യുഎഇയില്‍ സുഹൃത്തിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റിന് പോയി കുടുങ്ങി; പ്രവാസികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു

By Web TeamFirst Published Jan 22, 2019, 6:39 PM IST
Highlights

1000 ദിര്‍ഹം പ്രതിഫലം വാങ്ങിയാണ് താന്‍ ഡ്രൈവിങ് ടെസ്റ്റ് എഴുതാനെത്തിയതെന്ന് ഇയാള്‍ പൊലീസിനോടും പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതരോടും സമ്മതിച്ചു. ബര്‍ ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

ദുബായ്: സുഹൃത്തിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് എഴുതാന്‍ ശ്രമിച്ച 23കാരന് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. 22 വയസുള്ള സുഹൃത്തിന്റെ എമിറേറ്റ്സ് ഐ.ഡിയും മറ്റ് രേഖകളുമായി പരീക്ഷയെഴുതാനെത്തിയ ഇയാളെ ഡ്രൈവിങ് സ്കൂള്‍ അധികൃതര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇരുവരും പാകിസ്ഥാന്‍ പൗരന്മാരാണ്. ഇരുവര്‍ക്കും മൂന്ന് മാസത്തെ തടവ് ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് ഉത്തരവ്.

1000 ദിര്‍ഹം പ്രതിഫലം വാങ്ങിയാണ് താന്‍ ഡ്രൈവിങ് ടെസ്റ്റ് എഴുതാനെത്തിയതെന്ന് ഇയാള്‍ പൊലീസിനോടും പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതരോടും സമ്മതിച്ചു. ബര്‍ ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡ്രൈവിങ് പരീക്ഷയിലെ തിയറിറ്റിക്കല്‍ ടെസ്റ്റിനാണ് ഇയാള്‍ സുഹൃത്തിന് പകരമെത്തിയത്. എന്നാല്‍ കൊണ്ടുവന്ന രേഖകളിലുണ്ടായിരുന്ന ഫോട്ടോകള്‍ക്ക് ഇയാളുമായി സാമ്യമില്ലെന്ന് സ്കൂള്‍ ജീവനക്കാര്‍ കണ്ടെത്തി. തുടര്‍ന്ന് മാനേജരുടെ അടുത്ത് എത്തിക്കുകയായിരുന്നു. പിടിക്കപ്പെട്ടെന്ന് മനസിലായതോട സുഹൃത്തും സ്ഥലത്തെത്തി.

ഇരുവരേയും കണ്ടപ്പോള്‍ തന്നെ ആള്‍മാറാട്ടത്തിനുള്ള ശ്രമമായിരുന്നെന്ന് ജീവനക്കാര്‍ക്ക് മനസിലായി. കാര്യം അന്വേഷിച്ചപ്പോള്‍ ഒന്നും മിണ്ടാതെ പൊട്ടിക്കരയുകയായിരുന്നുവെന്ന് മാനേജര്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

click me!