വാര്‍ത്തകളിലാകെ ചാരക്കേസ് നിറഞ്ഞ ദിവസമായിട്ടും ആ മരണം ഒറ്റക്കോളം ചരമ വാര്‍ത്തയായത് എങ്ങനെ?

By Rasheed KPFirst Published Sep 18, 2018, 4:28 PM IST
Highlights

ചാരക്കേസുമായി ബന്ധമുള്ളവരിലേറെയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെ ആരുമറിയാതെ സംഭവിച്ച ഈ മരണം എന്നാല്‍, പിറ്റേന്ന് ചില മാധ്യമങ്ങളിലെങ്കിലും വാര്‍ത്തയായി. ചാരക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കിയ ആ പത്രങ്ങളുടെ ചരമ പേജില്‍, എന്നാല്‍, അത് വെറുമൊരു ഒറ്റക്കോളം ചരമവാര്‍ത്തയായിരുന്നു. 

തിരുവനന്തപുരം: രാജ്യത്തെ പിടിച്ചു കുലുക്കിയ ഐ എസ് ആര്‍ ഒ ചാരക്കേസില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചപ്പോള്‍ മാധ്യമലോകം പഴയ ചാരക്കഥകള്‍ തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു. ഇപ്പോഴും പുകമറ മാറാത്ത ഒരു കേസിന്റെ പേരില്‍ കുറച്ചു മനുഷ്യര്‍ ജീവിതം കൊണ്ട് അനുഭവിച്ച നരകയാതനകള്‍ക്ക് വിരാമമിടുകയായിരുന്നു, നമ്പി നാരായണന് അനുകൂലമായ വിധിയിലൂടെ കോടതി. ആ കേസിന്റെ പേരില്‍ ഇരകളാക്കപ്പെട്ട മനുഷ്യരിലേക്ക് വീണ്ടും ചര്‍ച്ചകള്‍ നീണ്ടു. കേസിലെ പ്രതികള്‍. അന്വേഷണ ഉദ്യോഗസ്ഥര്‍. വിവാദവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കള്‍. അന്ന് ആ വിവാദം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍. 

അവരെല്ലാം, വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍, ആ ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട്, ജീവിതം തകര്‍ന്നുപോയൊരു മനുഷ്യന്‍ ബംഗളുരുവിലെ ഒരാശുപത്രിയില്‍ മരണവുമായി പൊരുതുകയായിരുന്നു. ചന്ദ്രശേഖര്‍. അന്നത്തെ വാര്‍ത്തകള്‍ 'വിവാദ വ്യവസായി' എന്ന് വിശേഷിപ്പിച്ച മലയാളി. തന്റെ ജീവിതത്തെ മാറ്റിമറിച്ച കേസില്‍ നിര്‍ണായകമായ കോടതി വിധി വന്നത് അറിയാതെ, അതിനു തൊട്ടടുത്ത ദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. 45 ദിവസമായി ചന്ദ്രശേഖര്‍ ആശുപത്രിയിലായിരുന്നു. അവസാന നാലു ദിവസങ്ങള്‍ കോമയിലും. 

ചാരക്കേസുമായി ബന്ധമുള്ളവരിലേറെയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെ ആരുമറിയാതെ സംഭവിച്ച ഈ മരണം എന്നാല്‍, പിറ്റേന്ന് ചില മാധ്യമങ്ങളിലെങ്കിലും വാര്‍ത്തയായി. ചാരക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കിയ ആ പത്രങ്ങളുടെ ചരമ പേജില്‍, എന്നാല്‍, അത് വെറുമൊരു ഒറ്റക്കോളം ചരമവാര്‍ത്തയായിരുന്നു. 

ഇതാ ആ വാര്‍ത്തകള്‍. 

45 ദിവസമായി ചന്ദ്രശേഖര്‍ ആശുപത്രിയിലായിരുന്നു. അവസാന നാലു ദിവസങ്ങള്‍ കോമയിലും. 



