റിങ്ങിനകത്തും പുറത്തും പോരാടിയ ചാമ്പ്യന്‍

By Web DeskFirst Published Jun 4, 2016, 2:42 AM IST
Highlights

ബോക്‌സിംഗ് ചക്രവര്‍ത്തി എന്ന വിശേഷണം ലോകം നല്‍കിയ ഒരേയൊരു താരമാണ് മരണത്തിന് കീഴടങ്ങിയത്. കറുത്തവര്‍ഗ്ഗക്കാരുടെ അവകാശപ്പോരാട്ടങ്ങളുടെ നായകനായും ലോകം അലിയെ  വാഴ്ത്തി.

മുഹമ്മദ് അലി. ലോക കായിക ചരിത്രത്തില്‍ പകരക്കാരനില്ലാത്ത ഇതിഹാസം. ഇടിക്കൂട്ടിലെ കരുത്തുകൊണ്ടു മാത്രമല്ല, വര്‍ണവെറിക്കെതിരായ രാഷ്‌ട്രീയ നിലപാടുകളിലൂടെയും അതുല്യന്‍. 1942 ജൂണ്‍ 17ന് ജനനം.  പന്ത്രണ്ടാം വയസ്സില്‍ ബോക്‌സിംഗ് റിംഗില്‍. 18 വയസ്സ് ആയപ്പോഴേക്കും 108 അമേച്വര്‍ ബോക്‌സിംഗ് മല്‍സരങ്ങളില്‍ പങ്കെടുത്തു. 1960ലെ റോം ഒളിംപിക്‌സില്‍,  സ്വര്‍ണം നേടിയതോടെ  19കാരനായ കാഷ്യസ്  ക്ലേ ലോകശ്രദ്ധയിലേക്ക്. 22ആം വയസ്സില്‍ അമേരിക്കയിലെ വര്‍ണവിവേചനത്തിനെതിരെ  പ്രതിഷേധിച്ചത് ഒളിന്പിക്സ് സ്വര്‍ണ്ണമെഡല്‍ ഓഹിയോ നദിയിലേക്കെറിഞ്ഞായിരുന്നു. പ്രതിഷേധത്തിന്റെ അടുത്തഘട്ടം, 1963ല്‍ ഇസ്‌ലാം മതം സ്വീകരിച്ച്, കാഷ്യസ് ക്ലേ, മുഹമ്മദ് അലിയായി. കാഷിയസ് ക്ലേ അടിമപേരാണ്.‍ ഞാന്‍ തെരഞ്ഞെടുത്തതല്ല,എനിക്കത് വേണ്ട. ഞാന്‍ മുഹമ്മദ് അലി; സ്വതന്ത്ര നാമം. എന്നെ അങ്ങനെ വിളിച്ചാല്‍ മതി എന്നായിരുന്നു പേരുമാറ്റത്തേക്കുറിച്ചുള്ള അലിയുടെ വിശദീകരണം. രണ്ട് കറുത്തവര്‍ പരസ്‌പരം ഇടിച്ചു മറിയുന്നത് ധാരാളം വെള്ളക്കാര്‍ ആസ്വദിക്കുന്നതാണ് ബോക്‌സിംഗ് എന്ന അലിയുടെ പ്രസ്താവന ലോകം മുഴുവന്‍ ചര്‍ച്ചയായി. 1964ല്‍ സോണി ലിസ്റ്റണെ അട്ടിമറിച്ച് മുഹമ്മദ് അലി ലോകകിരീടം സ്വന്തമാക്കി. ചിത്രശലഭത്തെ പോലെ പാറിനടന്ന് തേനീച്ചയെ പ്പോലെ കുത്തുമെന്ന് അന്ന് ഇടിക്കൂട്ടില്‍ അലി പാടിയത് ആരാധകര്‍ ഏറ്റുപാടി.  1967 ല്‍ വിയറ്റ്‌നാം യുദ്ധസമയത്ത്  അമേരിക്കന്‍ സൈന്യത്തില്‍ ‍ സേവനം ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ലോകകിരീടം നഷ്‌ടമായ ക്ലേ , റിംഗില്‍ നിന്ന് മൂന്നുവര്‍ഷം വിലക്കും നേരിട്ടു. 1974 ഒക്‌ടോബര്‍ 30ന് അലി വീണ്ടും ലോകചാംപ്യന്‍ ആയി. ജോ ഫ്രേസിയറിനെ തോല്‍പിച്ച ആ മത്സരത്തെ കാടന്‍ പോരാട്ടമെന്നാണ് അന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. മുപ്പത്തി എട്ടാം  വയസ്സില്‍ ട്രെവര്‍ ബെര്‍ബിക്കിനോടേറ്റ തോല്‍വിയോടെ  1980ലാണ് അലി തന്റെ ബോക്‌സിംഗ് കരിയര്‍ അവസാനിപ്പിച്ചത്.

തൊട്ടടുത്ത വര്‍ഷം മുതല്‍  പാര്‍ക്കിന്‍സണ്‍സ് രോഗവുമായി മല്ലിടുകയായിരുന്നു അലി. ഇടിക്കൂട്ടില്‍ ഞാന്‍ ഒരാളെയാണ് നേരിടുന്നത്.പക്ഷേ എന്റെ പോരാട്ടം നിരവധി പേരോടാണ്, അവര്‍ക്ക് എന്നെ തോല്‍പ്പിക്കാനാകില്ല. എന്റെ ലക്ഷ്യം മൂന്നുകോടി കറുത്തവരുടെ മോചനമാണ്, ഇങ്ങനെ പോകുന്നു രോഗകാലത്തെ അലിയുടെ വാക്കുകള്‍.  2005ല്‍   സ്വാതന്ത്ര്യപോരാട്ടങ്ങളുടെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പുരസ്കാരവും അലിയെ   തേടിയെത്തി. നാലുതവണ വിവാഹിതനായ  അലിക്ക് ഒന്പത് മക്കള്‍.  മകള്‍ ലൈല മാത്രമാണ്  ബോക്‌സിംഗ് വഴിയിലെ ഏക പിന്‍മുറക്കാരി .പാര്‍ക്കിന്‍സണ്‍സ് രോഗം പൂര്‍ണമായും കീഴടക്കിയപ്പോഴും തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു അലിയെന്ന പോരാളിക്ക്. 1996ല്‍ ഒളിംപിക്‌സ് അമേരിക്കയിലെത്തിയപ്പോള്‍ ദീപശിഖ തെളിക്കാന്‍ അലിയല്ലാതെ മറ്റൊരാളില്ലായിരുന്നു. വിറയ്‌ക്കുന്ന കൈകളോടെ വേദിയിലെത്തിയ അലി  ലോക കായിക ചരിത്രത്തിലെ കണ്ണുനിറയ്‌ക്കുന്ന കാഴ്ചയായി.


അവസാനശ്വാസം വരെ നിലപാടുകളിലുറച്ചുനിന്ന പോരാളിയായിരുന്നു അലി. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിനെതിരെ നടത്തിയ പ്രതികരണം ഇതിന് തെളിവാണ്. വ്യക്തിപരമായ നേട്ടത്തിന് ഇസ്ളാമിനെ ഉപയോഗിക്കുന്നവര്‍ക്കെതിരെ മുസ്ലീങ്ങള്‍ അണി ചേരണമെന്നായിരുന്നു അലിയുടെ അവസാന ആഹ്വാനം. കായിക ചക്രവര്‍ത്തിക്ക് വിട.

click me!