പാണ്ഡ്യക്കും രാഹുലിനും തിരിച്ചടി; തിരിച്ചുവരവ് വൈകും

By Web TeamFirst Published Jan 17, 2019, 10:40 PM IST
Highlights

ഹര്‍ദിക് പാണ്ഡ്യയുടെയും കെ. എല്‍ രാഹുലിന്‍റെയും ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. പാണ്ഡ്യ- രാഹുല്‍ കേസടക്കം ബിസിസിഐയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അടുത്ത ആഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി.

ദില്ലി: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന ഹര്‍ദിക് പാണ്ഡ്യയുടെയും കെ. എല്‍ രാഹുലിന്‍റെയും ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. പാണ്ഡ്യ- രാഹുല്‍ കേസടക്കം ബിസിസിഐയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അടുത്ത ആഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഗോപാല്‍ സുബ്രമണ്യം പിന്‍മാറിയതിനെ തുടര്‍ന്ന് പി എസ് നരസിംഹയെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു.

ജസ്‌റ്റിസുമാരായ എ എം സാപ്രേ, എസ്​ എ ബോഡെയുമടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനുമെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ബിസിസിഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പാണ്ഡ്യയെയും രാഹുലിനെയും വിവാദത്തിലാക്കിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹര്‍ദിക് അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തിയെന്നായിരുന്നു കെ എല്‍ രാഹുലിന്‍റെ വെളിപ്പെടുത്തല്‍.

രൂക്ഷ വിമര്‍ശനമാണ് താരങ്ങള്‍ക്ക് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നേരിടേണ്ടി വന്നത്. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പ് താരങ്ങളെ ബിസിസിഐ നാട്ടിലേക്ക് തിരിച്ചുവിളിച്ചു. ന്യൂസീലന്‍ഡ് പര്യടനത്തിലും ഇവര്‍ക്ക് കളിക്കാനാവില്ല. കേസ് സുപ്രീംകോടതി അടുത്ത ആഴ്‌ച പരിഗണിക്കും എന്നിരിക്കേ താരങ്ങളുടെ മടങ്ങിവരവ് വൈകും.

click me!