പൊള്ളാര്‍ഡ് ഗര്‍ജിച്ചു; മുംബൈയ്ക്ക് മികച്ച സ്കോര്‍

By Web DeskFirst Published May 16, 2018, 10:05 PM IST
Highlights
  • പൊള്ളാര്‍ഡിനെ മത്സരത്തില്‍ ഉള്‍പ്പെടുത്തിയ രോഹിതിന്‍റെ തീരുമാനം ഫലം കണ്ടു

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 187 റണ്‍സ് വിജയലക്ഷ്യം. നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റിന് 186 റണ്‍സെടുത്തു. വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറി നേടിയ കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. മുന്‍നിരയെ പിഴുതെറിഞ്ഞ ടൈ നാല് വിക്കറ്റുമായി തിളങ്ങിയെങ്കിലും പൊള്ളാര്‍ഡ്- ക്രുണാല്‍ സഖ്യത്തിന്‍റെ മുന്നേറ്റത്തെ തടയാനായില്ല. അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

നിര്‍ണായമ മത്സരത്തില്‍ കീറോണ്‍ പൊള്ളാര്‍ഡിന് പ്ലെയിംഗ് ഇലവനില്‍ സ്ഥാനം നല്‍കിയ രോഹിത് ശര്‍മ്മയുടെ തന്ത്രം ഫലിച്ചു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മുംബൈയെ പൊള്ളാര്‍ഡ് തലയെടുപ്പോടെ ഉയര്‍ത്തെണീപ്പിച്ചു. ഒരവസരത്തില്‍ മൂന്ന് വിക്കറ്റിന് 56 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ. സൂര്യകുമാര്‍ യാദവ്(27), ലെവിസ്(9), കിഷാന്‍(20) എന്നിങ്ങനെയായിരുന്നു മുന്‍നിര താരങ്ങളുടെ സ്കോര്‍. നാലാമനായെത്തിയ നായകന്‍ രോഹിത് ശര്‍മ്മയ്ക്കും(6) തിളങ്ങാനായില്ല. 

എന്നാല്‍ ക്രീസില്‍ ഒന്നിച്ച പൊള്ളാര്‍ഡും ക്രുണാലും മുംബൈയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. 22 പന്തില്‍ നിന്ന് പൊള്ളാര്‍ഡ് അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ക്രുണാല്‍ 23 പന്തില്‍ 32 റണ്‍സെടുത്തും പൊള്ളാര്‍ഡ് 23 പന്തില്‍ 50 റണ്‍സെടുത്തും പുറത്തായി. എന്നാല്‍ പൊള്ളാര്‍ഡ് പുറത്താകുമ്പോള്‍ മുംബൈ 150 കടന്നിരുന്നു. ഹര്‍ദിക്(9), കട്ടിംഗ്(4) റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ 7 പന്തില്‍ 11 റണ്‍സെടുത്ത് മക്‌ലനാഗനും 5 പന്തില്‍ ഏഴ് റണ്‍സുമായി മര്‍കാണ്ഡെയും പുറത്താകാതെ നിന്നപ്പോള്‍ മുംബൈ 186ലെത്തി. 

click me!