കോലിയുടെ വജ്രായുധം ഇന്നും പ്രതീക്ഷ തെറ്റിച്ചില്ല

By Web deskFirst Published Jul 12, 2018, 9:04 PM IST
Highlights
  • മികച്ച പ്രകടനം തുടര്‍ന്ന് കുല്‍ദീപ് യാദവ്
  • ഇംഗ്ലണ്ടിന്‍റെ ആറു വിക്കറ്റുകള്‍ പിഴുതു

നോട്ടിംഗ്ഹാം: ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ അതികായരെ വേണ്ടെന്ന് വച്ചാണ് ഇന്ത്യന്‍ നായകന്‍ കോലി കുല്‍ദീപ് യാദവിനെയും ചഹാലിനെയും പരിമിത ഓവര്‍ ക്രിക്കറ്റില്‍ തെരഞ്ഞെടുത്ത് തുടങ്ങിയത്. ആദ്യഘട്ടത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും കുല്‍ദീപ് എന്ന ഇടം കെെയ്യന്‍ അത്ഭുതങ്ങള്‍ കാണിച്ചു തുടങ്ങിയതോടെ ഇപ്പോള്‍ വീരനായകനായി മാറിയിരിക്കുകയാണ്.

ഇംഗ്ലണ്ടില്‍ നിര്‍ണായക പരമ്പര കളിക്കുന്ന ഇന്ത്യക്ക് ചില്ലറ ആശ്വാസം ഒന്നുമല്ല കുല്‍ദീപ് നല്‍കുന്നത്. ഇംഗ്ലീഷ് പരമ്പരയില്‍ ആദ്യ ട്വന്‍റി 20യില്‍ തന്നെ കുല്‍ദീപ് വരവറിയിച്ചു. പേസിനെ തുണയ്ക്കുമെന്ന ഖ്യാതിയുള്ള ഇംഗ്ലണ്ടിലെ പിച്ചില്‍ ആതിഥേയരുടെ ആറ് വിക്കറ്റുകളാണ് വെറും നാല് ഓവറില്‍ കുല്‍ദീപ് പിഴുതെടുത്തത്.

ഇപ്പോള്‍ ആദ്യ ഏകദിനത്തിലും കളിയുടെ തുടക്ക ഘട്ടത്തില്‍ അല്‍പം മങ്ങലേറ്റ ഇന്ത്യയെ തിരിച്ചു കൊണ്ടു വന്നത് കുല്‍ദീപാണ്. ഇന്ത്യന്‍ പേസ് ആക്രമണം നയിച്ച ഉമേഷ് യാദവിനും അരങ്ങേറ്റ മത്സരം കളിച്ച സിദ്ധാര്‍ഥ് കൗളിനും ഇംഗ്ലീഷ് പടയ്ക്ക് വെല്ലുവിളി ആകാനേ സാധിക്കാതിരുന്നതോടെ കോലി തന്‍റെ വിശ്വസ്തന് പന്ത് കെെമാറി.

അതിന്‍റെ ഫലം കുല്‍ദീപ് യാദവിന്‍റെ ആദ്യ ഓവറില്‍ തന്നെ ലഭിച്ചു. 35 പന്തില്‍ 38 റണ്‍സുമായി കുതിക്കുകയായിരുന്ന ജേസണ്‍ റോയിയെ കുല്‍ദീപ് ഉമേഷ് യാദവിന്‍റെ കെെകളില്‍ എത്തിച്ചു. തന്‍റെ തൊട്ടടുത്ത ഓവറില്‍ ആതിഥേയര്‍ക്ക് ഇരട്ട പ്രഹരമാണ് ഇന്ത്യയുടെ ഇടം കെെ സ്പിന്നര്‍ വരുത്തിയത്.

പ്രതിസന്ധി ഘട്ടങ്ങളില്‍ ഇംഗ്ലണ്ടിന്‍റെ രക്ഷകനായി അവതരിച്ച ചരിത്രമുള്ള ജോ റൂട്ടിനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുരുക്കി. അധികം ആയുസ് ബെയര്‍സ്റ്റോയ്ക്കും ഇല്ലായിരുന്നു. അതേ ഓവറിന്‍റെ അഞ്ചാം പന്തില്‍ ബെയറും വീണു. പിന്നീട് നിലയുറപ്പിച്ച ബെന്‍ സ്റ്റോക്സിനെയും ജോസ് ബട്ട്ലറിനെയും കളത്തിനു പുറത്തേക്ക് പറഞ്ഞ് വിടാനും കുല്‍ദീപ് വേണ്ടി വന്നു. അവസാനം വില്ലിയെയും പുറത്താക്കി കുല്‍ദീപ് കളിയില്‍ ആറു വിക്കറ്റുകള്‍ തികച്ചു. 

click me!