മികച്ച ഫുട്ബോളര്‍ മെസ്സിയല്ല, ബാലണ്‍ ഡിയോര്‍ പുരസ്‌കാരം  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

By Web DeskFirst Published Dec 12, 2016, 2:22 PM IST
Highlights

ആരാധകരുടെ തര്‍ക്കങ്ങള്‍ക്ക് താത്കാലിക  പരിഹാരം കുറിച്ചാണ്  മികച്ച ഫുട്‌ബോളര്‍ക്കുളള ബാലണ്‍ഡിയോര്‍ പുരസ്‌കാരം റോണോയ്ക്ക് തന്നെയെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ലിയോണല്‍ മെസിയുടെ നിഴലില്‍ തളക്കപ്പെട്ട  പെരുമയ്ക്ക്  ഇപ്പോള്‍ അംഗീകാരം.  സമീപകാലത്തെ മിന്നും പ്രകടനങ്ങളാണ് പറങ്കിപ്പടയുടെ നായകനെ ബാലണ്‍ ഡിയോറിന് അര്‍ഹനാക്കിയത്. ക്ലബ് ഫുട്‌ബോളിലും ക്യാപ്റ്റനെന്ന നിലയില്‍ പോര്‍ച്ചുഗീസിനുവേണ്ടിയും മിന്നും പ്രകടനമാണ് ക്രിസ്റ്റ്യാനോ കാഴ്ചവച്ചത്. 

 യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയലിനെ ചാംപ്യന്മാരാക്കിയ പ്രകടനം. യൂറോ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സമ്മര്‍ദ്ദത്തിലായിരുന്ന പറങ്കിപ്പടയെ ഒത്തിണക്കത്തോടെ മുന്നോട്ട് നയിച്ചു. ഫൈനലില്‍  പരിക്കേറ്റ് വീണിട്ടും കണ്ണീരോടെ പറങ്കിപ്പടയെ  പ്രചോദിപ്പിക്കാന്‍ നായകന്‍ ഉണ്ടായി. ലാലിഗയില്‍ ഈ സീസണില്‍ റയലിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചതും റോണോ തന്നെ. 

മെസ്സിയുടെ കരുത്തില്‍ മുന്നേറുന്ന ബാഴ്‌സയെ രണ്ടാംസ്ഥാനത്ത്  പിടിച്ചുനിര്‍ത്താനും റൊണാള്‍ഡോയ്ക്കായി.  ഇത് മൂന്നാം തവണയാണ് റോണോ, ബാലണ്‍ഡിയോറില്‍ മുത്തമിടുന്നത്. നേരത്തെ  2013,14 വര്‍ഷങ്ങളിലാണ്  റൊണോ ബാലണ്‍ ഡിയോറിന് അര്‍ഹനായത്. നിലവിലെ പുരസ്‌കാര ജേതാവും, 5 തവണ ബാലണ്‍ഡിയോര്‍ തേടിയെത്തിയ ലിയോണല്‍ മെസിയെ പിന്തളളിയാണ് ഈ നേട്ടമെന്നതും ശ്രദ്ധേയം. അന്റോയ്ന്‍ ഗ്രീസ്മാന്‍,ജാമി വാര്‍ഡി എന്നിവരും പരിഗണനാ പട്ടികയിലുണ്ടായിരുന്നു. 
 

click me!