ടീമിലേക്കുള്ള മടങ്ങിവരവ്; സ്‌മിത്തിന് പിന്നാലെ വാര്‍ണര്‍ക്കും തിരിച്ചടി

By Web TeamFirst Published Jan 21, 2019, 5:22 PM IST
Highlights

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ പരുക്കേറ്റ വാര്‍ണര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഇതേ ടൂര്‍ണമെന്‍റിനിടെ സ്‌റ്റീവ് സ്‌മിത്തിനും പരുക്കേറ്റിരുന്നു. 
 

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ടീമിലേക്കുള്ള മടങ്ങിവരവിന് തയ്യാറെടുക്കുന്ന ഡേവിഡ് വാര്‍ണര്‍ക്ക് തിരിച്ചടി. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ കൈമുട്ടിന് പരുക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. പരുക്കിനെ തുടര്‍ന്ന് താരം കഴിഞ്ഞ ആഴ്‌ച നാട്ടില്‍ തിരിച്ചെത്തിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നേരിടുന്ന വിലക്ക് മാര്‍ച്ച് 29ന് അവസാനിക്കാനിരിക്കേയാണ് താരത്തെ പരുക്ക് വലയ്ക്കുന്നത്. 

വിലക്ക് നേരിടുന്ന മറ്റൊരു താരമായ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ബാംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ പരുക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്ക്  വിധേയനായ സ്‌മിത്തിന് ആറാഴ്‌ചത്തെ വിശ്രമമാണ് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ലോകകപ്പില്‍ സ്‌മിത്തുണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. എന്നാല്‍ വാര്‍ണറുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വെബ്‌സൈറ്റ് പറയുന്നത്. 

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ട മൂന്നാമന്‍ ബാന്‍ക്രോഫ്‌റ്റിന്‍റെ വിലക്ക് ഇതിനകം അവസാനിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദം അരങ്ങേറിയത്. തുടര്‍ന്ന് സ്മിത്തിനെയും വാര്‍ണറെയും 12 മാസത്തേക്കും ബാന്‍ക്രോഫ്‌റ്റിനെ ഒമ്പത് മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയായിരുന്നു. 
 

click me!