ആകാശം സ്വപ്നം കണ്ടുവളര്‍ന്നു, രാജ്യത്തിന്‍റെ അഭിമാനമായി; യുഎഇയുടെ ചരിത്ര നേട്ടത്തിന് പിന്നിലെ പെണ്‍കരുത്ത്...

By Web TeamFirst Published Feb 10, 2021, 12:46 PM IST
Highlights

ചരിത്രത്തിലെ തന്നെ സുപ്രധാനമായ ദൗത്യത്തിന്റെ ചുമതല നാലരവര്‍ഷം മുമ്പ് സാറ അല്‍ അമീരിയെ ഏല്‍പ്പിച്ചപ്പോള്‍ നെറ്റിചുളിച്ചവര്‍ക്കുള്ള മറുപടിയാണ്, രാജ്യം 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സ്വപ്‌നതുല്യമായ നേട്ടം കൈവരിച്ചുകൊണ്ട് യുഎഇ നല്‍കിയത്. 

അബുദാബി: യുഎഇയുടെയും അറബ് ലോകത്തിന്റെയും അഭിമാനമായി ചൊവ്വ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ്(അല്‍അമല്‍) ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. യുഎഇ ചരിത്ര നേട്ടത്തിലെത്തിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഒരു വനിതയും- രാജ്യത്തിന്‍റെ ശാസ്ത്ര മുന്നേറ്റ വകുപ്പ് മന്ത്രിയും ബഹിരാകാശ പദ്ധതി മേധാവിയുമായ സാറ അല്‍ അമീരി എന്ന 34കാരി. ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥം തൊട്ടപ്പോള്‍ യുഎഇ ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ സ്ത്രീശാക്തീകരണത്തിന്റെ പുതുചരിത്രം കൂടിയാണ് രചിച്ചത്. 

സുപ്രധാനമായ ഈ ദൗത്യത്തിന്റെ ചുമതല നാലരവര്‍ഷം മുമ്പ് സാറ അല്‍ അമീരിയെ ഏല്‍പ്പിച്ചപ്പോള്‍ നെറ്റിചുളിച്ചവര്‍ക്കുള്ള മറുപടിയാണ്, രാജ്യം 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സ്വപ്‌നതുല്യമായ നേട്ടം കൈവരിച്ചുകൊണ്ട് യുഎഇ നല്‍കിയത്.  ബഹിരാകാശം പ്രവര്‍ത്തന മേഖലയായി ചെറുപ്പത്തില്‍ തന്നെ മനസ്സില്‍ കുറിച്ചിട്ടാണ് സാറ അല്‍ അമീരി വളര്‍ന്നത്. ബഹിരാകാശം പോലെ തന്നെ തനിക്ക് ഏറെ ഇഷ്ടമുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയറിങില്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയില്‍ നിന്ന് അവര്‍ ബിരുദം നേടി. ബിരുദാനന്തര ബിരുദത്തിന് ശേഷം കമ്പ്യൂട്ടര്‍ എഞ്ചിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറ പിന്നീട് എമിറേറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ അഡ്വാന്‍ഡ്‌സ് സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിച്ചു.

2009ലാണ് സാറ അല്‍ അമീരി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലെത്തുന്നത്. ചെറുപ്പത്തില്‍ കണ്ട സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായിരുന്നു അത്. 2016ല്‍ സാറ എമിറേറ്റ്‌സ് സയന്‍സ് കൗണ്‍സിലിന്റെ മേധാവിയായി. 2017ല്‍ അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രിയുമായി. പിന്നീട് സ്‌പേസ് ഏജന്‍സിയുടെ ചെയര്‍വുമണ്‍ പദവിയിലെത്തി.  2020ല്‍ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ ബിബിസി തയ്യാറാക്കിയ പട്ടികയില്‍ സാറ അല്‍ അമീരിയും ഉണ്ടായിരുന്നു.

സാറയുടെ കഴിവും അഭിനിവേശവും തിരിച്ചറിഞ്ഞ രാജ്യം ഹോപ് പ്രോബ് ദൗത്യത്തിന്റെ ചുമതലയും അവര്‍ക്ക് നല്‍കുകയായിരുന്നു. വിജയിക്കാന്‍ 50 ശതമാനം സാധ്യത മാത്രമേ ഉണ്ടാകൂ എന്ന് വിലയിരുത്തിയ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ സാറ സാക്ഷാത്കരിച്ചത് തനിക്കൊപ്പം വളര്‍ന്ന ഒരു സ്വപ്‌നം കൂടിയാണ്. 

ഏഴു മാസത്തെ യാത്രയ്ക്ക് ശേഷം ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി 7.42നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഹോപ് പ്രോബ് വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയതോടെ ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറി. ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത്തെ രാജ്യവും യുഎഇ ആണ്. ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 21ന് പ്രാദേശിക സമയം പുലർച്ചെ 1.58നാണ് ഹോപ് പ്രോബ് ലക്ഷ്യത്തിലേക്ക് കുതിച്ചത്.

ചൊവ്വയിലെ അന്തരീക്ഷത്തെ കുറിച്ച് പഠനം നടത്തുക. 2117ല്‍ ചൊവ്വയില്‍ മനുഷ്യന് താമസസ്ഥലം ഒരുക്കുക എന്നിവയാണ് ഹോപ് പ്രോബിന്‍റെ പ്രധാന ലക്ഷ്യം. മൂന്ന് അത്യാധുനിക സംവിധാനങ്ങളിലൂടെ 687 ദിവസങ്ങൾക്കൊണ്ട്  ഈ വിവരശേഖരണം ഏതാണ്ട് പൂർണമായി നടത്തും. എ​മി​റേ​റ്റ്​​സ്​ മാ​ർ​സ്​ സ്​​പെ​ക്​​ട്രോ മീ​റ്റ​ർ, ഇ​മേ​ജ​ർ, ഇ​ൻ​ഫ്രാ​റെ​ഡ്​ സ്​​പെ​ക്​​ട്രോ മീ​റ്റ​ർ എ​ന്നീ മൂ​ന്ന്​ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ പ​ര്യ​വേ​ക്ഷ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. യുഎഇയുടെ അഭിമാന പദ്ധതിയായ ഹോപ് പ്രോബിന് 73.5 കോടി ദിർഹമാണ് ചെലവ്.  450-ലേറെ ജീവനക്കാർ 55 ലക്ഷം മണിക്കൂർ കൊണ്ടാണ് ഹോപ് പ്രോബ് നിര്‍മ്മിച്ചത്. 

ഹോപ്പിന്റെ സയൻസ് ടീം നയിക്കുന്നത് 80% വനിതാ ശാസ്ത്രജ്ഞർ ഉള്‍പ്പെടുന്ന സംഘമാണ്. 34 ശതമാനമാണ് ഹോപ് പ്രോബ് പദ്ധതിയിലെ സ്ത്രീ പ്രാതിനിധ്യം. ഒരു ശാസ്ത്ര സാങ്കേതിക ദൗത്യത്തില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കിയതിലൂടെ, സുപ്രധാന പദ്ധതികളില്‍ സ്ത്രീകള്‍ക്ക് വേണ്ട പ്രാതിനിധ്യം നല്‍കുന്നതില്‍ പ്രകാശവര്‍ഷം അകലെ നില്‍ക്കുന്ന മറ്റ് ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുകയാണ് യുഎഇ. 

click me!