എന്നാല്‍, ഒരൊറ്റ പത്രത്തില്‍ മാത്രം, ഏറെ പ്രാധാന്യത്തോടെ ആരുമറിയാതെ സംഭവിച്ച ആ മരണം വാര്‍ത്തയായി. ' ദ് ഹിന്ദു കേരള എഡിറ്റര്‍ സി ഗൗരീ ദാസന്‍ നായരായിരുന്നു തിരുവനന്തപുരത്തുനിന്നും ആ വാര്‍ത്ത എഴുതിയത്. ബാംഗളുരുവില്‍, ചന്ദ്രശേഖരന്റെ അവസാന നേരങ്ങളില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യയെ ഉദ്ധരിച്ച് ആ റിപ്പോര്‍ട്ട് മരണ വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. 

എങ്ങനെയാണ്, മറ്റൊരു മാധ്യമത്തിനും കിട്ടാത്ത ആ വാര്‍ത്തയിലേക്ക് എത്തിപ്പെട്ടത്? ഫിക്ഷന്‍ പോലെ വിചിത്രമായ ചില വഴിത്തിരിവുകളിലൂടെയാണ് ആ വാര്‍ത്ത സംഭവിച്ചത്. ആ വാര്‍ത്തയ്‌ക്കൊപ്പം പ്രസിദ്ധീകരിച്ച, ചാരക്കേസ് പ്രതി ശശികുമാരന്റെ അഭിമുഖ സ്‌റ്റോറി ചെയ്ത ദ് ഹിന്ദു സീനിയര്‍ അസി. എഡിറ്റര്‍ കെ.എസ് സുധിയുടെ വാക്കുകളില്‍ ആ വിസ്മയമുണ്ട്. 

എങ്ങനെയാണ്, മറ്റൊരു മാധ്യമത്തിനും കിട്ടാത്ത ആ വാര്‍ത്തയിലേക്ക് എത്തിപ്പെട്ടത്?

'ചാരക്കേസ് വിധി വായിച്ചപ്പോള്‍, പ്രതിപ്പട്ടികയിലുണ്ടായിരുന്ന ശശികുമാരനെ കുറിച്ചായിരുന്നു ഞാന്‍ ആലോചിച്ചത്. ഐ എസ് ആര്‍ ഒയിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍.  എന്റെ നാടായ കൊല്ലം കടപ്പാക്കടയില്‍ ശശികുമാരന്റെ ബന്ധു ഉണ്ടയിരുന്നു. കൊല്ലം സുപ്രീമിലെ ദീപു. ദീപുവാണ് ശശികുമാരന്റെ നമ്പര്‍ തന്നത്. ശശികുമാരനെ വിളിച്ചപ്പോള്‍, ആകെ അമ്പരന്നു. അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു അദ്ദേഹം. ഇത്രകാലവും അനുഭവിച്ചതൊക്കെ ആ വാക്കുകളിലുണ്ടായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ആ സംഭാഷണത്തില്‍നിന്നാണ് ചന്ദ്രശേഖരനിലെത്തിയത്'-ശശികുമാരന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

