ഇനി മുതല്‍ ഒമാനിലെ പണവിനിമയ സ്ഥാപനങ്ങളിലൂടെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഫീസ് അടയ്ക്കാം

By Web TeamFirst Published Sep 16, 2018, 12:39 AM IST
Highlights

വാദി കബീർ ഇന്ത്യൻ സ്കൂളിൽ കഴിഞ്ഞ നാല് മാസമായി പരീക്ഷണാർത്ഥം നടപ്പിലാക്കിയിരുന്ന സംവിധാനമാണ് രാജ്യത്തെ മറ്റ് ഇന്ത്യൻ സ്കൂളുകളിലും വ്യാപിപ്പിക്കുന്നത്

മസ്ക്കറ്റ്: ഒമാനിലെ പണവിനിമയ സ്ഥാപനങ്ങൾ വഴി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കാൻ സൗകര്യമൊരുങ്ങുന്നു. ഈ മാസം അവസാനത്തോടെ രാജ്യത്തെ ഇരുനൂറിലധികം എക്സ്ചേഞ്ച് ശാഖകളിലൂടെ ഫീസ് അടയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പുതിയ പദ്ധതിക്ക് ഒമാൻ സെൻട്രൽ ബാങ്കിന്റെ അംഗീകാരം ലഭിച്ചതായി പണമിടപാട് സ്ഥാപന അധികൃതർ അറിയിച്ചു. വാദി കബീർ ഇന്ത്യൻ സ്കൂളിൽ കഴിഞ്ഞ നാല് മാസമായി പരീക്ഷണാർത്ഥം നടപ്പിലാക്കിയിരുന്ന സംവിധാനമാണ് രാജ്യത്തെ മറ്റ് ഇന്ത്യൻ സ്കൂളുകളിലും വ്യാപിപ്പിക്കുന്നത്.

ഇതിനായി രാജ്യത്തെ മുൻനിര പണവിനിമയ സ്ഥാപനങ്ങളിൽ നിന്ന് ഇന്ത്യൻ സ്കൂൾ ഭരണ സമിതി അപേക്ഷകൾ സ്വീകരിച്ചു കഴിഞ്ഞു. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ ഫീസ് സ്വീകരിക്കുവാൻ, ഒമാൻ സെൻട്രൽ ബാങ്കിന്റെ അംഗീകാരം ലഭിച്ചതായി പണവിനിമയ സ്ഥാപന അധികൃതരും വ്യകതമാക്കി.

നിലവില്‍ ഫീസ് അടയ്ക്കുന്നതിന് 350 ബൈസ ആണ് സേവന നിരക്കായി ഈടാക്കി വരുന്നത്. രാത്രി വൈകിയും പ്രവർത്തിക്കുന്ന പണവിനിമയ സ്ഥാപനങ്ങളിൽ ഈ സംവിധാനം ആരംഭിക്കുന്നത് രാജ്യത്തെ ബഹു ഭൂരിപക്ഷം ഇന്ത്യക്കാരായ രക്ഷിതാക്കൾക്ക് ഗുണകരമാകും. ഒമാനിലെ ഇരുപതു ഇന്ത്യൻ സ്ക്കൂളുകളിലായി 40,865 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. 

click me!