പ്രവാസികള്‍ ശ്രദ്ധിക്കുക! വിദേശത്തെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനാവുന്നു

By Web TeamFirst Published Mar 2, 2019, 12:21 PM IST
Highlights

പഴയ രീതിയിലുള്ള പാസ്‍പോര്‍ട്ട് അപേക്ഷകള്‍ മാര്‍ച്ച് 10 വരെ മാത്രമേ തുടരുകയുള്ളൂവെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. സൗദിയില്‍ കഴിഞ്ഞ ദിവസം തന്നെ പാസ്പോര്‍ട്ട് സേവാ സംവിധാനം തുടങ്ങി. അധികം വൈകാതെ യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലും ഇത് നിലവില്‍ വരും. 

മസ്കത്ത്: ഇന്ത്യയിലെ പാസ്‍പോര്‍ട്ട് സേവാ സംവിധാനം വിവിധ രാജ്യങ്ങളിലെ എംബസികളിലേക്കും കോണ്‍സുലേറ്റുകളിലേക്കും വ്യാപിക്കുന്നതോടെ പാസ്‍പോര്‍ട്ട് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ നിര്‍ബന്ധമാകും. അമേരിക്കക്കും ബ്രിട്ടനും ശേഷം സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം മുതല്‍ പാസ്‍പോര്‍ട്ട് സേവാ സംവിധാനം തുടങ്ങി. മാര്‍ച്ച് മൂന്ന് മുതല്‍ ഒമാനിലും പാസ്‍പോര്‍ട്ട് സേവാ സംവിധാനം ആരംഭിക്കും.

പഴയ രീതിയിലുള്ള പാസ്‍പോര്‍ട്ട് അപേക്ഷകള്‍ മാര്‍ച്ച് 10 വരെ മാത്രമേ തുടരുകയുള്ളൂവെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. സൗദിയില്‍ കഴിഞ്ഞ ദിവസം തന്നെ പാസ്പോര്‍ട്ട് സേവാ സംവിധാനം തുടങ്ങി. അധികം വൈകാതെ യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലും ഇത് നിലവില്‍ വരും. പുതിയ പാസ്പോര്‍ട്ടുകള്‍ക്ക് അപേക്ഷിക്കാനോ പഴയത് പുതുക്കുന്നതിനോ https://embassy.passportindia.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഇതിനായി വെബ്സൈറ്റില്‍ പ്രവേശിച്ച് നിങ്ങള്‍ താമസിക്കുന്ന രാജ്യം തെരഞ്ഞെടുത്ത ശേഷം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ഇവിടെ നിങ്ങള്‍ക്ക് യൂസര്‍ ഐഡിയും പാസ്‍വേഡും സജ്ജീകരിക്കാനാവും. 

പാസ്‍വേഡും യൂസര്‍ഐഡിയും ഉപയോഗിച്ച് സൈറ്റില്‍ ലോഗിന്‍ ചെയ്ത് വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷ നല്‍കാനാവും. ഒരുതവണ രജിസ്റ്റര്‍ ചെയ്താന്‍ ഈ യൂസര്‍ ഐഡിയും പാസ്‍വേഡും ഉപയോഗിച്ച് പിന്നീട് എപ്പോള്‍ വേണമെങ്കിലും സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത ശേഷം ഫോട്ടോ പതിച്ച്, ഒപ്പിട്ട ശേഷം ആവശ്യമായ ഫീസ് സഹിതം  നേരിട്ട് സമര്‍പ്പിക്കുകയാണ് വേണ്ടത്.  എംബസികളുടെ വെബ്സൈറ്റില്‍ ഇതിന്റെ വിശദ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ സൗദിയിലും ഒമാനിലും മാത്രമാണ് പാസ്പോര്‍ട്ട് സേവാ സംവിധാനം പ്രവര്‍ത്തിക്കുന്നത്. മറ്റിടങ്ങളില്‍ ഇത് നടപ്പാവുന്നത് വരെ പഴയ രീതി തന്നെ തുടരും.

click me!