പേടിച്ച് ഇനിയും എത്ര നാള്‍? രേഖകളില്ല; മലയാളി ഉപേക്ഷിച്ച മുഅ്മിനയും മകളെയും പൊലീസ് പിടികൂടി, കുറിപ്പ്

By Web TeamFirst Published Oct 27, 2021, 7:45 PM IST
Highlights

'മുഅ്മിനയെയും മകളെയും പോലീസ് പിടിച്ചിരിക്കുന്നു. വണ്ടിയിൽ കയറ്റി കൊണ്ടുപോയി. എന്തെങ്കിലും ചെയ്യണമല്ലോ എന്നായിരുന്നു സലാമിന്റെ കരച്ചിൽ. എന്റെയുള്ളിലൂടെ ആയിരം മിന്നലുകൾ കടന്നുപോയി. പോകാൻ ഒരു രാജ്യവുമില്ലാത്ത കുട്ടികളാണ്. എന്തു ചെയ്യുമെന്നറിയാതെ തരിച്ചിരുന്നു'

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍(Jeddah) മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ച(  abandoned by husband)സൊമാലിയന്‍ സ്വദേശിയായ(somalian lady) മുഅ്മിനയുടെയും ഏഴ് മക്കളുടെയും ദുരിതം അവസാനിക്കുന്നില്ല. രേഖകളില്ലാത്തതിന് മുഅ്മിനയെയും മകളെയും പൊലീസ് പിടികൂടിയ വിവരം  ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ വഹീദ് സമാന്‍. ചില സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ മുഅ്മിനയെയും മകളെയും പൊലീസ് മോചിപ്പിച്ചിട്ടുണ്ട്. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും സ്വന്തമായി രാജ്യമോ രേഖകളോ ഇല്ലാത്തതിനാല്‍ പേടിച്ച് കഴിയുന്ന ഈ സ്ത്രീയ്ക്കും മക്കള്‍ക്കും തങ്ങള്‍ കടന്നുപോകുന്ന വേദനകളില്‍ നിന്ന് സ്ഥായിയായ മോചനമാണ് വേണ്ടത്, അത് നല്‍കാന്‍ കഴിയുന്നതാകട്ടെ 12 വര്‍ഷം മുമ്പ് അവരെ ഉപേക്ഷിച്ച് രാജ്യം വിട്ട അബ്ദുൽ മജീദിനും!

മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ചിട്ട് 12 വര്‍ഷം; ഒരു രാജ്യത്തെയും രേഖകളില്ലാത്ത ഏഴുമക്കള്‍, നിസ്സഹായയായി ഒരമ്മ

'എനിക്ക് കാലുപിടിച്ച് പറയാനുള്ളത് അബ്ദുല്‍ മജീദിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമാണ്.
ജീവിതത്തില്‍ പലതും സംഭവിച്ചേക്കും. തെറ്റാണെന്നോ ശരിയാണെന്നോ തിരിച്ചറിയാത്ത നിമിഷങ്ങളിലൂടെയൊക്കെ സഞ്ചരിക്കേണ്ടി വരും. പക്ഷെ, ജീവിതത്തിലെ മുന്‍ചെയ്തികളെ മറ്റൊരു വലിയ തെറ്റുകൊണ്ട് മറികടക്കാന്‍ ശ്രമിക്കരുത്. സ്വയം തോറ്റുപോകും.  
നിങ്ങളുടെ മക്കളാണവര്‍, നിങ്ങളുടെ ശരീരത്തിലെ അതേ ചോരയുടെ ഒരംശവും വഹിച്ച് ജീവിക്കുന്ന കുട്ടികള്‍. നിങ്ങളല്ലാതെ മറ്റാരാണ് അവരെ ഏറ്റെടുക്കാനുള്ളത് '- വഹീദ് സമാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കനിവിനായി കാത്ത മുഅ്മിനയ്ക്കും മക്കൾക്കും ആശ്വാസം: കൈത്താങ്ങാകാൻ പ്രവാസി സാമൂഹിക പ്രവർത്തകർ

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഈ എഴുത്ത് ചെന്ന് കൊള്ളുന്നയാളുടെ മനസിൽ കനിവിന്റെ ഉറവ പൊട്ടുമോ എന്നറിയില്ല. എങ്കിലും എഴുതാതിരിക്കാനാകില്ല എന്നതിനാൽ കുറിച്ചിടുന്നു..

