വിരാട് കൊഹ്‌ലിക്ക് ഇരട്ടസെഞ്ച്വറി; ഇന്ത്യ മികച്ച ലീഡിലേക്ക്

By Web DeskFirst Published Dec 11, 2016, 7:18 AM IST
Highlights

മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് ഇരട്ടസെഞ്ച്വറി. കരിയറിലെ മൂന്നാമത്തെ ഇരട്ടസെഞ്ച്വറിയാണ് കൊഹ്‌ലി നേടിയത്. മൂന്നു ഇരട്ടസെഞ്ച്വറികളും ഈ വര്‍ഷമാണെന്നതും ശ്രദ്ധേയമാണ്. കൊഹ്‌ലിയുടെ ഡബിളിന്റെയും ജയന്ത് യാദവ്, മുരളി വിജയ്(136) എന്നിവരുടെ സെഞ്ച്വറികളുടെയും മികവില്‍ ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടിന് 613 എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോള്‍ 213 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്‌ക്ക് ഉള്ളത്. 233 റണ്‍സെടോ വിരാട് കൊഹ്‌ലിയും റണ്‍സൊന്നുമെടുക്കാതെ ഭുവനേശ്വര്‍കുമാറുമാണ് ക്രീസില്‍. 104 റണ്‍സെടുത്ത ജയന്ത് യാദവിന്റെ വിക്കറ്റാണ് ഇന്നു ആദ്യം നഷ്‌ടമായത്. ഇംഗ്ലണ്ടിനുവേണ്ടി മൊയിന്‍ അലി, ആദില്‍ റഷിദ്, ജോ റൂട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

ഏഴിന് 451 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യയ്‌ക്കുവേണ്ടി ഇരട്ടസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കൊഹ്‌ലിയുടെയും സെഞ്ച്വറി നേടിയ ജയന്ത് യാദവിന്റെയും ബാറ്റിംഗാണ് നാലാം ദിവസത്തെ സവിശേഷത. കരിയറിലെ മൂന്നാമത്തെ ഡബിളാണ് കൊഹ്‌ലി നേടിയത്. 302 പന്തില്‍നിന്നാണ് കൊഹ്‌ലി 200 റണ്‍സ് തികച്ചത്. അപ്പോള്‍ 23 ബൗണ്ടറികളും കൊഹ്‌ലിയുടെ ഇന്നിംഗ്സിന് ചാരുതയേകിയിരുന്നു. 196 പന്തില്‍നിന്ന് 14 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് ജയന്ത് യാദവ് കന്നി സെഞ്ച്വറി നേടിയത്. ഇന്ത്യയുടെ ഒമ്പതാം നമ്പര്‍ ബാറ്റ്‌സ്‌മാന്‍ നേടുന്ന ആദ്യ സെഞ്ച്വറി എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 241 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

click me!