ലോകകപ്പ് ടീം: പന്ത് പ്രതീക്ഷ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ഗംഭീര്‍

By Web TeamFirst Published Jan 22, 2019, 8:34 PM IST
Highlights

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ താരങ്ങള്‍ മത്സരിക്കുകയാണ്. ആരൊക്കെ ടീമില്‍ ഇടം നേടുമെന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. ഓസ്‌ട്രേലിയയില്‍ കളിച്ച ഇന്ത്യന്‍ ടീമിന് പുറത്ത് നിന്ന് ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവര്‍ക്ക് പോലും സാധ്യതയുണ്ട്. ഇവരിലേക്ക് അവസാനം വന്ന പേരാണ് അജിന്‍ക്യ രഹാനെയുടേത്

ദില്ലി: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ താരങ്ങള്‍ മത്സരിക്കുകയാണ്. ആരൊക്കെ ടീമില്‍ ഇടം നേടുമെന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. ഓസ്‌ട്രേലിയയില്‍ കളിച്ച ഇന്ത്യന്‍ ടീമിന് പുറത്ത് നിന്ന് ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവര്‍ക്ക് പോലും സാധ്യതയുണ്ട്. ഇവരിലേക്ക് അവസാനം വന്ന പേരാണ് അജിന്‍ക്യ രഹാനെയുടേത്. അമ്പാടി റായുഡു, ദിനേശ് കാര്‍ത്തിക് എന്നിവര്‍ വേറെയും. ഇതില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞു കേള്‍ക്കുന്ന പേരാണ് പന്തിന്റേത്. എന്നാല്‍ പന്തിന് ടീമില്‍ സ്ഥാനം നേടാന്‍ കഴിയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്. 

ഗംഭീര്‍ പറയുന്നതിങ്ങനെ... ''എനിക്ക് തോന്നുന്നില്ല ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ കയറിക്കൂടാന്‍ സാധിക്കുമെന്ന്. അവിടെ എം.എസ്. ധോണിയും ദിനേശ് കാര്‍ത്തികുമുണ്ട്. പന്ത് അവസരത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരും. ടെസ്റ്റില്‍ പന്ത് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ ധോണി, ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മാന്‍ ഓഫ് ദ സീരിസ് സ്വന്തമാക്കി തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുകയാണ്. ഒരു ഫിനിഷര്‍ എന്ന നിലയില്‍ കാര്‍ത്തികും കഴിവ് തെളിയിച്ച് കഴിഞ്ഞു. ലോകകപ്പ് അടുത്ത് നില്‍ക്കെ ഇരുവരേയും മറികടന്ന് പന്തിന് ടീമില്‍ അവസരമുണ്ടാകുമെന്ന് തോന്നുന്നില്ല. പന്ത് കാത്തിരിപ്പ് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ഗംഭീര്‍.'' 

എന്നാല്‍ പന്ത് ഇപ്പോള്‍ പുറത്തെടുക്കുന്ന പ്രകടനത്തില്‍ ഗംഭീര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 21കാരന്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാണെന്നും ഗംഭീര്‍ വ്യക്തമാക്കി. ഇന്ത്യന്‍ പേസര്‍ ജസപ്രീത് ബുംറയേയും ഗംഭീര്‍ പ്രശംസിച്ചു. ഉയര്‍ന്ന നിലവാരമുള്ള പേസറാണ് ബുംറയെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു.

click me!