ജോലിയുടെ ഭാഗമായി ഒട്ടേറെ ജീവിതങ്ങൾ കാണാറുണ്ട്. കണ്ണീർ നിറഞ്ഞത്, സന്തോഷത്താൽ തുടിക്കുന്നത്....അങ്ങിനെയങ്ങിനെ. ചിലതൊക്കെ പകർത്തിവെക്കും. പ്രസിദ്ധീകരിച്ചു കഴിഞ്ഞാലും കുറച്ചുനാളത്തേക്ക് ചിലതൊക്കെ ഓർമ്മയുണ്ടാകും..അപൂർവ്വമായി ചിലതു മാത്രം മായാതെയും..

ജീവിതത്തിൽനിന്ന് ഒരിക്കലും മാഞ്ഞുപോകില്ലെന്ന് ഉറപ്പുള്ള ചിലരെ കണ്ടത് രണ്ടാഴ്ച മുമ്പാണ്. അവരിപ്പോഴും എന്നെ വല്ലാതെ ഉള്ളുണർത്തുന്നു. മലയാളി വിവാഹം ചെയ്ത സോമാലിയൻ സ്ത്രീയെയും അവരുടെ ഏഴു മക്കളെയും കണ്ടതിനെയാണ് പറയുന്നത്. ഏഴു മക്കളാണ് മുഅ്മിന എന്ന സോമാലിയൻ സ്ത്രീക്കുള്ളത്. ആറുപേരും ജനിച്ചത് പെരിന്തൽമണ്ണ സ്വദേശിയായ അബ്ദുൽ മജീദിൽ. ഒരു ദിവസം ആരോടും പറയാതെ മജീദ് നാട്ടിലേക്ക് പോയി. നാട്ടിലേക്ക് പോകുന്ന സമയത്ത് മുഅ്മിനയുടെ വയറ്റിൽ അബ്ദുൽ മജീദിന്റെ ആറാമത്തെ കുഞ്ഞുണ്ടായിരുന്നു. പറക്കമുറ്റാത്ത ആറു മക്കൾ മുഅ്മിനയുടെ ചുറ്റിലും. അബ്ദുൽ മജീദ് വിവാഹം കഴിക്കുന്നതിന് മുമ്പുണ്ടായിരുന്ന പെൺകുട്ടിയടക്കം മുഅ്മിനക്ക് ആ സമയത്ത് ആറു മക്കളുണ്ടായിരുന്നു. എട്ടുമാസം കഴിഞ്ഞ് അവർ ഒരിക്കൽ കൂടി പ്രസവിച്ചു.

ഒരു രേഖകളുമില്ലാതെയാണ് ഈ കുട്ടികൾ ഇവിടെ താമസിക്കുന്നത് എന്നോർക്കുക. ഒരു രാജ്യത്തിന്റെയും രേഖയില്ല. സാധാരണ ഒരു ഫീച്ചർ എഴുതിക്കഴിഞ്ഞാൽ അതിന് പിറകെ പോകാറില്ല. ഈ കുട്ടികളുടെ കണ്ണിലെ ആശങ്കയും പേടി കൂടാതെയുള്ള ജീവിക്കാനുള്ള മോഹവും ഉപ്പയെ കാണണമെന്ന ആഗ്രഹവും അറിഞ്ഞപ്പോഴാണ് വീണ്ടുംവീണ്ടും അവരുടെ കാര്യം അന്വേഷിക്കാനിരുന്നത്. മുഅ്മിനയുടെയും മക്കളുടെ കാര്യങ്ങളിൽ തുടക്കം മുതൽ കൂടെയുള്ള അബ്ദുൽ സലാമിനെ ദിവസം രണ്ടു നേരമെങ്കിലും വിളിക്കും. ഓരോ ദിവസവും പ്രതീക്ഷയുള്ള എന്തെങ്കിലുമൊക്കെ കേൾക്കും.

ഇന്നലെ രാത്രി അബ്ദുൽ സലാം വിളിച്ചത് കരഞ്ഞുകൊണ്ടായിരുന്നു.

