മലയാള സിനിമയുടെ 'കഥാപുരുഷന്' എണ്‍പതിന്‍റെ ചെറുപ്പം; അടൂര്‍ ഗോപാലകൃഷ്‍ണന് ഇന്ന് പിറന്നാള്‍

By Web TeamFirst Published Jul 3, 2021, 12:33 PM IST
Highlights

അടൂര്‍ ചലച്ചിത്ര ജീവിതത്തില്‍ നിന്നു വിരമിച്ചുവെന്ന് അദ്ദേഹത്തിന്‍റെ പ്രേക്ഷകര്‍ വിശ്വസിക്കുന്നില്ല

ആറ് പതിറ്റാണ്ട് നീളുന്ന സിനിമാ ജീവിതത്തില്‍ ആകെ ചെയ്‍തത് 12 ഫീച്ചര്‍ ഫിലിമുകള്‍ മാത്രം. പക്ഷേ അടൂര്‍ ഗോപാലകൃഷ്‍ണന്‍ എന്ന ചലച്ചിത്രകാരന് ലോകസിനിമാഭൂപടത്തില്‍ മലയാളത്തിന്‍റെ സാന്നിധ്യമാവാന്‍ എണ്ണത്തില്‍ അത്രയും മതിയായിരുന്നു. അഥവാ എണ്ണത്തിലല്ല, കലാസൃഷ്‍ടിയുടെ വണ്ണത്തിലാണ്, കാമ്പിലാണ് അദ്ദേഹം വിശ്വസിച്ചത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ‍്യൂട്ടില്‍ നിന്നുള്ള പഠനം കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോള്‍ തന്‍റെ മനസ്സിലുള്ള സിനിമ ചെയ്‍താല്‍ കാണാന്‍ ആളുണ്ടാവില്ലെന്ന് മനസിലാക്കിയ അദ്ദേഹം പ്രേക്ഷകാഭിരുചിയില്‍ മാറ്റം വരുത്താനായി 'ചിത്രലേഖ' എന്ന പേരില്‍ ഫിലിം സൊസൈറ്റി ആരംഭിച്ചതും ആ വിശ്വാസം കൊണ്ടായിരുന്നു. പിന്നീടിങ്ങോട്ട് സിനിമയെക്കുറിച്ചുള്ള സ്വന്തം ബോധ്യത്തില്‍ വിട്ടുവീഴ്ചകളൊന്നും ചെയ്യാതിരുന്ന, ആ കാര്‍ക്കശ്യത്തിന്‍റെയും സത്യസന്ധതയുടെയും പേരില്‍ ലോകസിനിമാപ്രേമികളുടെ സ്നേഹാദരങ്ങള്‍ നേടിയ ചലച്ചിത്രകാരന് ഇന്ന് എണ്‍പതാം പിറന്നാള്‍.

 

ഫിലിം ഇന്‍സ്റ്റിറ്റ‍്യൂട്ട് പഠനം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം ഡോക്യുമെന്‍ററികളിലൂടെയാണ് സിനിമാജീവിതം ആരംഭിക്കുന്നത്. സമാന്തരമായി 'ചിത്രലേഖ'യുടെ പ്രവര്‍ത്തനവും. വാണിജ്യസിനിമയുടെ സ്ഥിരം ചേരുവകളില്‍ നിന്ന് പ്രേക്ഷകരുടെ രുചിമുകുളങ്ങളെ മുക്തമാക്കാതെ സ്വതന്ത്രമായൊരു സൃഷ്‍ടി സാധ്യമല്ലെന്ന ബോധ്യമായിരുന്നു അടൂരിന്. അതിനാല്‍ ഫിലിം ഇന്‍സ്റ്റ‍ിറ്റ‍്യൂട്ട് പഠനം കഴിഞ്ഞ് എത്തിയിട്ടും ഏഴ് വര്‍ഷം കഴിഞ്ഞാണ് ആദ്യചിത്രമായ 'സ്വയംവരം' സംവിധാനം ചെയ്യുന്നത്. മലയാളത്തിന്‍റെ നടപ്പുരീതികളെയാകെ പൊളിച്ച ആ ഒറ്റ ചിത്രത്തിലൂടെ അടൂര്‍ ഗോപാലകൃഷ്‍ണന്‍ എന്ന നവാഗത സംവിധായകനെ ഇന്ത്യന്‍ സിനിമാലോകം മൊത്തം ശ്രദ്ധിച്ചു. നാല് ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രം മോസ്‍കോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പിന്നീട് അടൂര്‍ ഗോപാലകൃഷ്‍ണന്‍ ചിത്രങ്ങള്‍ ദേശീയ, അന്തര്‍ദേശീയ പുരസ്‍കാരങ്ങള്‍ നേടുന്നത് ഒരു വാര്‍ത്ത അല്ലാതായി. മറിച്ച് അദ്ദേഹത്തിന്‍റെ ചിത്രത്തിന് പുരസ്‍കാരം ഇല്ലെങ്കിലായി വാര്‍ത്ത. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ മുതല്‍ പത്മവിഭൂഷണും ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും തുടങ്ങി അമേരിക്കന്‍ സര്‍വ്വകലാശാലയിലെ 'അടൂര്‍ ഗോപാലകൃഷ്‍ണന്‍ ചെയര്‍' വരെ നീളുന്നു ആ നേട്ടങ്ങള്‍. സ്ക്രീനിലെ കഥാവതരണരീതിക്കൊപ്പം നിര്‍മ്മാണശൈലിയിലും നിരവധി പ്രത്യേകതകള്‍ ഉണ്ട് അടൂരിന്. മലയാളസിനിമയിലെ ഏറ്റവും വിപണിമൂല്യമുള്ള താരങ്ങളെപ്പോലും അഭിനേതാക്കള്‍ മാത്രമായി അദ്ദേഹം കണ്ടു. മനസിലുള്ള കഥാപാത്രങ്ങളെ തനിമയോടെ ക്യാമറയിലേക്ക് പകര്‍ത്താന്‍ അവരുടെ സ്ക്രീന്‍ ഇമേജ് അതിനാല്‍ത്തന്നെ ഒരു തടസ്സമായില്ല. മമ്മൂട്ടി അവതരിപ്പിച്ച ഭാസ്‍ക്കര പട്ടേലറും (വിധേയന്‍) വൈക്കം മുഹമ്മദ് ബഷീറുമൊക്കെത്തന്നെ (മതിലുകള്‍) ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം.

