പിറ്റ ടൗഫടോഫുയ, മെഡലൊന്നും കിട്ടിയില്ലെങ്കിലും വേണ്ട ഗൂഗിള്‍ ട്രെന്‍റില്‍ ഞാനും നാടും കയറും; അത് കട്ടായം.!

By Web TeamFirst Published Jul 23, 2021, 8:54 PM IST
Highlights

ഗജരാജ നട എന്നൊക്കെ ചിലരുടെ നടത്തത്തെ പറയാറുണ്ട്. ഒളിംപിക്സ് വേദിയിലേക്കുള്ള പിറ്റ ടൗഫടോഫുയുടെ വരവ് അതാണ്. തുടര്‍ച്ചയായ മൂന്നാം ഒളിംപിക്സ് വേദിയിലും വലിയ കായിക നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ടോംഗോ എന്ന കൊച്ചു പസഫിക്ക് രാജ്യത്തിൽ നിന്നു വരുന്ന പിറ്റ കായികലോകത്തും സമൂഹ മാധ്യമങ്ങളിലും ട്രെന്‍റായി കഴിഞ്ഞു.

ടോക്കിയോ: ഒളിംപിക്സ് വേദിയില്‍ മത്സരത്തിലെത്തുന്ന ഒരോ താരത്തിനും മെഡല്‍ എന്ന ലക്ഷ്യമാണുള്ളത്, എന്നാല്‍ ഉദ്ഘാടന വേദിയില്‍ തന്നെ എല്ലാവരെയും ഞെട്ടിപ്പിക്കണം. പിന്നെ പറ്റിയാല്‍ താനും തന്‍റെ നാടായ ടോംഗോയും ഗൂഗിള്‍ ട്രെന്‍റിലും, സോഷ്യല്‍ മീഡിയയിലും ഒരുപോലെ വൈറലാകണം. ഇങ്ങനെ ചിന്തിക്കുന്ന കായികതാരത്തിന്‍റെ പേരാണ് പിറ്റ ടൗഫടോഫുയ.

ടോക്കിയോയിലെ ഒളിംപിക് വേദിയില്‍ ടോംഗോ എന്ന കൊച്ചു രാജ്യത്തിന്‍റെ പതാകവാഹകനാണ് ടൗഫടോഫുയ. റിയോയിലും, കഴിഞ്ഞ ശൈത്യകാല ഒളിംപിക്സിലും എല്ലാം ഇതേ കൊടിപിടിച്ചാണ് പിറ്റ ടൗഫടോഫുയ ഉദ്ഘാടന വേദിയില്‍ അണിനിരന്നത്. എന്താണ് ഇദ്ദേഹത്തിന്‍റെ പ്രത്യേകത, അതേ, ടൗഫടോഫുയ ഷര്‍ട്ട് ഇടാറില്ല. ദേഹം മൊത്തം വെളിച്ചെണ്ണ തേച്ച് തിളങ്ങുന്ന ശരീരരത്തില്‍ ടോംഗോയുടെ പരമ്പരാഗത വസ്ത്രവും ധരിച്ച് ഒരു വരവാണ്.

ഗജരാജ നട എന്നൊക്കെ ചിലരുടെ നടത്തത്തെ പറയാറുണ്ട്. ഒളിംപിക്സ് വേദിയിലേക്കുള്ള പിറ്റ ടൗഫടോഫുയുടെ വരവ് അതാണ്. തുടര്‍ച്ചയായ മൂന്നാം ഒളിംപിക്സ് വേദിയിലും വലിയ കായിക നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ടോംഗോ എന്ന കൊച്ചു പസഫിക്ക് രാജ്യത്തിൽ നിന്നു വരുന്ന പിറ്റ കായികലോകത്തും സമൂഹ മാധ്യമങ്ങളിലും ട്രെന്‍റായി കഴിഞ്ഞു.

റിയോയില്‍ 2016 ഇദ്ദേഹം ഇത്തരത്തില്‍ തന്‍റെ പരമ്പരാഗത രീതിയിലുള്ള വേഷം ധരിച്ച് പതാക വഹിച്ചെത്തിപ്പോള്‍ ഇന്‍റര്‍നെറ്റില്‍ “where is Tonga?” എന്ന് സെര്‍ച്ച് ചെയ്തവര്‍ 230 ദശലക്ഷം വരും എന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. പക്ഷെ അന്ന് ടൗഫടോഫുയ പറഞ്ഞത്, ഞാന്‍ പങ്കെടുത്ത തായ്ക്വണ്ടോയില്‍ ഒന്നാംറൗണ്ടില്‍ പുറത്തായി, പക്ഷെ എന്റെ രാജ്യത്തെ ഗൂഗിള്‍ ട്രെന്‍റ് ആക്കാനായി എന്നായിരുന്നു.

