Latest Videos

ജര്‍മ്മനിയില്‍ മിന്നല്‍ പ്രളയം, മരണം 180 കടന്നു; കാലവസ്ഥ വ്യതിയാനമോ കാരണം.?

By Web TeamFirst Published Jul 18, 2021, 12:13 PM IST
Highlights

നിലവില്‍ നൂറുകണക്കിന് പേരെ കാണാനില്ല എന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്. നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഭരണ സംവിധാനങ്ങള്‍ കനത്ത മഴ തുടരുന്നതിനാല്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നന്നെ വിഷമിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

റചട്ടിയിൽ നിന്ന് എരുതീയിലേക്ക് നിന്നും എരിതീയിലേക്ക് എന്ന അവസ്ഥയിലാണ് യൂറോപ്പില്‍ ജര്‍മ്മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍. ആഴ്ചകള്‍ക്ക് മുന്‍പ് ഉയര്‍ന്നുനിന്ന അന്തരീക്ഷ താപനിലയാണ് ഈ രാജ്യങ്ങളെ വലച്ചതെങ്കില്‍ ഇപ്പോള്‍ പ്രശ്നം പെരുംമഴയും പ്രളയവുമാണ്. ജര്‍മ്മനിയിലും ബെല്‍ജിയത്തിലുമായി ഇതിനകം 180 മരണങ്ങളാണ് പ്രളയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

നിലവില്‍ നൂറുകണക്കിന് പേരെ കാണാനില്ല എന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്. നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഭരണ സംവിധാനങ്ങള്‍ കനത്ത മഴ തുടരുന്നതിനാല്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നന്നെ വിഷമിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ജര്‍മ്മനിയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 150, മുപ്പതോളം മരണം ബെല്‍ജിയത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 14നും 15 നും ഇടയില്‍ ജര്‍മ്മനിയില്‍ പെയ്തത് 100 മില്ലി മീറ്റര്‍ മുതല്‍ 150 മില്ലിമീറ്റര്‍ വരെ മഴയാണ്. രണ്ട് മാസത്തിനുള്ളില്‍ ജര്‍മ്മനിയില്‍ പെയ്ത മഴയാണ് രണ്ട് ദിവസത്തില്‍ പെയ്തത്. ഉയര്‍ന്ന പ്രദേശത്തെ തണുത്ത കാലവസ്ഥ കാരണം വലിയ തോതില്‍ മഴമേഘങ്ങളുടെ ബാന്‍റുകള്‍ സൃഷ്ടിക്കപ്പെട്ടതാണ് കടുത്ത മഴയ്ക്ക് കാരണമായത് എന്നാണ് കാലവസ്ഥ നിരീക്ഷകരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍പും യൂറോപ്പ് പ്രളയങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും, പ്രളയത്തിന് കാരണമായ ജലത്തിന്‍റെ തോതു, അത് ഉണ്ടാക്കിയ നാശനഷ്ടങ്ങളും പരിഗണിച്ചാല്‍ ഇത്തവണത്തെ ജൂലൈ പ്രളയം പ്രത്യേകം പരിശോധിക്കേണ്ടിവരും എന്നാണ് ജര്‍മ്മന്‍ ശാത്രജ്ഞന്‍ സ്കെ സ്ക്രോട്ടര്‍ പറയുന്നത്. അതേ സമയം പ്രളയത്തില്‍ മരണസംഖ്യ വര്‍ദ്ധിച്ചത് ജര്‍മ്മനിയില്‍ ചര്‍ച്ചയാകുന്നുണ്ട്. ബിബിസി റിപ്പോര്‍ട്ട് പ്രകാരം പ്രളയ മുന്നറിയിപ്പ് നേരത്തെ യൂറോപ്യന്‍ ഫ്ലെഡ് അവേര്‍നസ് സിസ്റ്റം നല്‍കിയിരുന്നു എന്നാണ് പറയുന്നത്.

ഈ സിസ്റ്റത്തിന്‍റെ ഉപദേശകന്‍ പ്രോ. ഹനാഹ് ക്ലോക്ക് പറയുന്നത് അനുസരിച്ച്, വളരെ വലിയൊരു പ്രളയത്തിനുള്ള സാധ്യത മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. ദേശീയ കാലവസ്ഥ ഏജന്‍സികള്‍ക്കാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ അവിടെ നിന്നും വിവരങ്ങള്‍ കൈമാറുന്നതിലും, പ്രദേശിക തയ്യാറെടുപ്പുകള്‍ നടത്തുന്നതിലും വന്ന പ്രശ്നങ്ങള്‍ പ്രളയ ദുരന്തം രൂക്ഷമാക്കുന്നതിലേക്ക് നയിച്ചിരിക്കാം. ജര്‍മ്മനിയില്‍ വിവിധ പ്രദേശങ്ങളില്‍ പ്രദേശികമായി രൂപപ്പെട്ട ഒരു കാലവസ്ഥ മുന്നറിയിപ്പ് സംവിധാനമാണ്. അതിനാല്‍ കേന്ദ്രീകൃതമായ മുന്നറിയിപ്പുകള്‍ ലഭിക്കാത്തത് പ്രദേശികമായി പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതേ സമയം പ്രളയം നന്നായി ബാധിച്ച റിഹാനിയേലാന്‍റെ, പാലറ്റിനേറ്റ് എന്നീ ജര്‍മ്മന്‍ സംസ്ഥാനങ്ങളില്‍ പ്രളയ തയ്യാറെടുപ്പുകള്‍ വൈകിയത് പ്രളയം രൂക്ഷമാക്കാന്‍ കാരണമായെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍ തന്നെ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. 

