എട്ട് വര്‍ഷം പഴക്കമുള്ള ഐപിഎല്‍ റെക്കോര്‍ഡ് തകര്‍ത്ത് പന്ത്

By Web DeskFirst Published May 10, 2018, 10:49 PM IST
Highlights
  • തകര്‍ന്നത് 2010ല്‍ മുരളി വിജയ് സ്ഥാപിച്ച റെക്കോര്‍ഡ്

ദില്ലി: ഐപിഎല്‍ ചരിത്രത്തിലെ മികച്ച ഇന്നിംഗ്സുകളിലൊന്ന്. സണ്‍റൈസേഴ്സിനെതിരെ ഡെയര്‍ഡെവിള്‍സ് താരം റിഷഭ് പന്ത് കുറിച്ച വെടിക്കെട്ട് സെഞ്ചുറിയെ അങ്ങനെ വിശേഷിപ്പിക്കാം. ഫിറോസ് ഷാ കോട്‌ലയില്‍ പുറത്താകാതെ 63 പന്തില്‍ 15 ഫോറും ഏഴ് കൂറ്റന്‍ സിക്സുകളും സഹിതം 128 റണ്‍സെടുത്ത് റിഷഭ് പന്ത് സ്വന്തം കാണികളെ ത്രസിപ്പിക്കുകയായിരുന്നു. 

ഐപിഎല്ലില്‍ പന്തിന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കൂടിയാണിത്. ഫിറോസ് ഷാ കോട്‌ലയിലെ പന്ത് വെടിക്കെട്ടില്‍ എട്ട് വര്‍ഷം പഴക്കമുള്ള ഐപിഎല്‍ റെക്കോര്‍ഡ് വഴിമാറി. ഐപിഎല്ലില്‍ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സെഞ്ചുറിയോടെ പന്ത് അടിച്ചെടുത്തു. 2010ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 127 റണ്‍സ് നേടിയ മുരളി വിജയ്‌യുടെ റെക്കോര്‍ഡാണ് പന്തിന് മുന്നില്‍ വഴിമാറിയത്. 

ഐപിഎല്ലില്‍ 1000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും മത്സരത്തില്‍ ഈ ഇരുപതുകാരന്‍ സ്വന്തമാക്കിയിരുന്നു. പന്തിന്‍റെ കരുത്തില്‍ സണ്‍റൈസേഴ്സിനെതിരെ ഡെയര്‍ഡെവിള്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് വിക്കറ്റിന് 43 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ പന്തിന്‍റെ ഒറ്റയാള്‍ പോരാട്ടം കരകയറ്റുകയായിരുന്നു. 

click me!