ഗോള്‍ഡ് കോ‌സ്റ്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇവരില്‍

By Web DeskFirst Published Apr 4, 2018, 2:28 AM IST
Highlights
  • 225 അംഗ സംഘമാണ് ഗോള്‍ഡ് കോസ്റ്റില്‍ സ്വര്‍ണ വേട്ടയ്ക്കിറങ്ങുന്നത്
  • ഷൂട്ടിംഗാണ് ഇന്ത്യ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഇനങ്ങളിലൊന്ന്

ഗോള്‍ഡ് കോസ്‌റ്റ് എന്ന വാക്കിന്‍റെ അര്‍ത്ഥം സുവര്‍ണ തീരം എന്നാണ്. 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകുമ്പോള്‍ ഇന്ത്യ കൊതിക്കുന്നത് ആ തീരത്തുനിന്ന് സ്വര്‍ണം ആവോളം വലയില്‍ നിറയ്ക്കാനാകും. 71 രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ 19 ഇനങ്ങളിലായി മാറ്റുരയ്ക്കുന്ന മീറ്റില്‍ 225 അംഗ സംഘമാണ് ഇന്ത്യയുടെ സ്വര്‍ണ വേട്ടയ്ക്കിറങ്ങുന്നത്. 

2014ലെ ഗ്ലാസ്ഗോ ഗെയിംസില്‍ 15 സ്വര്‍ണവും 30 വെള്ളിയും 19 വെങ്കലവുമായി 64 മെഡലുകളോടെ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഗോള്‍ഡ് കോസ്റ്റില്‍ ആ നേട്ടം മറികടക്കുക എന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇന്ത്യ ആതിഥേയത്വമരുളിയ 2010 ന്യൂ ഡല്‍ഹി ഗെയിംസില്‍ 38 സ്വര്‍ണവും 27 വെള്ളിയും 36 വെങ്കലവുമായി 101 മെഡലുകളോടെ രണ്ടാം സ്ഥാനത്തെത്തിയതാണ് ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച മെഡല്‍ കൊയ്ത്ത്. 

ഷൂട്ടിംഗ്, ഗുസ്തി, ബാഡ്‌മിന്‍റണ്‍, സ്‌ക്വാഷ്, ബോക്സിംഗ്, അ‌ത്ലറ്റിക്സ്, ഹോക്കി എന്നിവയിലാണ് കൂടുതല്‍ മെഡലുകള്‍ ഇന്ത്യ ലക്ഷ്യമിടുന്നത്‍

ന്യൂ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിനെക്കാള്‍ മികച്ച പ്രകടനം ഗോള്‍ കോസ്റ്റിലുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം. എങ്കിലും ഷൂട്ടിംഗ്, ഗുസ്തി, ബാഡ്‌മിന്‍റണ്‍, സ്‌ക്വാഷ്, ബോക്സിംഗ്, അ‌ത്ലറ്റിക്സ്, ഹോക്കി എന്നിവയിലാണ് കൂടുതല്‍ മെഡലുകള്‍ ഇന്ത്യ ലക്ഷ്യമിടുന്നത്‍. ജിംനാസ്റ്റിക്കിലും സൈക്ലിംഗിലും മെഡല്‍ നേടാമെന്ന പ്രതീക്ഷയും ഇന്ത്യയ്ക്കുണ്ട്. ഗോള്‍ഡ് കോസ്‌റ്റില്‍ ഷൂട്ടിംഗാണ് ഇന്ത്യ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഇനമെന്ന് തറപ്പിച്ച് പറയാം. 

ലോക ജേതാവ് ജിത്തു റായ്, ഒളിംപിക് ജേതാവ് ഗഗന്‍ നരംഗ്, ഏഷ്യന്‍ ഗെയിംസ് ജേതാവ് രവി കുമാര്‍, യുവതാരം അനീഷ് ബന്‍വാല എന്നിവരടങ്ങുന്ന 27 അംഗ സംഘമാണ് ഇന്ത്യയുടെത്. ഇവരില്‍ ജിത്തു റോയിയും ഗഗന്‍ നരംഗ് ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്. ഹീന സിദ്ദു, മനു ബാഖര്‍, മെഹൂലി ഘോഷ്, അപൂര്‍വ്വി ചന്ദേല തേജസ്വിനി സാവന്ദ്, അന്‍ജു മൗദ്ഗില്‍ എന്നിവരും മെഡല്‍ വെടിവെച്ചിടും എന്ന് കരുതാതെ വയ്യ. 

ഭാരദ്വാഹനമാണ് ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുള്ള മറ്റൊരിനം. ലോകചാമ്പ്യ എസ് മീരാഭായി ചാനു തന്നെയാണ് ഈ ഇനത്തില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ മത്സരാര്‍ത്ഥി. ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ സതീഷ് ശിവലിംഗം ഇക്കുറിയും മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ മെഡലുറപ്പ്. സന്‍ചിതാ ചാനു, ദീപക് ലാതെര്‍, സരസ്വതി റൗത്ത്, പൂനം ദായവ് തുടങ്ങി ഭാരദ്വാഹനത്തില്‍ ഇന്ത്യയ്ക്ക് മിന്നും താരങ്ങളേറെ. 