'നിങ്ങള്‍ക്കറിയാമോ, ചന്ദ്രശേഖര്‍ 45 ദിവസമായി ബാംഗ്‌ളൂരിലെ ഒരുു ആശുപത്രിയിലാണ്. നാലു ദിവസമായി കോമയിലും. ശശികുമാരന്‍ എന്നോട് പറഞ്ഞു. തീര്‍ന്നില്ല, ചന്ദ്രശേഖറിന്റെ ഭാര്യയുടെ നമ്പറും അദ്ദേഹം തന്നു. എന്തോ അസുഖമാണ്, വലിയ പ്രശ്‌നമൊന്നും ഉണ്ടാവാനിടയില്ല. ഇതായിരുന്നു അന്നേരം മനസ്സില്‍. ബംഗളുരു ബ്യൂറോയുമായി ബന്ധപ്പെട്ട് ആ സ്‌റ്റോറി ചെയ്യുന്നതിനായി നമ്പര്‍ കേരള എഡിറ്റര്‍ ഗൗരിച്ചേട്ടന് നല്‍കി. ബ്യൂറോയിലുള്ള ആരെയും അറേഞ്ച് ചെയ്യാന്‍ പറ്റാതായപ്പോള്‍, അവധി ദിവസമായിട്ടും അദ്ദേഹം ചന്ദ്രശേഖരന്റെ ഭാര്യയെ നേരിട്ടു വിളിച്ചു. സംസാരിക്കുന്നതിനിടെ അവര്‍ ഫോണ്‍ കട്ട് ചെയ്ത് പോയി. കുറേ കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോള്‍, ചന്ദ്രശേഖറിന് അസുഖം കൂടുതല്‍ ആണെന്ന് തോന്നുന്നു, ഇപ്പോള്‍ തിരിച്ചു വിളിക്കാം എന്നു പറഞ്ഞ് അവര്‍ പോയി. അല്‍പ്പ സമയം കഴിഞ്ഞ് അവര്‍ വിളിച്ച് ആ വിവരം പറഞ്ഞു'-ആ വാര്‍ത്ത പിറന്ന കഥ കെ. എസ് സുധി വിശദീകരിക്കുന്നു. 

'എടാ, ചന്ദ്രശേഖര്‍ അഞ്ചു മിനിറ്റ് മുന്‍പ് മരിച്ചു പോയി.'

ആ അനുഭവം വിശദമായി സുധി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നുണ്ട്: 

'രാത്രി എട്ടേ മുക്കാല്‍ മണിയോടെ ജോലി തീര്‍ത്ത് ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ വീണ്ടും ഗൗരി ചേട്ടന്റെ ഫോണ്‍. 

'എടാ, ചന്ദ്രശേഖര്‍ അഞ്ചു മിനിറ്റ് മുന്‍പ് മരിച്ചു പോയി.'

'എന്നോട് സംസാരിച്ചു കൊണ്ടു നിന്ന അയാളുടെ ഭാര്യ, ചന്ദ്രശേഖറിന് അസുഖം കൂടുതല്‍ ആണെന്ന് തോന്നുന്നു, ഇപ്പോള്‍ തിരിച്ചു വിളിക്കാം എന്നു പറഞ്ഞു പോയി. തിരികെ വിളിച്ചിട്ട് ചന്ദ്രശേഖര്‍ മരിച്ചു പോയെന്നു അവര്‍ പറഞ്ഞു,' കിതക്കുന്ന ശബ്ദത്തില്‍ ഗൗരി ചേട്ടന്‍ പറഞ്ഞു.

'അയ്യോ..വാര്‍ത്ത കൊടുക്കണ്ടേ' എന്നാണ് എന്നിലെ വാര്‍ത്താ ലേഖകന്‍ അപ്പോള്‍ പ്രതികരിച്ചത്.

വേണം വേണം...ഞാന്‍ അത് നോക്കാം..വിറയാര്‍ന്ന ശബ്ദത്തില്‍ ഗൗരിച്ചേട്ടന്‍ പറഞ്ഞു.

ശശികുമാറിന്റെ അഭിമുഖവും ആ കേസില്‍ വ്യാജമായി കൂട്ടുപ്രതിയാക്കപ്പെട്ട ചന്ദ്രശേഖറിന്റെ മരണവാര്‍ത്തയും ഞങ്ങളുടെ എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ ആയിരിക്കുമെന്ന് ഉറപ്പോടെ ഞങ്ങള്‍ രാത്രി പുലര്‍ന്നു പത്രം കയ്യില്‍ കിട്ടാന്‍ കാത്തിരുന്നു.

തിങ്കളാഴ്ച പുലര്‍ന്നു.

നേരത്തെ തന്നെ ഉണര്‍ന്നു പത്രം തുറന്നു നോക്കി. ഞങ്ങളുടെ വാര്‍ത്ത നന്നായി തന്നെ പത്രത്തില്‍ ഡിസ്‌പ്ലേ ചെയ്തു വന്നു.

