
ദോഹ: ഖത്തറില്‍ പ്രവാസികള്‍ക്ക് സ്ഥിര താമസത്തിനുള്ള അനുമതി (പെര്‍മെനന്റ് റെഡിസന്‍സ് പെര്‍മിറ്റ്-പിആര്‍പി) നല്‍കുന്ന നിയമം മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സെപ്തംബറില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നിയമകാര്യവിഭാഗത്തിലെ ഗവേഷക റീമ സലീഹ് അൽ മന പറഞ്ഞു. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്രവാസികള്‍ക്കായിരിക്കും സ്ഥിര താമസാനുമതി നല്‍കുന്നത്.
ദോഹ ഇന്റർനാഷനൽ സെന്റർ ഫോർ ഇന്റർഫെയ്‌ത്ത് ഡയലോഗ്(ഡിഐസിഐഡി) സംഘടിപ്പിച്ച ചർച്ചയിലാണ് പി.ആര്‍.പി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കപ്പെട്ടത്. അറബിക് ഭാഷാ പ്രാവീണ്യം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിശോധിച്ചായിരിക്കും സ്ഥിര താമസത്തിനുള്ള അനുമതി നല്‍കുന്നത്. എന്നാല്‍ ഭാഷയില്‍ മികച്ച പ്രാവീണ്യം വേണമെന്ന് നിര്‍ബന്ധമുണ്ടാകില്ല. ഒരു വര്‍ഷം പരമാവധി 100 പേര്‍ക്ക് മാത്രമേ പി.ആര്‍.പി നല്‍കുകയുള്ളൂ. എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശയുണ്ടെങ്കില്‍ അമീറിന്റെ പ്രത്യേക അനുമതിയോടെ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കാനും വ്യവസ്ഥയുണ്ടാകും.
സ്ഥിരതാമസ അനുമതിക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാനും മറ്റ് നടപടികള്‍ക്കുമായി ആഭ്യന്തര മന്ത്രാലയം പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനായ മെട്രാഷ് 2ലും ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കും. നല്ല പെരുമാറ്റവും സമൂഹത്തിൽ ആദരവുമുള്ള വ്യക്‌തികളായിരിക്കണമെന്നതാണ് സഥിരതാമസത്തിന് അർഹത ലഭിക്കുന്ന പ്രധാന നിബന്ധന. നേരത്തെ കേസുകളോ മറ്റ് നിയമലംഘനങ്ങളോ ഉണ്ടായിരിക്കാനും പാടില്ല. വിദേശത്ത് ജനിച്ചവര്‍ സാധാരണ റെഡിഡന്‍സി പെര്‍മിറ്റോടെ 20 വര്‍ഷം ഖത്തറില്‍ താമസിച്ചിരിക്കണം. എന്നാല്‍ ഖത്തറില്‍ ജനിച്ച വിദേശികള്‍ രാജ്യത്ത് 10 വര്‍ഷം താമസിച്ചാല്‍ മതിയാവും.
സ്‌ഥിരതാമസാനുമതിയുള്ള പ്രവാസികൾക്ക് സ്വദേശിയായ പങ്കാളികളില്ലാതെ തന്നെ ഖത്തറിൽ വ്യാപാര, വ്യവസായ സംരംഭങ്ങൾ തുടങ്ങാനാവും. ദേശീയ സാമ്പത്തിക മേഖലകളില്‍ ഇവര്‍ക്ക് നിക്ഷേപം നടത്താനും സാധിക്കും. ഇത് സംബന്ധിച്ച വ്യവസ്ഥകളില്‍ മന്ത്രിസഭയുടെ അംഗീകാരം ഇനി തേടേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam