അറിയപ്പെടാതെ പോയ താരങ്ങള്‍, കായിക കഥകള്‍; കായിക കേരളത്തിന്‍റെ സമഗ്ര ചരിത്രവുമായി സനിൽ പി. തോമസ്സ്

By Asianet MalayalamFirst Published Dec 20, 2020, 11:49 AM IST
Highlights

കായികകേരളത്തിന്‍റെ സമഗ്രചരിത്രവുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ സനിൽ പി. തോമസ്സ് 

കോട്ടയം: കേരളത്തിന്‍റെ കായിക പാരമ്പര്യത്തെയും ചരിത്രത്തെയും വർഷങ്ങളോളം പഠിച്ച് സമഗ്രമായ കായിക ചരിത്രം തയ്യാറാക്കിയിരിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ സനിൽ പി. തോമസ്സ്. ഇതിനോടൊപ്പം മൈതാനങ്ങളിൽ തിളങ്ങിയിട്ടും അറിയപ്പെടാതെ പോയ നൂറു കണക്കിന് താരങ്ങളെയും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1904ൽ ഒളിമ്പിക്സ് ഇനം പോലുമായിരുന്ന വടംവലിയുടെ കേരളത്തിലെ പ്രചാരകർ ആരായിരുന്നുവെന്ന് അറിയാമോ? 1980ളിൽ തടിപ്പണിക്കാരായ 15ഓളം യുവാക്കളുടെ നേത്യത്വത്തിൽ രൂപീകരിച്ച ക്ലബിലൂടെ വളർന്ന വടംവലിക്ക് തലസ്ഥാന നഗരി ദേശീയ ചാമ്പ്യൻഷിപ്പിന് വേദി ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ അപൂര്‍വ കായിക കഥകളുടെ ശേഖരമുണ്ട് സനിൽ പി. തോമസ്സിന്‍റെ പുസ്‌തകത്തില്‍. 

മലയാളി കളിച്ചും രസിച്ചും നടക്കുന്ന വിവിധ കായിക ഇനങ്ങൾ, ക്രിക്കറ്റും ഫുട്ബോളും പോലെ മലയാളി നെഞ്ചിലേറ്റിയ ഇനങ്ങൾ, പഴയ തലമുറയിലുളളവർക്ക് അധികം കേട്ട് പരിചയമില്ലാത്ത ചോക്ക് ബോളും റോളർ സ്‌പോർട്സും ഉൾപ്പടെയുള്ള കായിക ഇനങ്ങൾ, ഇവയെല്ലാം കൈരളിയുടെ മണ്ണിലെത്തിയതിന്‍റെ ആധികാരിക ചരിത്രമാണ് പുസ്‌തകം. 

28 വർഷത്തെ അന്വേഷണത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ശ്രമഫലമാണ് പുസ്‌തകരൂപത്തില്‍ പുറത്തുവന്നിരിക്കുന്നത്. എഴുതപ്പെടാത്തത് കൊണ്ട് ഓർമകളിൽ നിന്ന് മാഞ്ഞുപോയ കേരളത്തിന്‍റെ അഭിമാനമായ നൂറ് കണക്കിന് താരങ്ങളും പുസ്തകത്തിൽ ഇടംപിടിച്ചു. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രം പൂർണ്ണതയിലെത്താൻ കായിക ചരിത്രം കൂടി അനിവാര്യമാണെന്ന് പുസ്തകം പറഞ്ഞുവയ്ക്കുന്നു.

ജയം കാത്ത് ആറാം മത്സരം; ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

click me!