ജാവലിന്‍ ത്രോയില്‍ ലോക റിക്കാര്‍ഡ് ഇട്ട്  ഇന്ത്യന്‍ കൗമാര താരം

By Web DeskFirst Published Jul 24, 2016, 7:45 AM IST
Highlights

ബൈഗോഷ്‌സ്: ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ കൗമാര താരം നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ ലോക റിക്കാര്‍ഡോടെ സ്വര്‍ണം നേടി. പോളണ്ടിലെ ബൈഗോഷ്‌സില്‍ നടക്കുന്ന ലോക അണ്ടര്‍ 20 അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 86.48 മീറ്റര്‍ ദൂരം നീരജിന്റെ ജാവലിന്‍ താണ്ടി. 

ആദ്യമായാണ് ഒരു ഇന്ത്യന്‍ അത്‌ലറ്റ് ലോക റിക്കാര്‍ഡ് ഭേദിക്കുന്നത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ അത്‌ലറ്റ് നേടുന്ന ആദ്യസ്വര്‍ണം കൂടിയാണിത്. ദക്ഷിണാഫ്രിക്കയുടെ ജൊഹാന്‍ ഗ്രോബ്ലറിനാണ് (80.59 മീ.) വെള്ളി. ഗ്രനഡയുടെ ആണ്ഡേഴ്‌സണ്‍ പീറ്റേഴ്‌സ് വെങ്കലം നേടി. ആദ്യ ശ്രമത്തില്‍ 79. 66 മീറ്റര്‍ ദൂരമാണ് നീരജ് എറിഞ്ഞിട്ടത്. ദക്ഷിണാഫ്രിക്കന്‍ താരം ആദ്യവട്ടം 80.59 മീറ്റര്‍ കടന്നു. 

എന്നാല്‍ നീരജിന്‍റെ രണ്ടാം ശ്രമത്തില്‍ ജാവലിന്‍ പാഞ്ഞുചെന്നത് പുതിയ ലോക റിക്കാര്‍ഡിലേക്കായിരുന്നു. ലാത്‌വിയയുടെ സിഗ്മണ്ട്‌സ് സര്‍മയിസ് 2011 ല്‍ സ്ഥാപിച്ച (84.69) റിക്കാര്‍ഡാണ് നീരജ് തിരുത്തിയത്.

click me!