അതേ സമയം തന്നെ ജര്‍മ്മനിയിലെ ജനത ഇത്രയും രൂക്ഷമായ ഒരു കാലാവസ്ഥ ദുരന്തത്തെ അടുത്തകാലത്തൊന്നും നേരിട്ടിട്ടില്ല എന്നതും ദുരന്തത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പലപ്പോഴും ചെറിയ നദികള്‍ കരകവിഞ്ഞ് ഒഴുകിയാണ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ഇത്തരം നദികളുടെ കരയില്‍ താമസിച്ചവരെയാണ് പ്രളയം കൂടുതലായി ബാധിച്ചത്. ഇത്തരം നദികളില്‍ പൊതുവെ പ്രളയം തടയാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകാറില്ല, അപ്രതീക്ഷിതമായ പേമാരിയില്‍ ഇവ അതിന്‍റെ അപകട നിലയ്ക്ക് മുകളിലായി കരയിലേക്ക് ഒഴുകി ദുരന്തം സൃഷ്ടിച്ചു. വന്‍ ആഘാതം സംഭവിച്ച പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള പേമാരി ഇതുവരെ ഉണ്ടായിട്ടില്ല എന്നതും അപ്രതീക്ഷിത പ്രളയത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിച്ചു.

ഇത്തരം ഒരിക്കലും പ്രളയം പ്രതീക്ഷിക്കാത്ത പ്രദേശങ്ങളില്‍ വെള്ളം ഇരച്ച് എത്തിയത് ദുരിതാശ്വാസ പ്രവര്‍ത്തനത്തെയും ബാധിച്ചു. അതിനാല്‍ തന്നെ ഇവിടെ നിന്നും ആളുകളെ മാറ്റുവാന്‍ കാലതാമസം വന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി. പലപ്പോഴും അടിയന്തര മുന്നറിയിപ്പുകളായി നല്‍കിയ രണ്ട് കാര്യങ്ങള്‍ അവഗണിച്ചതാണ് പല മരണങ്ങള്‍ക്കും കാരണമായത്. ഒന്നാമത് വീടിന്‍റെ ബേസ്മെന്‍റില്‍ ഒരിക്കലും രക്ഷ തേടരുത്, വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഈ രണ്ട് മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് പലരുടെയും ജീവന്‍ നഷ്ടപ്പെടാന്‍ കാരണം അധികാരികള്‍ പറയുന്നു.

ജര്‍മ്മനിയിലെ മിന്നല്‍ പ്രളയം ആഗോള കാലവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമാണോ എന്ന ചര്‍ച്ചയും അതേ സമയം സജീവമാകുകയാണ്. ജര്‍മ്മന്‍ ആഭ്യന്തര മന്ത്രി ഹോര്‍സ്റ്റ് സീഹോര്‍ഫര്‍ കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യാഘാതം എന്നാണ് പ്രളയത്തെ വിശേഷിപ്പിച്ചത്. ഇത്തരം വെല്ലുവിളികള്‍ ഭാവിയില്‍ നേരിടാനും രാജ്യം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വിശദമായ പഠനത്തിലൂടെ അല്ലാതെ ആഗോള കാലാവസ്ഥ വ്യതിയാനവുമായി പ്രളയത്തെ കൂട്ടിക്കെട്ടുന്നതില്‍ വിദഗ്ധര്‍ പ്രതികൂലമായാണ് പ്രതികരിക്കുന്നത്.  ജര്‍മ്മന്‍ ശാത്രജ്ഞന്‍ സ്കെ സ്ക്രോട്ടര്‍ പറയുന്നത് അനുസരിച്ച് ഇത്തരം സംഭവങ്ങളെ കൂടുതല്‍ ഗൌരവമായി കാണുവാന്‍ സാധിക്കേണ്ടതുണ്ട്. ആഗോള താപനവും കാലവസ്ഥ വ്യതിയാനവും ഇത്തരം സംഭവ വികാസങ്ങള്‍ക്ക് കാരണമാകാം എന്ന സാധ്യത അദ്ദേഹം തള്ളികളയുന്നില്ല.

Photo Story: അതിശക്തമഴയില്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ പ്രളയം; 70 മരണം, 1300 ഒളം പേരെ കാണാതായി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!