Asianet News MalayalamAsianet News Malayalam

ഒളിംപിക്സ് ദീപം തെളിഞ്ഞു, ഒസാക്കയ്ക്ക് ചരിത്ര നിയോഗം; ടോക്കിയോയില്‍ ഇനി കാഴ്ചകളുടെ ആവേശപ്പൂരം

ഒളിംപിക്സിന്‍റെ ജൻമനാടായ ​ഗ്രീസ് ആണ് മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത്. രണ്ടാമതായി അഭയാർത്ഥികളുടെ ടീം മാർച്ച് പാസ്റ്റ് ചെയ്തു. ജപ്പാനീസ് അക്ഷരമാല ക്രമത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ‌ 21-മതായാണ് ഇന്ത്യ എത്തിയത്. ബോക്സിം​ഗ് താരം എം.സി.മേരി കോമും ഹോക്കി ടീം നായകൻ മൻപ്രീത് സിം​ഗുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയത്.

And the Games begin: Tokyo kicks off Olympics with spectacular Opening ceremony
Author
Tokyo, First Published Jul 23, 2021, 8:20 PM IST
  • Facebook
  • Twitter
  • Whatsapp

ടോക്യോ: ലോകമാകെ പടർന്ന കൊവിഡ് മഹാമാരിയുടെ ഹർഡിലുകളെയെല്ലാം മറികടന്ന് 32-ാമത് ഒളിംപിക്സിന് ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ തിരിതെളിഞ്ഞു. ജപ്പാന്‍ ചക്രവര്‍ത്തി നരുഹിത്തോ ഒളിംപിക്സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.  പിന്നാലെ ജപ്പാന്‍റെ ബേസ്ബോള്‍ ഇതിഹാസങ്ങളായ ഹിഡേക്കി മാറ്റ്സുയിയും സദാഹരു ഓയും ഷീഗോ നഗാഷിമയും ചേര്‍ന്ന് സ്റ്റേഡിയത്തിനുള്ളിലെത്തിച്ച ഒളിംപിക് ദീപം പാരാലിംപിക് താരം വക്കാക്കോ സുചിഡക്ക് കൈമാറി. നാളുകളായുള്ള സസ്പെൻസ് അവസാനിപ്പിച്ച് ജപ്പാനീസ് ടെന്നീസ് താരം നവോമി ഒസാക്ക ഒളിംപിക് ദീപം തെളിയിച്ചു.

സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയിൽ നിന്ന് ആകാശത്ത് വർണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോ​ഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങിയത്. കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായവർക്കും വിടപറഞ്ഞ ഒളിംപ്യൻമാർക്കും ആദരമർപ്പിച്ച് മൗനമാചരിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്.

മൗനാചരണത്തിനിടെ സ്റ്റേഡിയത്തിന് പുറത്തെ ഒളിംപിക്സ് വിരുദ്ധ പ്രക്ഷോഭകരുടെ ശബ്ദം സ്റ്റേഡിയത്തിനകത്തെത്തി. ജപ്പാൻ ചക്രവർത്തി നരുഹിത്തോയും രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാക്കും ചടങ്ങിൽ പങ്കെടുത്തു. പിന്നാലെ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് ആരംഭിച്ചു.

ഒളിംപിക്സിന്‍റെ ജൻമനാടായ ​ഗ്രീസ് ആണ് മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത്. രണ്ടാമതായി അഭയാർത്ഥികളുടെ ടീം മാർച്ച് പാസ്റ്റ് ചെയ്തു. ജപ്പാനീസ് അക്ഷരമാല ക്രമത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ‌ 21-മതായാണ് ഇന്ത്യ എത്തിയത്. ബോക്സിം​ഗ് താരം എം.സി. മേരി കോമും ഹോക്കി ടീം നായകൻ മൻപ്രീത് സിം​ഗുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയത്.

20 കായികതാരങ്ങളടക്കം 28 പേരാണ് ഇന്ത്യയെ പ്രിതനിധീകരിച്ച് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. ‘മുന്നോട്ട്’ എന്ന തീം ആധാരമാക്കിയാണ് ഉദ്ഘാടന ചടങ്ങുകൾ അണിയിച്ചൊരുക്കിയത്. മാര്‍ച്ച് പാസ്റ്റില്‍ ഏറ്റവും അവസാനമായി ആതിഥേയരായ ജപ്പാനീസ് സംഘമെത്തി.

ഇനിയുളള ദിവസങ്ങളിൽ കാഴ്ചയുടെ ആവേശപ്പൂരമൊരുക്കി 33 കായിക ഇനങ്ങളിലായി കൂടുതൽ വേ​ഗത്തിൽ, ഉയരത്തിൽ, കരുത്തോടെ 205 രാജ്യങ്ങളിൽ നിന്നുള്ള 11200 കായിക താരങ്ങൾ തങ്ങളുടെ മികവിന്റെ മാറ്റുരക്കും. 41 വേദികളിൽ 33 കായിക ഇനങ്ങളിലായി 339 മെഡൽ വിഭാഗങ്ങളിലാണ് ടോക്കിയോയിൽ താരങ്ങൾ മത്സരിക്കുക. ഇന്ത്യയ്ക്കു വേണ്ടി 18 കായിക ഇനങ്ങളിലായി 126 താരങ്ങൾ കളത്തിലിറങ്ങും. ഇതിൽ ഒൻപത് മലയാളികളുമുണ്ട്.

മഹാമാരിക്കാലത്ത് വേ​ഗത്തിനും ഇയരത്തിനും കരുത്തിനുമൊപ്പം ഒരുമിച്ച് എന്നൊരു വാക്കുകൂടി അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷൻ കൂട്ടിച്ചേർത്തിട്ടുണ്ട്. ആവേശത്തിന്‍റെ പരകോടിയിലേക്ക് ഉയരാന്‍ ഇരുന്നറിലധികം രാജ്യങ്ങള്‍. ഇതിഹാസപദവിയിലേക്ക് ഉയരുമെന്ന പ്രതീക്ഷയിൽ ടോക്കിയോയിലെത്തിയ നൂറുകണക്കിന് കായിക താരങ്ങള്‍.

ലോകത്തിന്‍റെ കണ്ണുകള്‍ ഈ താരങ്ങളെ പൊതിഞ്ഞുനിൽക്കുമ്പോള്‍, ഒളിംപിക്സോളത്തില്‍ അലിയാന്‍, സമ്മോഹനമായ ആ മുഹൃര്‍ത്തങ്ങള്‍ക്ക് സാക്ഷിയാകാന്‍ കണ്ണിമ പൂട്ടാതെ നമുക്കും കാവലിരിക്കാം.ഓഗസ്റ്റ് എട്ടിനാണ് ഒളിംപിക്സിന്‍റെ സമാപനം.

And the Games begin: Tokyo kicks off Olympics with spectacular Opening ceremony

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios