യുവിയുടെ റെക്കോര്‍ഡ് ലൂയിസിന് നഷ്ടമായത് തലനാരിഴയ്ക്ക്

By Web DeskFirst Published Aug 28, 2016, 5:06 AM IST
Highlights

ഫ്ലോറിഡ: ട്വന്റി-20 ചരിത്രത്തില്‍ ആറു പന്തിലും സിക്സറെന്ന അപൂര്‍വെ റെക്കോര്‍ഡിന് ഇതുവരെ ഇന്ത്യയുടെ യുവരാജ് സിംഗ് മാത്രമെ അവകാശിയായി ഉള്ളു. എന്നാല്‍ ഇന്നലെ 2007ലെ ആദ്യ ട്വന്റി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ആയിരുന്നു യുവിയുടെ മാസ്മരിക പ്രകടനം. അതിനുശേഷം ഒമ്പത് വര്‍ഷം പിന്നിട്ടിട്ടും ആ റെക്കോര്‍ഡ് ട്വന്റി-20യില്‍ ആരും പിന്നിട്ടില്ലില്ല. എന്നാല്‍ ഇന്നലെ വിന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസ് അതിന്റെ തൊട്ടരികിലെത്തി. നിര്‍ഭാഗ്യംകൊണ്ട് മാത്രമാണ് ലൂയിസിന് റെക്കോര്‍ഡ് കൈയകലത്തില്‍ നഷ്ടമായത്.

ആദ്യ പത്തോവറില്‍ 132 റണ്‍സെടുത്ത വിന്‍ഡീസിനെ തളയ്ക്കാന്‍ ധോണി പതിനൊന്നാം ഓവര്‍ സ്റ്റുവര്‍ട്ട് ബിന്നിയ്ക്ക് കൊടുത്തു. എന്നാല്‍ ബിന്നി സ്വപ്നത്തില്‍പോലും പ്രതീക്ഷിക്കാത്ത അടിയായിരുന്നു പിന്നീട് ലൂയിസ് പുറത്തെടുത്തത്. ആദ്യ പന്തില്‍ ബാക് ഫൂട്ടിലേക്കിറങ്ങി ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ ലൂയിസിന്റെ സിക്സര്‍. അതൊരു തുടക്കമായിരുന്നു. അടുത്ത പന്ത് സ്ട്രെയിറ്റ് ബൗണ്ടറിയില്‍ സിക്സര്‍, മൂന്നാം പന്ത് ഓഫ് സ്റ്റംപിന് പുറത്ത് വൈഡായി. വീണ്ടുമെറിഞ്ഞ പന്തില്‍ ലോംഗ് ഓണിന് മുകളിലൂടെ ലൂയിസിന്റെ സിക്സര്‍.

ഇതോടെ നാലാം പന്ത് ഓവര്‍ ദ സ്റ്റംപില്‍ ബിന്നി എറിഞ്ഞെങ്കിലും കവറിന് മുകളിലൂടെ സിക്സര്‍ പറത്തി ലൂയിസ് ഇന്ത്യന്‍ ആരാധകരുടെ ചങ്കില്‍ തീ കോരിയിട്ടു. അഞ്ചാം പന്ത് ബിന്നി ബൗണ്‍സറെറിഞ്ഞിട്ടും ലൂയിസ് വിട്ടില്ല. അതും സിക്സറിന് പറത്തി ആറു പന്തില്‍ ആറു സിക്സറെന്ന അപൂര്‍വനേട്ടത്തിനരികെ ലൂയിസ് എത്തി. നിര്‍ണായകമായ ആറാം പന്ത് ഫുള്‍ടോസായിരുന്നെങ്കിലും ലൂയിസിന് അത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്താനായില്ല. ലോംഗ് ഓണിലേക്ക് അടിച്ച് സിംഗിളെടുക്കാനെ ലൂയിസിനായുള്ളു. ബിന്നിയും ഇന്ത്യന്‍ ആരാധകരും ഒരുപോലെ ശ്വാസം വിട്ടത് അപ്പോഴാണ്.

click me!