ഗോളുകളും വിവാദങ്ങളും; മറഡോണയുടെ ജീവിതം വെള്ളിത്തിരയില്‍

By Web TeamFirst Published May 16, 2019, 6:34 PM IST
Highlights

ഫുട്ബാള്‍ മൈതാനത്തെ മറഡോണയുടെ മാന്ത്രികതക്ക് പുറമെ, താരത്തിന്‍റെ വിവാദ ജീവിതവും വിശദമായി ഡോക്യുമെന്‍ററിയില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് സംവിധായകന്‍ ഉറപ്പു തരുന്നു.

പാരിസ്: ആരാധകര്‍ക്ക് ഡീഗോ മറഡോണ എന്നും സമസ്യയായിരുന്നു. മൈതാനത്തെ മാന്ത്രികത പോലെ അത്ഭുതം നിറഞ്ഞതായിരുന്നു മൈതാനത്തിന് പുറത്തെ ജീവിതവും. മനോഹരമായ ഗോളുകള്‍ പോലെ മറഡോണയുടെ വ്യക്തി ജീവിതവും എക്കാലവും ചര്‍ച്ച ചെയ്യപ്പെട്ടു. ആ നിരയിലേക്ക് അവസാനമായി എത്തുകയാണ് പുതിയ ഡോക്യുമെന്‍ററി. ഓസ്കാര്‍ പുരസ്കാര ജേതാവായ അസിഫ് കപാഡിയ സംവിധാനം ചെയ്ത 'ഡീഗോ മറഡോണ' ഡോക്യുമെന്‍ററി ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.  റിബല്‍ ഹീറോ. ഹസ്ലര്‍ ഗോഡ് എന്നാണ് ഡോക്യുമെന്‍ററിയുടെ ടാഗ്ലൈന്‍. 

ചിത്രത്തിന്‍റെ ട്രെയിലര്‍

ഫുട്ബാള്‍ മൈതാനത്തെ മറഡോണയുടെ മാന്ത്രികതക്ക് പുറമെ, താരത്തിന്‍റെ വിവാദ ജീവിതവും വിശദമായി ഡോക്യുമെന്‍ററിയില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് സംവിധായകന്‍ ഉറപ്പു തരുന്നു. മറഡോണയുടെ കരിയറിലെ ഏറ്റവും മികച്ച കാലമായ ഇറ്റാലിയന്‍ ക്ലബ്ബായ നപ്പോളിയിലെ ജീവിതവും അധോലോകവുമായുള്ള ബന്ധവുമാണ് ഡോക്യുമെന്‍ററിയുടെ പ്രധാന ഇതിവൃത്തം. ചിത്രത്തിനായി മറഡോണ മൂന്ന് മണിക്കൂറോളം അഭിമുഖം അനുവദിച്ചതായി സംവിധായകന്‍ വ്യക്തമാക്കി.

അര്‍ജന്‍റീനക്കായി 1986ലെ ലോകകപ്പ് നേട്ടം, 1990ലെ ഫൈനല്‍ പ്രവേശനം, ഇംഗ്ലണ്ടിനെതിരെ 'ദൈവത്തിന്‍റെ കൈ' എന്നു വിശേഷിപ്പിച്ച ഗോള്‍, ആറു പ്രതിരോധ നിരക്കാരെ ഡ്രിബിള്‍ ചെയ്ത് നേടിയ അത്ഭുത ഗോള്‍ തുടങ്ങി നപ്പോളിയിലെ ഫുട്ബോള്‍ കാലഘട്ടവും ശേഷമുള്ള മയക്കുമരുന്ന് വിവാദവുമൊക്കെയായി നിറഞ്ഞു നില്‍ക്കുന്നതാണ് മറഡോണയുടെ ജീവിതം. 

ആമി വൈന്‍ ഹൗസിന്‍റെ ജീവിതം ആസ്പദമാക്കിയെടുത്ത ഡോക്യുമെന്‍ററിക്കാണ് അസിഫ് കപാഡിയക്ക് 2016ല്‍ ഓസ്കാര്‍ പുരസ്കാരം ലഭിച്ചത്. 2011ല്‍ ബ്രസീലിയന്‍ മോട്ടോര്‍ റേസിങ് ചാമ്പ്യന്‍ ആര്‍ട്ടണ്‍ സെന്നയെക്കുറിച്ചും ഡോക്യുമെന്‍ററിയെടുത്തിരുന്നു. നപ്പോളി താരമായിരിക്കെ മറഡോണക്ക് ഇറ്റാലിയന്‍ അധോലോകവുമായുണ്ടായിരുന്ന ബന്ധമാണ് ഡോക്യുമെന്‍ററിക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് സംവിധാകന്‍ വ്യക്തമാക്കി. കാനില്‍ പ്രദര്‍ശിപ്പിച്ച ശേഷം ജൂണ്‍ 14ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

click me!