
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരിലൊന്നായ സൗദി അരാംകോയ്ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ഡ്രോണ്‍ ആക്രമണം ഇന്ത്യന്‍ സാമ്പത്തിക രംഗത്തും ആശങ്കകളാണ് സമ്മാനിക്കുന്നത്. സൗദിയുടെ എണ്ണ ഉത്പാദനത്തിന്റെ പകുതിയോളം വരും ദിവസങ്ങളില്‍ മുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷ സാധ്യതകള്‍ പടരുമ്പോള്‍ ലോകത്ത് പെട്രോളിയം ഉപഭോഗത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്.
അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്കരണ പ്ലാന്റുകള്‍ക്ക് നേരെ 10 ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തെങ്കിലും ഇതിന് പിന്നില്‍ ഇറാനാണെന്ന് ഇതിനോകടം തന്നെ അമേരിക്ക ആരോപിക്കുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില വീണ്ടും 100 ഡോളര്‍ കടക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. സവിശേഷമായൊരു സാഹചര്യമാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുയാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
പെട്രോളിയം ഉപഭോഗത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ആവശ്യമുള്ള പെട്രോളിയത്തിന്റെ 80 ശതമാനവും പ്രകൃതി വാതകത്തിന്റെ 18 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ത്യയ്ക്ക് എണ്ണയും പ്രകൃതി വാതകവും നല്‍കുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടാകുന്ന ഏത് മാറ്റവും ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയെ മാത്രമല്ല ഇവിടുത്തെ സാമ്പത്തിക സ്ഥിതിയെത്തന്നെ കാര്യമായി ബാധിക്കും. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വിലയില്‍ ഒരു ഡോളറിന്റെ വര്‍ദ്ധനവുണ്ടായാല്‍ പോലും വാര്‍ഷിക കണക്കില്‍ അത് 10,700 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇന്ത്യയ്ക്കുണ്ടാക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 111.9 ബില്യന്‍ ഡോളറാണ് എണ്ണ ഇറക്കുമതിക്കായി ഇന്ത്യ ചിലവഴിച്ചത്.
സാമ്പത്തിക രംഗത്തെ മാന്ദ്യത്തിനൊപ്പം എണ്ണവില ഉയരുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2009 ജൂലൈയില്‍ ബാലരിന് 149 ഡോളര്‍ വരെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച 60.25 ഡോളറിനായിരുന്നു എണ്ണ വ്യാപാരം. 2017ല്‍ 47.56 ഡോളറും 2018ല്‍ 56.43 ഡോളറുമായിരുന്നു ശരാശരി വില. 2019 ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം 59.35 ഡോളറും സെപ്തംബര്‍ 12ന് ശരാശരി വില 60.05 ഡോളറുമായിരുന്നു. ആക്രമണത്തിന്റെ ആഘാതം തങ്ങള്‍ക്ക് എളുപ്പത്തില്‍ മറികടക്കാനാവുമെന്ന ആത്മവിശ്വാസം അരാംകോ പങ്കുവെച്ചിട്ടുണ്ട്. അത് സാധ്യമായില്ലെങ്കില്‍ ഇതുവരെയെത്താത്ത ഉയരത്തിലേക്കാവും എണ്ണവില കുതിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam