കിരീടം നിലനിര്‍ത്താന്‍ മുംബൈ; ടീം സാധ്യതകളിങ്ങനെ

By Web DeskFirst Published Apr 7, 2018, 5:58 PM IST
Highlights
  • അത്ഭുത താരം ആദ്യ മത്സരത്തില്‍ കളിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്

മുംബൈ: ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്താനാണ് ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ നയിക്കുന്ന ബാറ്റിംഗ് ലൈനപ്പും പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്‍മാരും അണിനിരക്കുന്ന ഓള്‍റൗണ്ടര്‍ വിഭാഗവും അതിശക്തമെന്ന് പറയാം. പേസര്‍മാരില്‍ ബൂംറ, മുസ്‌താഫിസര്‍, കമ്മിണ്‍സ് എന്നീ അതിവേഗക്കാരും മുംബൈയുടെ കരുത്താണ്. താരലേലത്തില്‍ 1.9 കോടി നല്‍കി സ്വന്തമാക്കിയ അണ്ടര്‍ 19 താരം രാഹുല്‍ ചഹാര്‍ കളിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

വെസ്റ്റിന്‍ഡീസിന്‍റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ എവിന്‍ ലെവിസും ഇന്ത്യന്‍ വെടിക്കെട്ട് താരം ഇഷാന്‍ കിഷനുമാകും മുംബൈയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. നായകന് രോഹിത് ശര്‍മ്മ അതിസാഹസത്തിന് മുതിരാതെ മൂന്നാമനായി ഇറങ്ങാനാണ് സാധ്യതകള്‍. ആദ്യ മൂന്ന് പേരും കൂറ്റന്‍ ഇന്നിംഗ്സുകള്‍ കളിക്കാന്‍ കഴിവുള്ളവരാണ് എന്നത് മുംബൈയ്ക്ക് കരുത്തുപകരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവിനെ നാലാമനായി ഇറക്കിയേക്കും. 

അഞ്ചാമനായി ടീമിലെ മറ്റൊരു വെസ്റ്റിന്‍ഡിസ് താരമായ കീറോണ്‍ പൊള്ളാര്‍ഡ് ടീമില്‍ സ്ഥാനം പിടിക്കും. പൊള്ളാര്‍ഡിന്‍റെ ഐപിഎല്‍ റെക്കോര്‍ഡ് മധ്യനിരയില്‍ മുംബൈയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ്. ഇന്ത്യന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പാണ്ഡ്യ സഹോദരന്‍മാരാകും പൊള്ളാര്‍ഡിന്‍റെ വെടിക്കെട്ടിന് തുടര്‍ച്ചയാവുക. പന്ത് കൊണ്ടും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ഇവര്‍ക്കാകും. മൂവര്‍ക്കും മുംബൈ ഇന്ത്യന്‍സിലുള്ള അനുഭവ പരിചയം മറ്റൊരു കരുത്ത്.

ക്രുണാല്‍ പാണ്ഡ്യയ്ക്ക് പിന്നാലെ രണ്ടാം സ്പിന്നറായി രാഹുല്‍ ചഹാറിനെ മുംബൈ ഇന്ത്യന്‍ ആദ്യ മത്സരത്തില്‍ തന്നെ കളത്തിലിറങ്ങിയേക്കും. പേസര്‍മാരില്‍ ഇന്ത്യന്‍ താരം ജസ്‌പ്രീത് ബൂംറ സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പ്. അതേസമയം മുസ്‌താഫിസര്‍, കമ്മിണ്‍സ്, മക്‌‌ലാനാഗന്‍ എന്നിവരില്‍ രണ്ടുപേരുമാകും കളിക്കുക. ആ തെരഞ്ഞെടുപ്പാകും മത്സരത്തിന് മുമ്പ് മുംബൈയ്ക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കുക.

click me!