അതിനുശേഷം ദക്ഷിണ കൊറിയയിലെ ശൈത്യകാല ഒളിംപിക്സിന്റെ ഉദ്ഘാടനത്തിൽ താരമായും ടോംഗോയുടെ ഏക പ്രതിനിധിയായി ടൗഫടോഫുയ പങ്കെടുത്തു. ക്രോസ് കണ്‍ട്രി സ്കൈയറിലാണ് ടൗഫടോഫുയ  അന്ന് പങ്കെടുത്തത്. താന്‍ ശരിക്കും മഞ്ഞ് കണ്ടിട്ടുപോലുമില്ലെന്നാണ് ടൗഫടോഫുയ അന്ന് പറഞ്ഞത്.

അന്ന് 10 ഡിഗ്രിയില്‍ താഴെയായിരുന്ന ശൈത്യകാല ഒളിംപിക്സ് ഉദ്ഘാടന വേദിയില്‍ മേൽ വസ്ത്രമൊന്നും ധരിക്കാതെ ടോംഗോ കൊടിയും പിടിച്ച് ഇദ്ദേഹം നടന്നു. വെളിച്ചെണ്ണയൊഴിച്ച ശരീരവും, അരയ്ക്ക് താഴെ മാത്രം വസ്ത്രവുമായി. തന്‍റെ വസ്ത്രത്തെ വിമര്‍ശിക്കുന്നവരോട് പിറ്റ ടൗഫടോഫുയ പറയുന്നത് ഇതാണ്, എന്‍റെ പൂര്‍വ്വികര്‍ 1000 വര്‍ഷത്തോളം ഉപയോഗിച്ച വസ്ത്രമാണിത്, ഇത് ഉപയോഗിച്ചാണ് പസഫിക്കില്‍ നിന്തീ അവര്‍ ഉപജീവനം നടത്തിയത്.

ശ്രദ്ധാകേന്ദ്രമാകാന്‍ വേണ്ടി മാത്രല്ല  പിറ്റ ടൗഫടോഫുയ ഇതൊന്നും ചെയ്യുന്നത്. യൂനിസെഫിന്‍റെ പസഫിക്ക് അംബാസിഡറാണ് അദ്ദേഹം. യൂണിവേഴ്സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍റില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയ ഈ 36 കാരന്‍. വീടില്ലാത്ത കുട്ടികളെ സഹായിക്കുന്ന ബ്രിസ്ബെയിന്‍ യൂത്ത് സര്‍വീസിന്‍റെ സജീവ അംഗവുമാണ്. 

ഓസ്‍ട്രേലിയയിലെ ബ്രിസ്ബെയിനില്‍ ഓസ്ട്രേലിയക്കാരിയായ അമ്മയ്ക്കും ടോംഗോക്കാരനായ അച്ഛനുമാണ് പിറ്റ ജനിച്ചത്. പിന്നീട് വളര്‍ന്നത് തന്‍റെ ആറ് സഹോദരന്മാര്‍ക്കൊപ്പം ടോംഗോയില്‍. ബാല്യത്തില്‍ പണമില്ലായ്മയും, പ്രശ്നങ്ങളും അലട്ടിയിരുന്നു. പക്ഷെ മക്കളെ നന്നായി പഠിപ്പിക്കാന്‍ ആ മാതാപിതാക്കള്‍ ശ്രദ്ധിച്ചു. ഏഴു മക്കളില്‍ എട്ടുപേര്‍ക്ക് ഡിഗ്രിയും, മൂന്നു പേര്‍ക്ക് മാസ്റ്റേര്‍സ് ഡിഗ്രിയും ഉണ്ടെന്ന് പിറ്റ പറയുന്നു. ചെറുപ്പത്തില്‍ ഫുട്ബോളും, പിന്നീട് അഞ്ചാം വയസു മുതല്‍ തായ്ക്വണ്ടോയും പഠിച്ചു. കൂട്ടത്തില്‍ ഉയരം കുറവായതിനാല്‍ സ്വയം രക്ഷയ്ക്കായിരുന്നു തായ്ക്വണ്ടോ പഠനം.

