ഐപിഎല്‍ റണ്‍വേട്ടയില്‍ ചരിത്രം കുറിച്ച് ധോണി

By Web DeskFirst Published May 21, 2018, 10:27 AM IST
Highlights
  • ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് അപൂര്‍വ്വ നേട്ടം

പുനെ: ഐപിഎല്‍ പതിനൊന്നാം സീസണില്‍ മിന്നും ഫോം തുടരുന്നതിനിടെ മറ്റൊരു നാഴിക്കക്കല്ലുകൂടി പിന്നിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി. ഐപിഎല്‍ ചരിത്രത്തില്‍ 4000 റണ്‍സ് പിന്നിട്ട താരങ്ങളുടെ പട്ടികയില്‍ എംഎസ്ഡി ഇടം നേടി. ഐപിഎല്ലില്‍ 4000 ക്ലബിലെത്തുന്ന ഏഴാം താരമാണ് ധോണി. ടി20യില്‍ ആറായിരം റണ്‍സ് തികച്ച ആറാം ഇന്ത്യന്‍ നേട്ടം സീസണില്‍ ധോണി നേരത്തെ സ്വന്തമാക്കിയിരുന്നു.

വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ്മ, ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. പ്ലേ ഓഫിലെ അവസാന മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായാണ് ധോണിയുടെ ചരിത്ര നേട്ടം. ഇതോടെ ഐപിഎല്ലില്‍ ചരിത്രത്തില്‍ ധോണിയുടെ റണ്‍വേട്ട 4,007ലെത്തി. സീസണില്‍ 14 മത്സരങ്ങളില്‍ 446 റണ്‍സും ധോണിയുടെ പേരിലുണ്ട്. 

ഇതില്‍ 3,433 റണ്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സ് ജഴ്സിയിലാണ് ധോണി അടിച്ചെടുത്തത്. ബാക്കി റണ്‍സ് രണ്ട് സീസണുകളിലായി റൈസിംഗ് പുനെ സൂപ്പര്‍ ജയ്‌ന്‍റ്സിനായി നേടി. വിക്കറ്റ് കീപ്പറായി 3,859 റണ്‍സും നായകനായി 3,717 റണ്‍സും ധോണി പേരിലാക്കി. ഐപിഎല്‍ റണ്‍വേട്ടയില്‍ 4,948 റണ്‍സുമായി വിരാട് കോലിയാണ് മുന്നില്‍.

4,931 റണ്‍സുമായി സുരേഷ് റെയ്‌നയും 4,493 റണ്‍സെടുത്ത് രോഹിത് ശര്‍മ്മയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പ്ലേ ഓഫില്‍ കടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ താരം ശീഖര്‍ ധവാനും(3,998) സീസണില്‍ 4000 ക്ലബിലിടം നേടാന്‍ സാധ്യതയുണ്ട്. അതേസമയം ശേഷിക്കുന്ന മത്സരങ്ങളില്‍ മികവ് കാട്ടിയാല്‍ 5000 ക്ലബിലിടം നേടുന്ന ആദ്യ താരമെന്ന നേട്ടം റെയ്‌നയ്ക്ക് അടിച്ചെടുക്കാം.

click me!