കുല്‍ദീപിന് മുന്നില്‍ അമ്പരന്ന് ഇംഗ്ലീഷ് പട; ആദ്യ ഏകദിനത്തില്‍ ഭേദപ്പെട്ട സ്കോര്‍

By Web deskFirst Published Jul 12, 2018, 8:25 PM IST
Highlights
  • കുല്‍ദീപിന് ആറു വിക്കറ്റ്
  • ബട്ട്ലര്‍ക്കും സ്റ്റോക്സിനും അര്‍ധ സെഞ്ച്വറി

നോട്ടിംഗ്ഹാം: കുല്‍ദീപ് എന്ന ഇന്ത്യന്‍ മാന്ത്രികന് മുന്നില്‍ അമ്പരന്ന് പോയ ഇംഗ്ലീഷ് നിരയ്ക്ക് വീണ്ടും സ്പിന്‍ ഷോക്ക്. കുല്‍ദീപിന്‍റെ വിസ്മയ പ്രകടനത്തിന് മുന്നില്‍ തകര്‍ന്നെങ്കിലും ഇന്ത്യന്‍ പേസര്‍മാരെ ശിക്ഷിച്ച ഇംഗ്ലീഷ് ആദ്യ ഏകദിനത്തില്‍ ഭേദപ്പെട്ട സ്കോറാണ് ഉയര്‍ത്തിയിരിക്കുന്നത്.  

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ പത്തു വിക്കറ്റ് നഷ്ടത്തില്‍  268 റണ്‍സ് സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി 25 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് വീണ്ടും ഹീറോയായത്. ഇംഗ്ലണ്ടിനായി ജോസ് ബട്ട്ലര്‍ 53 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ബെന്‍ സ്റ്റോക്സ് 50 റണ്‍സ് പേരിലെഴുതി.

അവസാന ഓവറില്‍ തകര്‍ത്തടിച്ച ആദില്‍ റഷീദിന്‍റെ പ്രകടനം ഇല്ലായിരുന്നെങ്കില്‍ 250 റണ്‍സ് കടക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുകയില്ലായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് നല്‍കിയത്.

ഇന്ത്യന്‍ പേസ് ആക്രമണം നയിച്ച ഉമേഷ് യാദവിനും അരങ്ങേറ്റ മത്സരം കളിച്ച സിദ്ധാര്‍ഥ് കൗളിനും ഇംഗ്ലീഷ് പടയ്ക്ക് വെല്ലുവിളി ആകാനേ സാധിച്ചില്ല. ഇതോടെ കോലി വിക്കറ്റ് വീഴ്ത്താനുള്ള ചുമതല സ്പിന്നര്‍മാരെ ഏല്‍പ്പിച്ചു. അതിന്‍റെ ഫലം കുല്‍ദീപ് യാദവിന്‍റെ ആദ്യ ഓവറില്‍ തന്നെ ലഭിച്ചു.

35 പന്തില്‍ 38 റണ്‍സുമായി കുതിക്കുകയായിരുന്ന ജേസണ്‍ റോയിയെ കുല്‍ദീപ് ഉമേഷ് യാദവിന്‍റെ കെെകളില്‍ എത്തിച്ചു. തന്‍റെ തൊട്ടടുത്ത ഓവറില്‍ ആതിഥേയര്‍ക്ക് ഇരട്ട പ്രഹരമാണ് ഇന്ത്യയുടെ ഇടം കെെ സ്പിന്നര്‍ വരുത്തിയത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇംഗ്ലണ്ടിന്‍റെ രക്ഷകനായി അവതരിച്ച ചരിത്രമുള്ള ജോ റൂട്ടിനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുരുക്കി.

അധികം ആയുസ് ബെയര്‍സ്റ്റോയ്ക്കും ഇല്ലായിരുന്നു. അതേ ഓവറിന്‍റെ അഞ്ചാം പന്തില്‍ ബെയറും വീണു. നായകന്‍ ഇയോണ്‍ മോര്‍ഗനും ബെന്‍ സ്റ്റോക്സും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ അടുത്ത അപ്രതീക്ഷിത ഷോക്ക് കൊടുത്തത് ചഹാലാണ്. എന്നാല്‍, വന്‍ അപകടത്തിലേക്ക് പോവുകയായിരുന്ന ഇംഗ്ലീഷ് പടയെ പിന്നീട് ഒത്തുചേര്‍ന്ന സ്റ്റോക്സും ജോസ് ബട്ട്ലറും ചേര്‍ന്ന് കരയകറ്റി.

ഇന്ത്യന്‍ ബൗളര്‍മാരെ കരുതലോടെ നേരിട്ട ഇരുവരും പതിയെ ആണെങ്കിലും സ്കോര്‍ ഉയര്‍ത്തി. ഈ കൂട്ടുക്കെട്ട് പൊളിക്കാനും നായകന്‍ വിരാട് കോലി നിയോഗിച്ചത് തന്‍റെ വജ്രായുധമായ കുല്‍ദീപിനെയാണ്. ഇതോടെ നിലതെറ്റിയ സ്റ്റോക്സിനെ കുല്‍ദീപ് തന്നെ വീഴ്ത്തി. എന്നാല്‍, സ്പിന്നര്‍മാര്‍ക്ക് ശേഷം വീണ്ടും പേസര്‍മാര്‍ എത്തിയതോടെ അവസാന ഓവറുകളില്‍  ഇംഗ്ലണ്ടിന്‍റെ സ്കോര്‍ ബോര്‍ഡ് ചലിച്ചു.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ആദില്‍ റാഷിദാണ് ഇംഗ്ലണ്ടിനെ കുറഞ്ഞ സ്കോറില്‍ ഒതുക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. പക്ഷേ, ഇംഗ്ലണ്ട് സ്കോര്‍ 261ല്‍ നില്‍ക്കേ 16 പന്തില്‍ 22 റണ്‍സ് അടിച്ച റഷീദിനെ ഉമേഷ് യാദവ് പുറത്താക്കി.

ഇന്ത്യക്കായി അരങ്ങേറ്റ ഏകദിനം കളിച്ച സിദ്ധാര്‍ഥിന് വിക്കറ്റുകള്‍ ഒന്നും സ്വന്തമാക്കാനായില്ല. രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 70 റണ്‍സാണ് ഉമേഷ് യാദവ് വിട്ടുകൊടുത്തത്. എങ്കിലും ഇംഗ്ലണ്ടിന്‍റെ പത്തു വിക്കറ്റുകളും കൊയ്തെടുക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്. 

click me!