ഗെയ്‌ല്‍ വെടിക്കെട്ട്; സെവാഗിന്‍റെ പ്രവചനം ഫലിച്ചു!

By Web DeskFirst Published Apr 15, 2018, 10:13 PM IST
Highlights
  • താരലേലത്തില്‍ ആരും സ്വന്തമാക്കാതിരുന്ന ഗെയ്‌ലിനെ പഞ്ചാബ് സ്വന്തമാക്കിയത് വീരുവിന്‍റെ നിര്‍ദേശത്തില്‍

മൊഹാലി: ലോക ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് വെസ്റ്റിന്‍ഡീസിന്‍റെ ക്രിസ് ഗെയ്‌ല്‍. എന്നാല്‍ ഐപിഎല്‍ പതിനൊന്നാം സീസണിലെ താരലേലത്തില്‍ ഗെയ്‌ലിനെ സ്വന്തമാക്കാന്‍ ടീമുകള്‍ അത്ര തിടുക്കം കാണിച്ചില്ല. മുപ്പത്തെട്ടുകാരനായ വെസ്റ്റിന്‍ഡീസ് താരത്തിന്‍റെ പ്രതാപകാലം കഴിഞ്ഞു എന്നായിരുന്നു ടീമുകളുടെ വിലയിരുത്തല്‍. അതോടെ ഗെയ്‌ലിനെ ഇത്തവണത്തെ ടി20 പൂരത്തില്‍ കാണാനാവില്ലെന്ന് ആരാധകര്‍ കരുതി.

ഒടുവില്‍ താരലേലത്തിന്‍റെ അവസാന ഘട്ടത്തില്‍ വെറും രണ്ട് കോടി രൂപയ്ക്ക് കൂറ്റനടിക്കാരനെ കിംഗ്സ് ഇലവന്‍ കൂടാരത്തിലെത്തിച്ചു. എന്നാല്‍ ഐപിഎല്‍ താരലേലത്തില്‍ തന്നെ കൈവിട്ട ടീമുകള്‍ക്ക് ആദ്യ മത്സരത്തില്‍ തന്നെ മറുപടി നല്‍കുകയായിരുന്നു ക്രിസ് ഗെയ്‌ല്‍. പഞ്ചാബ് ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തില്‍ തന്‍റെ പ്രതാപകാലം ഓര്‍മ്മിപ്പിച്ച് തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടാന്‍ വെസ്റ്റിന്ത്യന്‍ അതികായകനായി. 

മാര്‍ക് സ്റ്റേയ്‌ണിസിന് പകരം ടീമിലെത്തിയ താരം 22 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. എന്നാല്‍ 12-ാം ഓവറില്‍ വാട്‌സന്‍റെ പന്തില്‍ പുറത്താകുമ്പോള്‍ 33 പന്തില്‍  ഏഴ് ബൗണ്ടറിയും നാല് സിക്സുമടക്കം 63 റണ്‍സായിരുന്നു കൂറ്റനടിക്കാരന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഗെയ്‌ല്‍ താണ്ഡവത്തില്‍ 197 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. ടീമുടമ പ്രീതി സിന്‍റയോട് ഗെയ്‌ലിനെ സ്വന്തമാക്കാന്‍ ആവശ്യപ്പെട്ട വീരുവിന്‍റെ വാക്ക് ആദ്യ മത്സരത്തില്‍ തന്നെ ഫലിക്കുകയായിരുന്നു. 

click me!