1996ലെ അറ്റ്ലാന്‍റാ ഒളിംപിക്സില്‍ ടോംഗോയ്ക്ക് ആദ്യമായി ഒളിംപ്ക് മെഡല്‍ നേടിക്കൊടുത്ത പെഗാ വുള്‍ഫ്ഗ്രാമയ്ക്ക്  ജന്മനാട്ടില്‍ ലഭിച്ച സ്വീകരണം കണ്ട അന്ന് മുതല്‍ പിറ്റ ഒരുകാര്യം ഉറപ്പിച്ചു, എനിക്കും  ഒളിംപ്യനാകണം. 2008 ല്‍ ഒളിംപിക്സ് യോഗ്യതയ്ക്ക് ശ്രമിച്ച ഇദ്ദേഹം മടങ്ങിയത് വീല്‍ചെയറില്‍ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തന്‍റെ സ്പോര്‍ട്സ് മോഹങ്ങള്‍ എല്ലാം അസ്ഥാനത്താകുമെന്ന് ഡോക്ടര്‍മാര്‍ പോലും വിധിയെഴുതിയ നാളുകള്‍. 

എന്നാല്‍ സ്വപ്നം അതിനേക്കാള്‍ വലുതായിരുന്നു. പിന്നീട് 2012 ലണ്ടന്‍ ഒളിംപിക്സിന് പങ്കെടുക്കാന്‍ മത്സരിച്ചു. എന്നാല്‍ അന്ന് പണമായിരുന്നു വില്ലന്‍. ലോകമീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.. പിന്നീട് കടുത്ത പരിക്കുമായി ഓഷ്യാനയിലെ യോഗ്യത മത്സരത്തില്‍ ഫൈനല്‍ വരെ എത്തി. അന്ന് നിര്‍ഭാഗ്യം വീണ്ടും പിന്നോട്ട് വലിച്ചു പിറ്റയെ. അന്ന് ഫൈനല്‍ റൌണ്ടില്‍ എതിര്‍ടീമിന്‍റെ ഫൌള്‍ ആരോപണത്തിലാണ് അയാള്‍ വീണത്.

2016 റിയോയിലേക്കായി പിന്നെ പരിശ്രമം. എന്തുകൊണ്ടും മോശം കാലമായിരുന്നു പിറ്റയ്ക്ക് അത്. തന്‍റെ പ്രണയ ബന്ധം തകര്‍ന്നു, കാര്‍ നഷ്ടപ്പെട്ടു, ഒരു പൈസയും കയ്യില്‍ ഇല്ല. യോഗ്യത മത്സരം തുടങ്ങാന്‍ രണ്ട് ദിവസം ബാക്കിയുള്ളപ്പോഴാണ് ടോംഗോയിലെ അറിയപ്പെടുന്ന ഒരു വനിത സഹായഹസ്തം നീട്ടിയത്. അങ്ങനെ ന്യൂസിലന്‍റിനെ തോല്‍പ്പിച്ച് റിയോയിലേക്ക് ടിക്കറ്റ് കിട്ടി.

റിയോയില്‍ എത്തിയപ്പോള്‍ ഞാനും കോച്ചും മാത്രമാണ് ഉണ്ടായിരുന്നത്. മാനേജന്‍, ഏജന്റ്, സ്പോണ്‍സര്‍ ഇതൊക്കെ കേള്‍ക്കുന്നത് തന്നെ ഒളിംപിക് വേദിയില്‍ വച്ചാണ് എന്ന് പിറ്റ പറയുന്നു. എന്തായാലും ദാരിദ്രവും, പണമില്ലായ്മയും എല്ലാം താണ്ടി ടോക്കിയോയിലേക്കും ഇദ്ദേഹം എത്തുകയാണ് വീണ്ടും ലോക കായിക വേദിയിലേക്ക്. ഒടുക്കം ഉദ്ഘാടനത്തിന്‍റെ ആകര്‍ഷണ കേന്ദ്രമായി മടക്കം. 

Read More: ഒളിംപിക്സ് ദീപം തെളിഞ്ഞു, ഒസാക്കയ്ക്ക് ചരിത്ര നിയോഗം; ടോക്കിയോയില്‍ ഇനി കാഴ്ചകളുടെ ആവേശപ്പൂരം

Read More: ടോക്കിയോ ഒളിംപിക്‌സ്: പുരുഷന്‍മാരുടെ അമ്പെയ്‌ത്തില്‍ ഇന്ത്യക്ക് നിരാശ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!