ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ഐപിഎല്‍ ഇക്കുറി ദൂരദര്‍ശനിലും

By Web DeskFirst Published Apr 6, 2018, 5:05 PM IST
Highlights
  • സ്റ്റാര്‍ സ്പോര്‍ട്സിന് പുറമെ ദൂരദര്‍ശനും മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടിമുടി മാറ്റവുമായാണ് ഇക്കുറി എത്തുന്നത്. പുതിയ താരലേലവും ചെന്നൈ-രാജസ്ഥാന്‍ ടീമുകളുടെ തിരിച്ചുവരവും ഡിആര്‍എസുമെല്ലാം ഐപിഎല്ലിന്‍റെ രൂപം പൊളിച്ചെഴുതി. മത്സരങ്ങളുടെ സംപ്രേക്ഷണത്തിലും ഇക്കുറി മാറ്റമുണ്ട്. സോണി സിക്സിനു പകരം സ്റ്റാര്‍ സ്‌പോര്‍ട്സാണ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. എന്നാല്‍ സ്റ്റാര്‍ സ്പോര്‍ട്സിന് പുറമെ ദൂരദര്‍ശനിലും ഇത്തവണ മത്സരങ്ങള്‍ കാണാം എന്നതും പ്രത്യേകതയാണ്. 

ഐപിഎല്‍ ചരിത്രത്തിലാദ്യമായി മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുകയാണ് ദേശീയ ടെലിവിഷനായ ദൂരദര്‍ശന്‍. ഇതുസംബന്ധിച്ച് സ്റ്റാര്‍ സ്പോര്‍ട്സുമായി ദൂരദര്‍ശന്‍ കരാര്‍ ഒപ്പിട്ടു. എന്നാല്‍ ചില നിയന്ത്രണങ്ങളോടെയാണ് ദൂരദര്‍ശനില്‍ മത്സരം സംപ്രേക്ഷണം ചെയ്യുന്നത്. ഒരു മണിക്കൂര്‍ വൈകി എല്ലാ ഞാറാഴ്ച്ചകളിലും ഒരു മത്സരം മാത്രമാണ് സംപ്രേഷണം ചെയ്യുക. എന്നാല്‍ ‍ഞാറാഴ്ച്ചകളില്‍ രണ്ട് മത്സരങ്ങളാണ് നടക്കുക. 

സംപ്രേക്ഷണാവാകാശം പങ്കുവെക്കുന്നതിലൂടെ സ്റ്റാര്‍ സ്പോര്‍ട്സിന് അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുമാനത്തിന്‍റെ അമ്പത് ശതമാനം തുക ദൂരദര്‍ശന്‍ നല്‍കേണ്ടിവരും. അഞ്ച് വര്‍ഷത്തേക്കാണ് ഐപിഎല്‍ സംപ്രേക്ഷണാവകാശം 16347.5 കോടി രൂപയ്ക്ക് സ്റ്റാര്‍ നേടിയത്. എന്നാല്‍ കേബിള്‍ സംവിധാനം എത്താത്ത ഗ്രാമങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് മത്സരങ്ങള്‍ കാണാന്‍ ദൂരദര്‍ശന്‍റെ നീക്കം ഗൂണം ചെയ്യും. 

click me!