ഇന്ത്യ പരമ്പര ജയം രുചിക്കുമ്പോള്‍ റായുഡുവിന് കയ്‌പ്പ്; വിലക്കുമായി ഐസിസി

By Web TeamFirst Published Jan 28, 2019, 3:46 PM IST
Highlights

അമ്പാട്ടി റായുഡുവിന് നിരാശ വാര്‍ത്ത. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് റായുഡുവിനെ ഐസിസി വിലക്കി.

ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര ജയം കോലിപ്പട ആഘോഷിക്കുമ്പോള്‍ അമ്പാട്ടി റായുഡുവിന് നിരാശ വാര്‍ത്ത. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് റായുഡുവിനെ ഐസിസി വിലക്കി. ജനുവരി 13ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ റായുഡുവിന്‍റെ സംശയാസ്‌പദമായ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

ബൗളിംഗ് നിയമപരമാണെന്ന് തെളിയിക്കാന്‍ 14 ദിവസത്തിനകം ഹാജരാകാത്തതിനാലാണ് ഐസിസി താരത്തെ വിലക്കിയത്. ഐസിസി നിയമാവലിയിലെ 4.2 വകുപ്പ് അനുസരിച്ചാണ് റായുഡുവിനെതിരെ നടപടി. ബൗളിംഗ് നിയമവിധേയമാണെന്ന് തെളിയിക്കും വരെ വിലക്ക് തുടരുമെന്ന് ഐസിസി വ്യക്തമാക്കി. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പന്തെറിയാന്‍ റായുഡുവിന് സാധിക്കും. 

മധ്യനിര ബാറ്റ്സ്‌മാനായ റായുഡുവിനെ പാര്‍ട്‌ടൈം സ്‌പിന്നറായി ഇന്ത്യ പരിഗണിക്കാറുണ്ട്. ഏകദിന കരിയറില്‍ 50 മത്സരങ്ങളില്‍ 121 പന്തുകള്‍ താരം എറിഞ്ഞിട്ടുണ്ട്. മൂന്ന് വിക്കറ്റാണ് സമ്പാദ്യം. അന്താരാഷ്ട്ര ടി20യില്‍ അമ്പാട്ടി റായുഡു ഇതുവരെ പന്തെറിഞ്ഞിട്ടില്ല. 

click me!