ഐപിഎല്‍ വാതുവെപ്പ്; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉടന്‍

By Web DeskFirst Published Mar 27, 2018, 11:08 PM IST
Highlights
  • ബോറിയ മജുംദാറിന്‍റെ പുതിയ പുസ്തകത്തില്‍ വാതുവെപ്പിനെ കുറിച്ച് വെളിപ്പെടുത്തലുകള്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സംഭവമാണ് മലയാളി താരം എസ് ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെപ്പ് കേസ്. 2013 ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരശേഷം മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ മുംബൈ പൊലിസ് കസ്റ്റഡിലെടുത്തതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. 

രാജസ്ഥാന്‍ താരങ്ങളായ എസ് ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നിവരാണ് അന്ന് പിടിയിലായത്. കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളെ പിന്നീട് ദില്ലി പട്യാല ഹൗസ് കോടതി കുറ്റവിമുക്തരാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇതോടെ വാതുവയ്‌പ് കേസ് വീണ്ടും ചര്‍ച്ചയായി. 

പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ബോറിയ മജുംദാറിന്‍റെ പുതിയ പുസ്തകത്തില്‍ വാതുവെപ്പ് കേസിനെ കുറിച്ച് കൂടുതല്‍  വെളിപ്പെടുത്തലുകളുണ്ടായേക്കും. ഏപ്രില്‍ ആറിനാണ് 'ഇലവന്‍ ഗോഡ്‌സ് ആന്‍ഡ് എ ബില്യണ്‍ ഇന്ത്യന്‍സ്' എന്ന പുസ്തകം പുറത്തിറങ്ങുന്നത്. സംഭവത്തെ കുറിച്ച് രാജസ്ഥാന്‍ റോയല്‍സ് സിഇഒ രഘു അയ്യറിന്‍റെ വെളിപ്പെടുത്തലുകള്‍ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

പുസ്തകത്തിലെ 'സ്‌കൈ ഫാള്‍' എന്ന അധ്യായത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. മെയ് 16ന് ഒബ്റോയ് ഹോട്ടലില്‍ താമസിക്കവേ പുലര്‍ച്ചെ 5.30ന് ഡ്യൂട്ടി മാനേജറുടെ ഫോണ്‍ ലഭിച്ചു. മുംബൈ പൊലിസിലെ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഉള്‍പ്പെടുന്ന വന്‍ അന്വേഷണ സംഘം താഴത്തെ നിലയില്‍ കാത്തുനില്‍ക്കുന്നതായി അറിയിച്ചു. തന്നെ പറ്റിക്കാന്‍ വേണ്ടിയുള്ള തമാശയാണ് ഇതെന്നാണ് ആദ്യം കരുതിയത്. 

തന്നോട് വിശദമായി കാര്യങ്ങള്‍ സംസാരിച്ച ശേഷം അറസ്റ്റ് ചെയ്യാന്‍ അങ്കിത് ചവാന്‍റെ റൂമിലേക്ക് പോകുന്നതായി അറിയിച്ചു. എന്നാല്‍ എട്ട് മണിയോടെ നായകന്‍ രാഹുല്‍ ദ്രാവിഡിനെ വിവരമറിച്ചപ്പോള്‍ അദേഹത്തിന് വിശ്വസിക്കാനായില്ലെന്നും രഘു അയ്യര്‍ പറയുന്നു. ദേശീയ മാധ്യമങ്ങളാണ് പുസ്തകത്തിന്‍റെ ഉള്ളടക്കത്തെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവിട്ടത്. 

click me!