സ്വന്തം എക്‌സ്‌ക്ലൂസീവ് വാര്‍ത്ത അടിച്ചു വരുന്നത് കാണുന്ന വാര്‍ത്താലേഖകനു മാത്രം അനുഭവവേദ്യമാകുന്ന പ്രൊഫഷണല്‍ ഉന്മാദം, ഞങ്ങളുടെ വാര്‍ത്ത പത്രത്തില്‍ അച്ചടിച്ചു വന്നത് കണ്ടു സിരകളില്‍ നുരഞ്ഞു കയറി.

പക്ഷെ, അപ്പോഴും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല ചന്ദ്രശേഖര്‍ വീണ്ടും ഞങ്ങളെ ഞെട്ടിക്കുമെന്ന്.

സ്വന്തം എക്‌സ്‌ക്ലൂസീവ് വാര്‍ത്ത പത്രത്തില്‍ വന്നെന്നു ഉറപ്പാകുമ്പോള്‍ പിന്നെ എല്ലാ ലേഖകരും ചെയ്യുന്ന ഒരു ചടങ്ങുണ്ട്. മറ്റുള്ള പത്രങ്ങള്‍ പരതും. തന്റെ വാര്‍ത്ത വേറെ ആര്‍ക്കും കിട്ടിയില്ല എന്നുറപ്പാക്കാന്‍.

ഞാനും പരതി.

മനോരമ...ഇല്ല. ടൈംസ് ഓഫ് ഇന്ത്യ..ഇല്ല. ഫൗസിയയുടെ വാര്‍ത്തയെ ഉള്ളു. മാതൃഭൂമി.. ഇല്ല മാധ്യമം...ഇല്ല..ആര്‍ക്കും ആ വാര്‍ത്ത കിട്ടിയിട്ടില്ല. 

പക്ഷേ...അവസാനം മറിച്ചു നോക്കിയ മാധ്യമം പത്രത്തില്‍...ചരമ പേജില്‍ ഒരു ചിത്രം കണ്ണിലുടക്കി.

ചന്ദ്രശേഖര്‍.

ആരാലും പെട്ടെന്ന് തിരിച്ചറിയപ്പെടാത്ത ഒരു സാധാരണ മരണ വാര്‍ത്തയായി അയാള്‍.

മനോരമയിലും മാതൃഭൂമിയിലും ചരമ പേജുകളില്‍ ഒരു സാധരണ ചരമ വാര്‍ത്തയായി ആ മനുഷ്യന്‍. 

കുറ്റം ആരുടേതുമല്ല. യാദൃശ്ചികമായി ഞങ്ങള്‍ ആ വാര്‍ത്തയിലേക്കു എത്തപ്പെടുകയായിരുന്നു. ചരമ വാര്‍ത്ത എഴുതിയവര്‍ ചന്ദ്രശേഖറിനെ തിരിച്ചറിഞ്ഞില്ല എന്നുമാത്രം.

കാല്‍ നൂറ്റാണ്ട് മുന്‍പ് കേരളം കല്ലെറിഞ്ഞ ഒരാള്‍. തനിക്കു നീതി കിട്ടിയെന്ന വാര്‍ത്ത അറിയാതെ അബോധാവസ്ഥയില്‍. 

അയാള്‍ക്ക് നീതി കിട്ടിയെന്നു അറിഞ്ഞവര്‍ ആരും അറിഞ്ഞില്ല, ആ വാര്‍ത്ത, അയാള്‍ അറിഞ്ഞില്ലെന്ന്. 

ഒന്നുറപ്പാണ്. ഒരു തുണ്ട് ചരമ വാര്‍ത്തയില്‍ ഒതുങ്ങേണ്ട ജീവിതം ആയിരുന്നില്ല ചന്ദ്രശേഖറിന്‍േറത്. അവിചാരിതമായെങ്കിലും, അയാളോട് അവസാന വാര്‍ത്തയില്‍ എങ്കിലും നീതി കാണിക്കാനായി.

ഗുഡ് ബൈ ചന്ദ്രശേഖര്‍!'

click me!