ഇന്ത്യയുടെ പാരമ്പര്യ ഇനമായ ഗുസ്തിയില്‍ മെഡല്‍ കൊയ്ത്ത് ഇക്കുറിയും ഉറപ്പാക്കാം. രണ്ട് തവണ ഒളിംപിക് ജേതാവായ സുശീല്‍ കുമാറാണ് ഇന്ത്യന്‍ സംഘത്തിലെ പ്രധാനി. 2016 ഒളിംപിക്സ് മെഡലിസ്റ്റ് സാക്ഷി മാലിക്കാണ് എതിരാളികളെ മലര്‍ത്തിയടിക്കാന്‍ കെല്‍പുള്ള മറ്റൊരു താരം. ബജ്റംഗ് പുനിയ, രാഹുല്‍ അവാരേ, ബബിതാ കുമാരി, പൂജ ദാണ്ഡ, വിനേഷ് ഫോഗട്ട് തുടങ്ങി ഗുസ്‌തിക്കളത്തിലെ ആ പട്ടിക നീളുന്നു. 

ബോക്‌സിംഗില്‍ അഞ്ച് തവണ ലോക ചാമ്പ്യയായ മേരി കോമാണ് ഇന്ത്യന്‍ സംഘത്തിലെ സൂപ്പര്‍ താരം. 2010 കോമണ്‍വെല്‍ത്ത് ജേതാക്കളായ മനോജ് കുമാര്‍, പിങ്കി റാണി, സരിതാ ദേവി ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ വികാസ് കൃഷ്ണന്‍, സതീഷ് കുമാര്‍ എന്നിവരാണ് ഇടിക്കൂട്ടിലെ മറ്റ് കരുത്തര്‍. മേരി കോമിനും സരിതാ ദേവിക്കും അവസാന കോമണ്‍വെല്‍ത്ത് ഗെയിംസാണ് ഇതെന്നത് മെഡല്‍ പ്രാധാന്യം കൂട്ടുന്നു. 

28 പേരാണ് അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ ജഴ്സിയില്‍ ഇറങ്ങുക. ജാവലിന്‍ ത്രോയില്‍ എഷ്യന്‍ ജേതാവായ നീരജ് ചോപ്ര, ഡിസ്‌കസ് ത്രോയില്‍ കോമണ്‍വെല്‍ത്ത് ജേതാവായ സീമാ പൂനിയ എന്നിവരാണ് അത്‌ലറ്റിക്സിലെ സൂപ്പര്‍ താരങ്ങള്‍. മികച്ച പ്രകടനം പുറത്തെടുത്താല്‍ വനിതകളുടെ 4x400 മീറ്റര്‍ റിലേയിലും മെഡല്‍ പ്രതീക്ഷിക്കാം. മറ്റ് ട്രാക്കിനങ്ങളില്‍ ഇന്ത്യയുടെ മെഡല്‍ പ്രവചനം അത്ര എളുപ്പമല്ല.

ബാഡ്മിന്‍റനാണ് ഇന്ത്യയുടെ മറ്റൊരു കരുത്ത്. ഒളിംപിക് മെഡല്‍ ജേതാക്കളായ സൈന നെഹ്‌വാള്‍, പി.വി സിന്ധു എന്നിവര്‍ മെഡല്‍ കൊണ്ടുവരുമെന്നാണ് വിലയിരുത്തല്‍. പുരുഷ സിംഗിള്‍സില്‍ അട്ടിമറികള്‍ നടന്നില്ലെങ്കില്‍ കിഡംബി ശ്രീകാന്തും എച്ച് എസ് പ്രണോയിക്കും സാധ്യതകളേറെ. അതേസമയം മിക്‌സിഡ് ഡബിള്‍സില്‍ ഗ്ലാസ്ഗോയിലെ വീഴ്ച്ച പരിഹരിക്കാനാകും ഇന്ത്യന്‍ താരങ്ങളുടെ ശ്രമം. 

പുരുഷ ഹോക്കിയില്‍ നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍മാരായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണത്തെയും പോലെ അതിശക്തരായ ഓസ്‌ട്രേലിയ ആകും ഇന്ത്യയ്ക്ക് വെല്ലുവിളിയാവുക. ഓസീസിനെ കീഴടക്കുക എളുപ്പമാകില്ലെങ്കിലും വെള്ളി ഇന്ത്യയ്ക്ക് ഉറപ്പിക്കാം. വനിതാ ഹോക്കിയില്‍ കഴിഞ്ഞ തവണത്തെ നിരാശ മാറ്റേണ്ടതുണ്ട്. സ്‌ക്വാഷില്‍ ജോഷന ചിന്നപ്പയും ദീപിക പള്ളിക്കലും ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉറപ്പിക്കുന്നു. 

അജന്ത ശരത് കമാല നയിക്കുന്ന ടേബിള്‍ ടെന്നീസ് ടീമും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നാല്‍ ആത്ഭുതങ്ങള്‍ കാട്ടും. ഹര്‍മീത് ദേശായി, സനില്‍ ഷെട്ടി, മനിക ബത്ര എന്നിവരും പ്രതീക്ഷകളാണ്. സൈക്ലിംഗ് വനിതകളില്‍ ദെബോറാ ഹെറോള്‍ഡും അലെനാ റെജിയും മെഡല്‍ കൊണ്ടുവരാന്‍ കെല്‍പ്പുള്ള താരങ്ങള്‍ തന്നെ. അടുത്ത കാലത്തായി കാണിക്കുന്ന അത്ഭുതം ജിംനാസ്റ്റിക്കില്‍ അവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ലോകകപ്പില്‍ തിളങ്ങിയ അരുണ റെഡിയാണ് ഈ ഇനത്തിലെ പ്രതീക്ഷ‍.

ഒളിംപിക്സില്‍ കരുത്തുകാട്ടിയ ദീപാ കര്‍മാകര്‍ പരിക്കുമൂലം മത്സരിക്കാത്തത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും
 

click me!