 

ഛായാഗ്രഹണവും ശബ്‍ദസന്നിവേശവുമടക്കം സിനിമയുടെ സമസ്‍ത മേഖലകളിലും കാലഘട്ടത്തിന്‍റേതായ സാങ്കേതികവളര്‍ച്ചാ പരിമിതികളെ മറികടന്ന് പൂര്‍ണ്ണതയിലെത്താന്‍ പ്രയത്നിച്ച ചലച്ചിത്രകാരനുമാണ് അടൂര്‍. ഹോളിവുഡ് സിനിമകളുടെ ആവര്‍ത്തനങ്ങളായ കളര്‍ ടോണുകള്‍ക്കു പകരം ആവിഷ്‍കരിച്ച ജീവിതം പോലെ കേരളത്തിലെ വെയിലും മഴയും ഋതുക്കളുമൊക്കെ യഥാതഥമെന്നതുപോലെ അദ്ദേഹം സ്ക്രീനില്‍ എത്തിച്ചു. സ്റ്റുഡിയോയില്‍ നേരത്തെ റെക്കോര്‍ഡ് ചെയ്‍തുവച്ച ശബ്‍ദങ്ങള്‍ക്കു പകരം തിരമാലയുടെയും കാറ്റിലാടുന്ന പനയിലകളുടെയും എലിപ്പത്തായത്തിന്‍റെയുമൊക്കെ ശബ്ദം സ്വന്തം സിനിമയ്ക്കുവേണ്ടി അദ്ദേഹം ആവശ്യാനുസരണം റെക്കോര്‍ഡ് ചെയ്‍ത് ഉപയോഗിച്ചു. അടൂര്‍ ചിത്രങ്ങളുടെ ഛായാഗ്രഹണത്തിന്‍റെ പേരില്‍ മങ്കട രവിവര്‍മ്മയും ശബ്‍ദസന്നിവേശത്തിന്‍റെ പേരില്‍ ദേവദാസും എക്കാലവും ഓര്‍മ്മിക്കപ്പെട്ടു.

 

അതേസമയം അടൂര്‍ ഗോപാലകൃഷ്‍ണന്‍ അവസാനമായി ഒരു ഫീച്ചര്‍ ചിത്രം സംവിധാനം ചെയ്‍തിട്ട് അഞ്ച് വര്‍ഷങ്ങള്‍ ആയി. 2016ല്‍ പുറത്തിറങ്ങിയ 'പിന്നെയും' ആയിരുന്നു ആ ചിത്രം. അടൂരിനെ സംബന്ധിച്ച് രണ്ട് ചിത്രങ്ങള്‍ക്കിടയില്‍ അഞ്ച് വര്‍ഷം എന്നത് ഒരു കാലയളവല്ല. അടൂരിന്‍റെ സമകാലികരായ ലോകസിനിമയിലെ പല ആചാര്യന്മാരും ഇപ്പോഴും സിനിമകള്‍ ചെയ്യുന്നുണ്ട്. അതിനാല്‍ത്തന്നെ അടൂര്‍ ചലച്ചിത്ര ജീവിതത്തില്‍ നിന്നു വിരമിച്ചുവെന്ന് അദ്ദേഹത്തിന്‍റെ പ്രേക്ഷകര്‍ വിശ്വസിക്കുന്നില്ല. 

click me!