. കൃത്യമായി പറഞ്ഞാല്‍ 1996 ലോകകപ്പിലാണ് ക്രിക്കറ്റിന്റെ ജനപ്രീതി മുതലെടുത്ത് ടിവി സംപ്രേക്ഷണത്തിലെ കോടികളുടെ പരസ്യവരുമാനം പണക്കിലുക്കമായി മാറിയത്. അതുകൊണ്ടുതന്നെ മാധ്യമങ്ങളിലെ കായികപേജും വിഭാഗവും ഭൂരിഭാഗവും ക്രിക്കറ്റ് കൈയടക്കി. ഐപിഎല്‍ എന്ന കാര്‍ണവലൊക്കെ വന്നതോടെ ബിസിസിഐ പണം വാരിയതുപോലെ മാധ്യമങ്ങള്‍ക്കും വലിയ ചാകരയാണ് ലഭിച്ചത്. ലോകത്ത് ക്രിക്കറ്റും ഒരു പരിധിവരെ ഫുട്ബോളുമല്ലാതെ മറ്റു കായികയിനങ്ങള്‍ ഉണ്ടോയെന്ന് പോലുമറിയാത്ത ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ട്. ഇപ്പോഴും സ്ഥിതി വിഭിന്നമല്ല. ഒരു ഒളിംപിക്‌സ് വരുമ്പോള്‍ മാത്രമാണ് പി വി സിന്ധുവിനും അഭിനവ് ബിന്ദ്രയ്‌ക്കും മാധ്യമങ്ങളില്‍ പ്രാധാന്യം ലഭിക്കുക.

അല്ലാത്തപ്പോഴെല്ലാം വിരാട് കൊഹ്‌ലിയും എം എസ് ധോണിയും അവരുടെ പ്രണയ-കുടുംബജീവിതവുമൊക്കെയായിരിക്കും മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്ത. ഈ സ്ഥിതിവിശേഷം മാറണം. എല്ലാത്തരം കായികയിനങ്ങള്‍ക്ക് നല്ല പിന്തുണ നല്‍കാനും, വലിയ പ്രാധാന്യം നല്‍കാനും മാധ്യമങ്ങള്‍ തയ്യാറാകണം. എങ്കില്‍ മാത്രമെ, നമ്മുടെ രാജ്യത്തെ പകുതിയിലധികം പേര്‍ക്കും ക്രിക്കറ്റ് മാത്രമല്ല, സ്‌പോര്‍ട്സ് എന്ന ധാരണ ഉണ്ടാകുകയുള്ളു...

വേണം നമുക്കൊരു കായിക സംസ്‌ക്കാരം


കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങുന്നതിന് മുമ്പ് എം വിജയകുമാര്‍ കായികമന്ത്രിയും ടി പി ദാസന്‍ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ആയിരിക്കുമ്പോള്‍ കായികപാഠ്യപദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. അതായത്, സ്‌പോര്‍ട്സ് കണക്ക്, ശാസ്‌ത്രം ഭാഷാ എന്നിവ പോലെ ഒരു പാഠ്യവിഷയമായി കരിക്കുലത്തില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതിയായിരുന്നു. എന്തുകൊണ്ടോ അത് യാഥാര്‍ത്ഥ്യമായില്ല. ഇന്ത്യയ്‌ക്കു വേണ്ടത്, അത്തരമൊരു കായിക സംസ്‌ക്കാരമാണ്.

ഒന്നാം ക്ലാസ് മുതല്‍ക്കേ കായികപാഠങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്ഥിതിവിശേഷമുണ്ടാകണം. ആഴ്‌ചയിലോ ദിവസത്തിലോ ഉള്ള ഒരു ഡ്രില്‍ പീരിഡ് സംവിധാനം മാറണം. കായികപാഠങ്ങളും, പ്രാക്‌ടിക്കലും, പരീക്ഷയും, സെലക്ഷനും സ്‌കൂള്‍ ടീം രൂപീകരണവുമൊക്കെ ഇതിന്റെ ഭാഗമാക്കണം. ഇത്തരമൊരു കായികപാഠ്യപദ്ധതി കേവലമൊരു സംസ്ഥാനത്തില്‍ മാത്രമല്ല, രാജ്യത്താകമാനം ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ ബന്ധപ്പെട്ട കായികഭരണകൂടവും കേന്ദ്രസര്‍ക്കാരും ശ്രമിക്കണം.

ജിവി രാജ സ്‌കൂള്‍, സായി എന്നിവയില്‍ മാത്രം ഒതുക്കാതെ എല്ലാ സ്‌കൂളുകളിലും സ്‌പോര്‍ട്സ് പാഠ്യവിഷയമായാല്‍, നമുക്കൊരു കായിക സംസ്‌ക്കാരം വളര്‍ത്തിയെക്കാനാകും. നമ്മുടെ കായികമേഖലയിലേക്ക് നിരവധി പ്രതിഭകള്‍ കടന്നുവരുന്നതിന് ഇത് വഴിയൊരുക്കും. കൂടാതെ സ്‌പോര്‍ട്‌സിനോട് കൂടുതല്‍ പേരില്‍ താല്‍പര്യം വളര്‍ത്തിയെടുക്കാനും ഇത് സഹായിക്കും. നമ്മടുടെ കായികരംഗം രക്ഷപ്പെടണമെങ്കില്‍ തൊലിപ്പുറത്തെ ചികില്‍സ മാത്രം മതിയാകില്ല, മറിച്ച് ആഴത്തിലുള്ള പരിശോധനയും മെച്ചപ്പെട്ട പരിഹാരമാര്‍ഗങ്ങളും അനിവാര്യമായിരിക്കുന്നുവെന്ന തിരിച്ചറിവാണ് റിയോ നമുക്ക് മുന്നില്‍ വെക്കുന്നത്...

click me!