സെഞ്ചുറിക്കരികെ രോഹിത് പുറത്ത്; പതറാതെ ഇന്ത്യ മുന്നോട്ട്

By Web TeamFirst Published Jan 26, 2019, 9:56 AM IST
Highlights

സെഞ്ചുറിക്കരികെ രോഹിത് ശര്‍മ്മയെയും ശിഖര്‍ ധവാനെയും പുറത്താക്കി ന്യൂസീലന്‍ഡ് തിരിച്ചുവരവ്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്‌ത്താന്‍ 154 റണ്‍സ് വരെ കിവികള്‍ക്ക് കാത്തിരിക്കേണ്ടിവന്നു.

ബേ ഓവല്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറിക്കരികെ രോഹിത് ശര്‍മ്മയെയും ശിഖര്‍ ധവാനെയും പുറത്താക്കി ന്യൂസീലന്‍ഡ് തിരിച്ചുവരവ്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്‌ത്താന്‍ 154 റണ്‍സ് വരെ കിവികള്‍ക്ക് കാത്തിരിക്കേണ്ടിവന്നു. കരുതലോടെ തുടങ്ങി കിവി ബൗളര്‍മാരെ അടിച്ചുപറത്തുകയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാര്‍.

ധവാന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ബോള്‍ട്ടിന്‍റെ 26-ാം ഓവറിലെ രണ്ടാം പന്തില്‍ ധവാന്‍(67 പന്തില്‍ 66) ലഥാമിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. സെഞ്ചുറിയിലേക്ക് നീങ്ങവെ രോഹിതിനെ 87ല്‍ നില്‍ക്കേ ഫെര്‍ഗുസന്‍ മടക്കി. ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഹിറ്റ്‌മാന്‍ ഷോ. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലിയും(22) റായുഡുവും(13) നയിക്കുമ്പോള്‍ ഇന്ത്യ 34 ഓവറില്‍ രണ്ട് വിക്കറ്റിന് 196 റണ്‍സെന്ന ശക്തമായ നിലയിലാണ്. 

ബേ ഓവലില്‍ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കരുതലോടെ തുടങ്ങുകയായിരുന്നു. 18-ാം ഓവറിലെ അവസാന പന്തില്‍ ഫെര്‍ഗൂസനെ സിക്‌സറടിച്ചാണ് ഹിറ്റ്മാന്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. രോഹിതിന്‍റെ 38-ാം ഏകദിന അര്‍ദ്ധ സെഞ്ചുറിയാണിത്. ഗ്രാന്‍ഡ്‌ഹോമിനെ 21-ാം ഓവറില്‍ ഡബിളെടുത്ത് ധവാന്‍ 27-ാം അര്‍ദ്ധ സെഞ്ചുറിയിലെത്തി.

പതിനാലാം തവണയാണ് ഇരുവരും നൂറിലേറെ റണ്‍സ് കൂട്ടുകെട്ട് സ്ഥാപിക്കുന്നത്. നേപ്പിയറിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ന്യൂസീലന്‍ഡ് രണ്ട് മാറ്റങ്ങള്‍ വരുത്തി. സാന്‍റ്‌നര്‍ക്ക് പകരം ഇഷ് സോധിയും ടീം സൗത്തിക്ക് പകരം കോളിന്‍ ഗ്രാന്‍ഡ്‌ഹോമും ടീമിലെത്തി.

 

click me!