ഞെട്ടിക്കുന്ന തീരുമാനവുമായി ഐ.സി.സി: 104 രാജ്യങ്ങള്‍ക്ക് ടി20 പദവി

By Web DeskFirst Published Apr 26, 2018, 8:07 PM IST
Highlights
  • 2020 മുതല്‍ ഐ.പി.എല്‍ നടക്കുന്ന സമയത്ത് മറ്റു അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തില്ലെന്നും ഐസിസി

കൊല്‍ക്കത്ത: ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന തീരുമാനവുമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഐസിസി അംഗങ്ങളായ 104 രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിക്കാന്‍ ഐ.സി.സി അംഗീകാരം നല്‍കി. 

നിലവില്‍ 12 പൂര്‍ണഅംഗ രാജ്യങ്ങളും സ്‌കോട്ട്‌ലന്‍ഡ്, നെതര്‍ലെന്‍ഡ്‌സ്, ഹോങ്കോംഗ്, യുഎഇ, ഒമാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കുമാണ് ടി20 മത്സരം കളിക്കാന്‍ ഐസിസി അംഗീകാരം നല്‍കിയിട്ടുള്ളത്. ഈ നിയന്ത്രണമാണ് കൊല്‍ക്കത്തയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലെടുത്ത തീരുമാനപ്രകാരം ഐസിസി എടുത്തു കളയുന്നത്. എല്ലാ വനിതാ ടീമുകള്‍ക്കും ഈ വര്‍ഷം ജൂലൈ ഒന്ന് മുതലും പുരുഷ ടീമുകള്‍ക്ക് അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ടി20 മത്സരങ്ങള്‍ കളിക്കാമെന്ന് ഐസിസി സിഇഒ ഡേവിഡ് റിച്ചാര്‍ഡ്‌സെന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ പന്തില്‍ കൃതിമം കാണിക്കല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം പ്രവൃത്തികള്‍ കര്‍ശനമായി നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഐസിസി യോഗം തീരുമാനിച്ചു. കളിക്കാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന മോശം പെരുമാറ്റത്തിനെതിരെയും കര്‍ശന ശിക്ഷാ നടപടികള്‍ ഇനിയുണ്ടാവും. ടി20യ്ക്ക് ഐസിസി നല്‍കുന്ന പ്രാധാന്യം ഒരിക്കല്‍ കൂടി വ്യക്തമാക്കി കൊണ്ട് 2021-ല്‍ ഇന്ത്യയില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ടി20 ഫോര്‍മാറ്റില്‍ സംഘടിപ്പിക്കുമെന്നും ഐസിസി അറിയിച്ചിട്ടുണ്ട്. ടി20 ക്രിക്കറ്റ് ലീഗുകളെ പ്രൊത്സാപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020 മുതല്‍ ഐ.പി.എല്‍ നടക്കുന്ന സമയത്ത് മറ്റു അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തില്ലെന്നും ഐസിസി സിഇഒ വ്യക്തമാക്കി.
 

click me!