'ഈ ടീം ഏത് കൊമ്പന്‍മാരെയും തകര്‍ക്കും'; ഷമിക്കും പ്രത്യേക പ്രശംസയുമായി കോലി

By Web TeamFirst Published Jan 23, 2019, 8:03 PM IST
Highlights

പേസര്‍ മുഹമ്മദ് ഷമിയെ പ്രശംസിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഈ പേസ് നിരയ്ക്ക് ലോകത്തെ ഏത് ടീമിനെയും തോല്‍പിക്കാനുള്ള കരുത്തുണ്ടെന്നും കോലി പറയുന്നു.

നേപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ പേസര്‍ മുഹമ്മദ് ഷമിയെ പ്രശംസിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഈ പേസ് നിരയ്ക്ക് ലോകത്തെ ഏത് ടീമിനെയും തോല്‍പിക്കാനുള്ള കരുത്തുണ്ട്. ഷമി കരിയറിലെ ഏറ്റവും മികച്ച ഫിറ്റ്‌നസ് ലെവലിലാണുള്ളത്. അദേഹത്തിന് ടെസ്റ്റിലെ ഫോം ഏകദിനത്തിലും കാഴ്‌ചവെക്കാന്‍ കഴിഞ്ഞതായും മത്സരശേഷം കോലി പറഞ്ഞു.

ആറ് ഓവറില്‍ വെറും 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍(ഗുപ്റ്റില്‍, മണ്‍റോ, സാന്റ്‌നര്‍) ഷമി പിഴുതു. രണ്ട് മെയ്‌ഡന്‍ ഓവറുകള്‍ അടക്കമായിരുന്നു ഷമിയുടെ കിവി വേട്ട. ഗുപ്റ്റിലിനെ പുറത്താക്കി വേഗത്തില്‍ 100 ഏകദിന വിക്കറ്റ് തിയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലുമെത്തി ഷമി. 56 മത്സരങ്ങളില്‍ നിന്നാണ് ഷമി മൂന്നക്കത്തിലെത്തിയത്. 59 ഏകദിനങ്ങളില്‍ 100 വിക്കറ്റ് തികച്ച ഇര്‍ഫാന്‍ പത്താന്റെ പേരിലായിരുന്നു ഇതിന് മുന്‍പത്തെ ഇന്ത്യന്‍ റെക്കോര്‍ഡ്.

ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന് വിജയിച്ചു. നേപ്പിയറില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 157 റണ്‍സ് ഇന്ത്യ 34.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍ 74 റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റും മുഹമ്മദ് ഷമിയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 64 റണ്‍സെടുത്ത വില്യംസനാണ് കിവീസ് ടോപ് സ്‌കോറര്‍.

click me!