Latest Videos

'കേരളത്തിന്‍റെ ആകാശത്ത് 30 അജ്ഞാത വിമാനങ്ങള്‍': കഴിഞ്ഞ 11ന് പുലര്‍ച്ചെ കാണപ്പെട്ട ആ ആകാശ വിസ്മയത്തിന്‍റെ രഹസ്യം

By Web TeamFirst Published Jan 15, 2020, 9:21 PM IST
Highlights

യുഎസിലെ ഫ്ലോറിഡയിലെ കേപ് കനാവറല്‍  സ്റ്റേഷനില്‍ നിന്ന് ജനുവരി ഏഴാം തിയതി ഇന്ത്യന്‍ സമയം രാവിലെ 8.49 ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് തൊടുത്തുവിട്ട ഉപഗ്രങ്ങളാണ് കേരളത്തിലുള്ളവര്‍ കണ്ടതെന്നാണ് വിശദീകരണം. 

കോഴിക്കോട്: ആകാശത്ത് കഴിഞ്ഞ ജനുവരി 11ന് പുലര്‍ച്ചെ മുപ്പതോളം വിമാനങ്ങള്‍ നിരനിരയായി പറക്കുന്നത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ കണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വിവിധ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സംഭവത്തെ കുറിച്ച് പൊലീസും അന്വേഷിച്ചിരുന്നു. ഇപ്പോള്‍ ഈ വിഷയത്തെ കുറിച്ച് കോഴിക്കോട് മേഖല ശാസ്ത്രകേന്ദ്രം നല്‍കുന്ന വിശദീകരണം ഇതാണ്.

യുഎസിലെ ഫ്ലോറിഡയിലെ കേപ് കനാവറല്‍  സ്റ്റേഷനില്‍ നിന്ന് ജനുവരി ഏഴാം തിയതി ഇന്ത്യന്‍ സമയം രാവിലെ 8.49 ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് തൊടുത്തുവിട്ട ഉപഗ്രങ്ങളാണ് കേരളത്തിലുള്ളവര്‍ കണ്ടതെന്നാണ് വിശദീകരണം. ജനുവരി 11ന് അതിരാവിലെ 5.34 മുതല്‍ 5.36 വരെ  ആകാശത്തില്‍  വടക്കുകിഴക്കായി 2.9 കാന്തിമാനത്തോടെ ഉപഗ്രഹങ്ങളുടെ സഞ്ചാരം  കേരളത്തില്‍ ദൃശ്യമാകുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഉപഗ്രഹങ്ങള്‍ അന്തിമ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതോടെ ഭൂമിയില്‍ നിന്നും അവ ദൃശ്യമാകാനുള്ള സാധ്യത ഇല്ലാതാകും.

ഫാല്‍ക്കണ്‍ 9 റോക്കറ്റ് ആകാശത്ത് എത്തിച്ച  60 ഉപഗ്രഹങ്ങളാണ് കേരളത്തില്‍ ദൃശ്യമായത്. സ്‌പെയ്‌സ് - എക്‌സ്  എന്ന സ്വകാര്യ കമ്പനി വിഭാവനം ചെയ്ത സ്റ്റാര്‍ലിങ്ക് എന്ന കൂറ്റന്‍ ഉപഗ്രഹ ശൃംഖലയുടെ മൂന്നാം ഘട്ടമായിട്ടാണ് ജനുവരി ഏഴിന് അറുപത് ഉപഗ്രങ്ങള്‍ വിക്ഷേപിച്ചത്. ആദ്യ രണ്ടു ഘട്ടങ്ങളിലായി 60 വീതം ഉപഗ്രഹങ്ങള്‍ 2019 മെയ് മാസത്തിലും നവംബറിലും ബഹിരാകാശത്ത് എത്തിച്ചിരുന്നു. 

ആദ്യമയച്ച രണ്ട് പരീക്ഷണ ഉപഗ്രഹങ്ങളടക്കം 182 ഉപഗ്രഹങ്ങളാണ് ഇതുവരെ ഈ ശൃംഖലയില്‍ വിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. ഉപഗ്രഹങ്ങളെ വളരെ താഴ്ന്ന  ഭ്രമണപഥത്തില്‍ വിക്ഷേപിച്ചു കൊണ്ട് അതി വേഗതയുള്ളതും ചെലവു കുറഞ്ഞതുമായ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയാണ്  സ്‌പേസ്-എക്‌സ് പദ്ധതി.

സ്‌പെയ്‌സ്- എക്‌സ് 12000 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള അനുമതി ഇതിനോടകം നേടിക്കഴിഞ്ഞിട്ടുണ്ട്. 800 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെട്ടു കഴിഞ്ഞാല്‍ ഉപഗ്രഹ ശൃംഖല പ്രവര്‍ത്തിച്ചു തുടങ്ങും. അതിനിനിയും ഒരു ഡസനോളം വിക്ഷേപണങ്ങള്‍ കഴിയണം. 42000 ഉപഗ്രഹങ്ങളെ വിക്ഷേപിച്ച് പദ്ധതി പൂര്‍ത്തിയാക്കാനാണ് സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വ്യവസായ പ്രമുഖനും ടെസ്ലയുടെ സിഇഒ യുമായ എലന്‍ മസ്‌കിന്റെ കമ്പനിയാണ്  സ്‌പേസ്-എക്‌സ്.

click me!