സൗദിയിൽ തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു

By Web TeamFirst Published Mar 2, 2019, 12:40 AM IST
Highlights

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം

റിയാദ്: സൗദിയിൽ തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ തൊഴിൽ മന്ത്രാലയത്തിന്‍റെ തീരുമാനം. പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന മുഴുവൻ പേരുടെയും കരാറുകൾ ഉടനടി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.  ഒന്നുമുതൽ അമ്പതുവരെ ജീവനക്കാരുള്ള സ്ഥാപനത്തിലെ തൊഴിലാളികളുടെ തൊഴിൽ കരാറുകൾ ഈ വർഷം മൂന്നാം പാദം മുതൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഓൺലൈൻ വഴിയാണ് കരാറുകൾ രജിസ്റ്റർ ചെയ്യേണ്ടത്. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനും കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കുന്നതിനും പുതിയ പദ്ധതി തൊഴിലുടമകൾക്ക് അവസരമൊരുക്കും.

ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന മുഴുവൻ പേരുടെയും കരാറുകൾ ഉടനടി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. എന്നാൽ പഴയ തൊഴിലാളികളുടെ കരാറുകൾ സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചു ഘട്ടം ഘട്ടമായാണ് രജിസ്റ്റർ ചെയ്യേണ്ടത്. തുടക്കത്തിൽ പത്തു ശതമാനം തൊഴിലാളികളുടെ കരാറുകളാണ് രജിസ്റ്റർ ചെയ്യേണ്ടത്.

എന്നാൽ ഈ വർഷാവസാനത്തിനു മുൻപായി മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. സൗദിയിൽ സ്വകാര്യ മേഖലയിൽ പതിനേഴു ലക്ഷത്തിലേറെ സ്വദേശികളും 85 ലക്ഷത്തോളം വിദേശികളും ജോലിചെയ്യുന്നതായാണ് കണക്ക്.

click me!