പന്ത് ചുരണ്ടല്‍ വിവാദം; വിജയിക്കുന്നത് പ്രധാനമാണെങ്കിലും, എങ്ങനെ ജയിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം:  സച്ചിന്‍

By Web DeskFirst Published Mar 29, 2018, 6:29 AM IST
Highlights
  • ടി വി സ്‌ക്രീനില്‍ കണ്ടപ്പോള്‍ മാത്രമാണ് സംഭവം അറിഞ്ഞതെന്നും ലീമാന്‍ പറഞ്ഞു.

ദില്ലി:   പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും എതിരെയുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടി കടുത്തുപോയെന്ന് മുന്‍താരം ഷെയ്ന്‍ വോണ്‍. അതേസമയം, താരങ്ങള്‍ക്കെതിരായ നടപടി സ്വാഗതാഹമാണെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രതികരിച്ചു.

പന്തുചുരണ്ടല്‍ വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഷെയ്ന്‍ വോണ്‍ രംഗത്തെത്തിയത്. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത നടപടിയായിരുന്നു ഓസീസ് താരങ്ങളുടേത്. ഓസ്‌ട്രേലിയക്ക് ആകെ നാണക്കേടുണ്ടാക്കിയ സംഭവം ന്യായീകരിക്കാന്‍ കഴിയില്ല. എങ്കിലും സ്മിത്തിനും വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്ക് നല്‍കിയ തീരുമാനം കടുത്തുപോയി. വലിയ തുക പിഴ ഈടാക്കി ചുരുങ്ങിയ കളികളിലെ വിലക്ക് മതിയായിരുന്നുവെന്നും വോണ്‍ പറഞ്ഞു. 

ഓസ്‌ട്രേലിയന്‍ കോച്ച് ഡാരന്‍ ലീമാനും ഇതേ നിലപാട് സ്വീകരിച്ചത്. വലിയ തെറ്റാണ് സംഭവിച്ചത്. താനുള്‍പ്പടെ ആര്‍ക്കും സംഭവിക്കാവുന്ന കാര്യം. ഒറ്റ സംഭവത്തിന്റെ പേരില്‍ കളിക്കാരെ എന്നെന്നേക്കുമായി ഇല്ലാതാക്കരുത്. തെറ്റ് തിരുത്തി തിരിച്ചുവരാന്‍ അവസരം നല്‍കണം. ടി വി സ്‌ക്രീനില്‍ കണ്ടപ്പോള്‍ മാത്രമാണ് സംഭവം അറിഞ്ഞതെന്നും ലീമാന്‍ പറഞ്ഞു. ഇതേസമയം, ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്വാഗതം ചെയ്തു. 

ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണ്. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്. ക്രിക്കറ്റിന്റെ മാന്യത ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വിജയിക്കുന്നത് പ്രധാനമാണെങ്കിലും, എങ്ങനെ ജയിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനമെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
 

click me!