ചൂടിന്‍റെ കാഠിന്യം കുറയുന്നു; യുഎഇയില്‍ ഉച്ചവിശ്രമം അവസാനിച്ചു

By Web TeamFirst Published Sep 16, 2018, 12:28 AM IST
Highlights

ഉച്ചയ്ക്ക് 12.30 മുതല്‍ മുന്ന് മണിവരെ തൊഴിലാളികളെ കൊണ്ട് നേരിട്ട് വെയിലേല്‍ക്കുന്ന ജോലികള്‍ ചെയ്യിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് കഴിഞ്ഞ 14 വര്‍ഷമായി ഉച്ചവിശ്രമ നിയമം അനുവദിക്കുന്നത്

ദുബായ്: യുഎഇയില്‍ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നടപ്പാക്കിയ ഉച്ചവിശ്രമം അവസാനിച്ചു. കാര്യമായ പരാതികള്‍ ഇത്തവണ ഉയർന്നില്ല. രാജ്യത്ത് ചൂട് കടുത്ത് തുടങ്ങിയ ജൂണ്‍ മാസം 15 മുതലാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നല്‍കികൊണ്ട് മന്ത്രാലയം ഉത്തരവിട്ടത്.

ഉച്ചയ്ക്ക് 12.30 മുതല്‍ മുന്ന് മണിവരെ തൊഴിലാളികളെ കൊണ്ട് നേരിട്ട് വെയിലേല്‍ക്കുന്ന ജോലികള്‍ ചെയ്യിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് കഴിഞ്ഞ 14 വര്‍ഷമായി ഉച്ചവിശ്രമ നിയമം അനുവദിക്കുന്നത്. നിയമ ലംഘനം കണ്ടെത്തുന്നതിനായി 350 പരിശോധന സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

നിയമം ലംഘിച്ച കമ്പനികള്‍ക്ക് ഒരു ജോലിക്കാരന് 5000 ദിര്‍ഹം വീതം പരമാവധി 50,000 ദിര്‍ഹം വരെയായിരുന്നു പിഴ ശിക്ഷ. വലിയ പരാതികള്‍ക്ക് ഇട നല്‍കാതെ ഇത്തവണ കമ്പനികള്‍ നിയമം പാലിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് അസഹ്യമായ ചൂട് അധിക ദിവസം നീളില്ലെന്നാണ് കാലാവസ്ഥാകേന്ദ്രം നല്‍കുന്ന സൂചനകള്‍.

50 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ നിന്ന് പല എമിറേറ്റുകളിലും 40 ഡിഗ്രിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. അലെയിനിലെ ചില മേഖലകളിലാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്.

click me!