ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ഹര്‍മന്‍ പ്രീത് പക്വതയില്ലാത്ത ക്യാപ്റ്റനെന്ന് മിതാലിയുടെ മാനേജര്‍

By Web TeamFirst Published Nov 24, 2018, 9:08 AM IST
Highlights

വനിതാ ട്വന്‍റി 20 ലോകകപ്പ് സെമി ഫൈനലിൽ സീനിയർ താരം മിതാലി രാജിനെ ഒഴിവാക്കിയത് വിവാദമാവുന്നു. മിതാലിയെ കളിപ്പിക്കാതിരുന്നത് ടീം തീരുമാനമാണെന്ന് പറഞ്ഞ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്

ദില്ലി: വനിതാ ട്വന്‍റി 20 ലോകകപ്പ് സെമി ഫൈനലിൽ സീനിയർ താരം മിതാലി രാജിനെ ഒഴിവാക്കിയത് വിവാദമാവുന്നു. മിതാലിയെ കളിപ്പിക്കാതിരുന്നത് ടീം തീരുമാനമാണെന്ന് പറഞ്ഞ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പക്വതയില്ലാത്ത ഹർമൻപ്രീത് ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാവാൻ യോഗ്യയല്ലെന്ന് മിതാലിയുടെ
മാനേജർ അനീഷ ഗുപ്ത പറഞ്ഞു. കമന്‍റേറ്റർമാരായ സഞ്ജയ് മഞ്ചരേക്കറും നാസർ ഹുസൈനും മിതാലിയെ ഒഴിവാക്കിയതിനെ നേരത്തെ വിമ‍ർശിച്ചിരുന്നു. നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 112 റൺസിന് പുറത്തായ ഇന്ത്യ എട്ട് വിക്കറ്റിനാണ് തോറ്റത്.

പരിക്കുകളോ ഫോം ഇല്ലായ്മയോ മിതാലിയെ അലട്ടിയിരുന്നില്ല. അതിനാല്‍ തന്നെ മിതാലിയെ മാറ്റി നിര്‍ത്തിയതിനെതിരെ മിതാലിയുടെ മാനേജര്‍ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. കാര്യങ്ങളെ വളച്ചൊടിക്കുന്ന ടീമിന് യോജിക്കാത്ത ക്യാപറ്റനാണ് ഹര്‍മന്‍ പ്രീത് എന്നാണ് മിതാലിയുടെ മാനേജര്‍ മല്‍സരത്തിന് ശേഷം ഹര്‍മന്‍ പ്രീതിനെ വിശേഷിപ്പിച്ചത്. ഹര്‍മന്‍ പ്രീതിനെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശം മിതാലിയുടെ മാനേജര്‍ അനീഷാ ഗുപ്ത നീക്കം ചെയ്തതിന് പിന്നാലെ അനീഷയുടെ ട്വിറ്റര്‍ അക്കൗണ്ടും ഡിലീറ്റ് ചെയ്തു. ഇംഗ്ലണ്ടിനെതിരെ റണ്‍സ് എടുക്കാന്‍ ഇന്ത്യയുടെ വനിതാ താരങ്ങള്‍ പരാജയപ്പെട്ടിരുന്നു. രണ്ടക്കമുള്ള രണ്‍സ് നേടാന്‍ സാധിച്ചത് വെറും നാല് പേര്‍ക്ക് മാത്രമായിരുന്നു. 34 റണ്‍സോടെ സ്മൃതി മന്ഥാനയും 26റണ്‍സ് നേടിയ ജെമീമാ റോഡ്രിഗസും മാത്രമാണ് ചെറിയ ഒരു ചെറുത്ത് നില്‍പ്പെങ്കിലും കാണിച്ചത്.

സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ സീനിയര്‍ താരം മിതാലി രാജിനെ ഒഴിവാക്കിയതില്‍ ദു:ഖമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മര്‍പ്രീത് കൗര്‍ നേരത്തെ പ്രതികരിച്ചിരുനനു. ഇന്ത്യക്കായി ട്വന്റി-20യില്‍ ഏറ്റവു കൂടുതല്‍ റണ്‍സ് നേടിയ താരമായ മിതാലി രാജിനെ ഇംഗ്ലണ്ടിനെതിരെ റിസര്‍വ് ബെഞ്ചിലിരുത്തിയതിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതികരണം. എന്നാല്‍ മിതാലിയെ കളിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത് ടീമിനു വേണ്ടിയാണെന്നും ചിലപ്പോള്‍ അത് ശരിയാകും ചിലപ്പോള്‍ പാളിപ്പോകാമെന്നും മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ ഹര്‍മന്‍പ്രീത് പറഞ്ഞു. അതുകൊണ്ടുതന്നെ മിതാലിയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ ദു:ഖമില്ലെന്നുമായിരുന്നു ഹര്‍മന്‍ പ്രീതിന്റെ പ്രതികരണം.

click me!