കോലിക്ക് ചേസിംഗ് മതി, ഇംഗ്ലണ്ടിനെ ബാറ്റിംഗിന് വിട്ട് ഇന്ത്യ

By Web DeskFirst Published Jul 12, 2018, 4:58 PM IST
Highlights
  • ട്വന്‍റി 20 പരമ്പര സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. തന്‍റെ ടീമിന്‍റെ ബാറ്റിംഗ് മികവും ഇംഗ്ലണ്ട് എത്ര സ്കോര്‍ ഉയര്‍ത്തിയാലും ലക്ഷ്യം ഭേദിക്കാമെന്ന ആത്മവിശ്വാസത്തിലുമാണ് നായകന്‍ വിരാട് കോലി ആദ്യം ബൗള്‍ ചെയ്യാമെന്ന തീരുമാനത്തില്‍ എത്തിയത്.

പരിക്കേറ്റ ഭുവനേശ്വര്‍ കുമാര്‍ ഇല്ലാതെ ഇറങ്ങുന്നത് മാത്രമാണ് ഇന്ത്യയെ അലട്ടുന്ന ഘടകം. ഭുവിയുടെ അഭാവത്തില്‍ സിദ്ധാര്‍ഥ് കൗളിന് ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിനാണ് അവസരം ഒരുങ്ങിയിരിക്കുന്നത്. ഉമേഷ് യാദവാണ് സിദ്ധാര്‍ഥിനൊപ്പം പേസര്‍മാരുടെ നിരയിലുള്ളത്. പ്രതീക്ഷിച്ചത് പോലെ തന്നെ ചഹാലും കുല്‍ദീപ് യാദവും സ്പിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കും.

ഹാര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറായി ടീമിലുണ്ട്. രോഹിത് ശര്‍മ, ശിഖര്‍ ധാവന്‍, കെ.എല്‍. രാഹുല്‍, വിരാട് കോലി, സുരേഷ് റെയ്‍ന, എം.എസ്. ധോണി എന്നിവര്‍ അണിനിരക്കുന്ന കരുത്തുറ്റ ബാറ്റിംഗില്‍ തന്നെയാണ് ഇന്ത്യയുടെ വിശ്വാസം. ട്വന്‍റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടി രോഹിത് ശര്‍മയും ഫോമിലേക്ക് ഉയര്‍ന്നതോടെ ഇംഗ്ലീഷ് നിരയ്ക്ക് വലിയ സ്കോര്‍ തന്നെ പടുത്തുയര്‍ത്തേണ്ടി വരും.

നായകന്‍ ഇയാന്‍ മോര്‍ഗന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് നിരയും ശക്തരാണ്. ജേസണ്‍ റോയ്, ബെയര്‍സ്റ്റോ, റൂട്ട്, സ്റ്റോക്സ്, ബട്ട്ലര്‍ എന്നിവരാണ് ബാറ്റിംഗ് നിരയുടെ നട്ടെല്ല്. മോയിന്‍ അലിയും, വില്ലിയും ഓള്‍റൗണ്ടര്‍മാരായി ഇടം പിടിച്ചപ്പോള്‍ പ്ലങ്കറ്റ്, റാഷിദ്, വുഡ് എന്നിവര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരെ തകര്‍ക്കാനായി നിയോഗിക്കപ്പെട്ടു. 

click me!