രാഹുലിന് രക്ഷയില്ല; തിരിച്ചുവരവ് മത്സരത്തിലും താരം നിരാശപ്പെടുത്തി

By Web TeamFirst Published Jan 27, 2019, 11:05 AM IST
Highlights

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ കെ.എല്‍ രാഹുലിന് മോശം തുടക്കം. കാര്യവട്ടത്ത് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയുടെ മൂന്നാം ഏകദിനത്തില്‍ ഓപ്പണറായെത്തിയ രാഹുലിന് 25 പന്തില്‍ നിന്ന് 13 നേടാന്‍ സാധിച്ചത്.

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ കെ.എല്‍ രാഹുലിന് മോശം തുടക്കം. കാര്യവട്ടത്ത് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയുടെ മൂന്നാം ഏകദിനത്തില്‍ ഓപ്പണറായെത്തിയ രാഹുലിന് 25 പന്തില്‍ നിന്ന് 13 നേടാന്‍ സാധിച്ചത്. അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം ഓപ്പണറായിട്ടാണ് രാഹുല്‍ ഇറങ്ങിയത്. രണ്ട് ഫോര്‍ നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും ജാമി ഓവര്‍ടോണിന്റെ പന്തില്‍ സാക് ചാപ്പലിന് ക്യാച്ച് നല്‍കി മടങ്ങി.

രാഹുല്‍ ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. 26 ഓവറുകള്‍ പിന്നിടുമ്പോള്‍ 102 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുളളത്. ഇഷാന്‍ കിഷന്‍ (25), ജയന്ത് യാദവ് (4) എന്നിവരാണ് ക്രീസില്‍. ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (0), ഹനുമ വിഹാരി (16), ശ്രേയാസ് അയ്യര്‍ (13), ക്രുനാല്‍ പാണ്ഡ്യ (21) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 

നേരിട്ട ആദ്യ പന്തില്‍ തന്നെ രഹാനെയെ ല്യൂയിസ് ഗ്രിഗറി വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ രാഹുലും. കഴിഞ്ഞ മത്സരത്തിലെ അര്‍ധ സെഞ്ചുറിക്കാരന്‍ വിഹാരിയും ഗ്രിഗറിക്ക് മുന്നില്‍ കീഴടങ്ങി. ശ്രേയാസിനെ ജാമി ഓവര്‍ടോണ്‍ മടക്കിയയച്ചപ്പോള്‍ പാണ്ഡ്യയെ മാത്യു കാര്‍ട്ടര്‍ വില്‍ ജാക്‌സിന്റെ കൈകളിലെത്തിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് മുന്നിലാണ്.

click me!