മുഅ്മിനയെയും മകളെയും പോലീസ് പിടിച്ചിരിക്കുന്നു. വണ്ടിയിൽ കയറ്റി കൊണ്ടുപോയി. എന്തെങ്കിലും ചെയ്യണമല്ലോ എന്നായിരുന്നു സലാമിന്റെ കരച്ചിൽ. എന്റെയുള്ളിലൂടെ ആയിരം മിന്നലുകൾ കടന്നുപോയി. പോകാൻ ഒരു രാജ്യവുമില്ലാത്ത കുട്ടികളാണ്. എന്തു ചെയ്യുമെന്നറിയാതെ തരിച്ചിരുന്നു.

പിന്നീട് ഏതൊക്കെയോ സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിൽ രാത്രി പന്ത്രണ്ടു മണിയോടെ അവർ പുറത്തിറങ്ങി.

അബ്ദുൽ സലാം എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.

രേഖകളും രാജ്യങ്ങളുമില്ലാത്ത മനുഷ്യരുടെ വേദന മനസിലാകുന്നവരെല്ലാം കരഞ്ഞുപോകും. ആരുമില്ലാതായി പോകുന്നതിന്റെ വേദന അറിയുന്നവരും പിടഞ്ഞുപോകും.

ഇടിഞ്ഞുപൊളിഞ്ഞു വീഴാനായ ഒരു വീട്ടിലാണ് അവർ താമസിക്കുന്നത്. വസ്ത്രങ്ങളിൽ അധികവും എലി ഭക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. എലിക്കും തിന്നാൽ ആ വീട്ടിൽ ചിലപ്പോൾ വസ്ത്രമല്ലാതെ മറ്റൊന്നുമുണ്ടാകില്ല.

എനിക്ക് കാലുപിടിച്ച് പറയാനുള്ളത് അബ്ദുൽ മജീദിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമാണ്.

ജീവിതത്തിൽ പലതും സംഭവിച്ചേക്കും. തെറ്റാണെന്നോ ശരിയാണെന്നോ തിരിച്ചറിയാത്ത നിമിഷങ്ങളിലൂടെയൊക്കെ സഞ്ചരിക്കേണ്ടി വരും. പക്ഷെ, ജീവിതത്തിലെ മുൻചെയ്തികളെ മറ്റൊരു വലിയ തെറ്റുകൊണ്ട് മറികടക്കാൻ ശ്രമിക്കരുത്. സ്വയം തോറ്റുപോകും.

നിങ്ങളുടെ മക്കളാണവർ, നിങ്ങളുടെ ശരീരത്തിലെ അതേ ചോരയുടെ ഒരംശവും വഹിച്ച് ജീവിക്കുന്ന കുട്ടികൾ. നിങ്ങളല്ലാതെ മറ്റാരാണ് അവരെ ഏറ്റെടുക്കാനുള്ളത്. ആരോരുമില്ലാതെ ഈ മക്കൾ ഇല്ലാതാകുന്നതാകുമോ നിങ്ങൾക്ക് സന്തോഷം പകരുന്നത്. പോലീസിനെ കാണുമ്പോൾ പേടിച്ചേടുകയാണ് നിങ്ങളുടെ മക്കൾ. പുറത്തേക്കിറങ്ങുമ്പോൾ പോലീസുണ്ടോയെന്ന് അവർ ചുറ്റിലും കണ്ണോടിച്ചാണ് ഓരോ ചുവടും വെക്കുന്നത്.

ജീവിച്ചിരിക്കുന്ന മക്കളെ എങ്ങോട്ടെങ്കിലും എറിഞ്ഞുകൊടുത്തിട്ട് നിങ്ങൾക്കെന്ത് സമാധാനം കിട്ടാനാണ്. ഒ്ന്നും കിട്ടാനില്ല.

നിങ്ങളുടെ മക്കളാണ്. അവരെ ഏറ്റെടുക്കുക. മജീദിന്റെ കുടുംബത്തോടും ഇതു തന്നെയാണ് പറയാനുള്ളത്.

അതിലൊത്തിരി പുണ്യമുണ്ടാകും.

click me!