ഫുട്ബോളിലെപ്പോലെ ക്രിക്കറ്റിലും റെഡ് കാര്‍ഡ് വരുന്നു ?

By Web DeskFirst Published Dec 7, 2016, 12:42 PM IST
Highlights

മുംബൈ: അപകടകരമായ ഫൗളിനും മോശം പെരുമാറ്റത്തിനും ഫുട്ബോളില്‍ കളിക്കാര്‍ക്ക് നല്‍കുന്ന മാര്‍ച്ചിംഗ് ഓര്‍ഡറായ റെഡ് കാര്‍ഡ് ക്രിക്കറ്റിലും വരുമോ. മുംബൈയില്‍ ചേര്‍ന്ന എംസിസി (മേരീബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്)യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശമുയര്‍ന്നത്. റെഡ് കാര്‍ഡ് ഉള്‍പ്പെടെ ക്രിക്കറ്റിലെ നിലവിലെ നിയമങ്ങളില്‍ പല മാറ്റങ്ങളും യോഗത്തില്‍ ഉയര്‍ന്നു. മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്ക് ബിയര്‍ലി അധ്യക്ഷനായ എംസിസി കമ്മിറ്റി യോഗത്തില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്, ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര, ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി എന്നിവര്‍ പങ്കെടുത്തു.

യോഗത്തില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശങ്ങള്‍: ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് ഫുട്ബോളിലെന്നപോലെ കളിക്കാര്‍ക്ക് റെഡ് കാര്‍ഡ് നല്‍കുക. അമ്പയറെ ഭീഷണിപ്പെടുത്തുക, അമ്പയര്‍/കളിക്കാര്‍/കാണികള്‍ എന്നിവരെ ശാരീരികമായി ആക്രമിക്കുക, മറ്റ് ആക്രമണോത്സുക പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് റെഡ് കാര്‍ഡ് നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. റെഡ് കാര്‍ഡ് ലഭിച്ച കളിക്കാരന്‍ ഉടന്‍ ഗ്രൗണ്ട് വിട്ട് പോവണം. റെഡ് കാര്‍ഡ് ലഭിച്ച കളിക്കാരന്റെ ടീം പിന്നീട് 10 പേരുമായി കളിക്കേണ്ടിവരും. നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ 2017 ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പിലാവും.

ബാറ്റിന്റെ എഡ്ജുകളുടെ വലിപ്പം 40 ഉം 67 മില്ലി മീറ്ററായി പരിമിതിപ്പെടുത്തുക എന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. പന്ത് ചുരുണ്ടല്‍ നിയമത്തില്‍ മാറ്റം വരുത്തേണ്ടെന്നും യോഗം തീരുമാനിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടത്തുക എന്നതാണ് മറ്റൊരു നിര്‍ദേശം. ഒളിമ്പിക്സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താനുള്ള ശ്രമം പുനരാരംഭിക്കുക എന്നിവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.

click me!